ന്യൂഡല്‍ഹി:നരേന്ദ്ര മോദി സര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസും തമ്മില്‍ വീണ്ടും കൊമ്പുകോര്‍ക്കുവാന്‍ വേദി ഒരുക്കി പുതിയ പാര്‍ലമെന്‍റ് സമ്മേളനം. വരാനിരിക്കുന്ന വര്‍ഷകാല സമ്മേളനത്തില്‍ അദാനി വിഷയത്തില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതി(ജെപിസി) രൂപീകരിക്കണം എന്നതാണ് കോണ്‍ഗ്രസിന്‍റേയും മറ്റ് അനുകൂല പാര്‍ട്ടികളുടേയും ആവശ്യം. കഴിഞ്ഞ പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തില്‍ സമാന വിഷയത്തില്‍ മോദി സര്‍ക്കാരിന്‍റെ വായ മൂടി കെട്ടാന്‍ കോണ്‍ഗ്രസും സമാന ചിന്താഗതിക്കാരായ 19 പ്രതിപക്ഷ പാര്‍ട്ടികളും ശ്രമിച്ചിരുന്നു.
ലോക്‌സഭയിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം നീക്കം ചെയ്‌തു: ഇതേ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നരേന്ദ്ര മോദിയ്‌ക്കെതിരെ അഞ്ഞടിച്ചിരുന്നു. എന്നാല്‍, ലോകസഭ റെക്കോര്‍ഡുകളില്‍ നിന്ന് അദ്ദേഹത്തിന്‍റ പ്രസംഗം നീക്കം ചെയ്‌തിരുന്നു. പ്രധാന മന്ത്രിയോടുള്ള രാഹുലിന്‍റെ കടുത്ത ചോദ്യങ്ങളാണ് 2019ലെ മോദി അപകീര്‍ത്തി കേസില്‍ രാഹുലിനെ കുറ്റക്കാരനാക്കി സൂറത്ത് കോടതി രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയ്‌ക്ക് വിധിച്ചതും ലോക്‌സഭ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയതുമെന്ന് കോണ്‍ഗ്രസ് പറയുന്നു.
മാര്‍ച്ച് 23ന് കോടതി വിധി വന്നതിനെ തുടര്‍ന്ന് മാര്‍ച്ച് 24ന് തന്നെ രാഹുലിനെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയതും ബിജെപിയുടെ പ്രതികാര രാഷ്‌ട്രീയത്തെയാണ് പ്രകടമാക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 'അദാനി വിഷയത്തില്‍ ജെപിസി അന്വേഷണമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഇതേ ആവശ്യമാണ് ഉന്നയിക്കുന്നത്'.
'മോദാനി'യുടെ പ്രശ്‌നമെന്ന് കോണ്‍ഗ്രസ്:'യഥാര്‍ഥത്തില്‍ ഇത് അദാനി ഗ്രൂപ്പിനെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. ഇത് 'മോദാനിയുടെ' പ്രശ്‌നമാണ്. പ്രധാനമന്ത്രി തന്‍റെ സുഹൃത്തായ ഗൗതം അദാനിയെ അനുകൂലിക്കുകയാണ്. പ്രധാന മന്ത്രിയു അദാനി ഗ്രൂപ്പും തമ്മിലുള്ള ബന്ധം ജെപിസിയ്‌ക്ക് മാത്രമെ അന്വേഷിക്കാന്‍ സാധിക്കുകയുള്ളുവെന്ന്' കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍ ഇന്‍ചാര്‍ജ് ജയ്‌റാം രമേശ് പറഞ്ഞു.
വരാനിരിക്കുന്ന സമ്മേളനം പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലാണ് ചേരുന്നതെങ്കിലും വിഷയം പഴയതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 'അദാനി ഗ്രൂപ്പിന് മോദി സര്‍ക്കാര്‍ അനുവദിച്ച ആനൂകൂല്യങ്ങളാണ് പാര്‍ട്ടി ഉയര്‍ത്തിക്കാണിക്കുന്നതെന്നും 'ഹം അദാനി കെ ഹെ കോന്‍ ' പരമ്പരയ്‌ക്ക് കീഴില്‍ 100 ചോദ്യങ്ങളാണ് പാര്‍ട്ടി ചോദിച്ചതെന്നും' അദ്ദേഹം അറിയിച്ചു.
സ്വകാര്യവ്യവസായിക്ക് അനുകൂലമായി കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ വളച്ചൊടിച്ചതിന്‍റെ വിവിധ സംഭവങ്ങളുടെ പട്ടിക ഉള്‍ക്കൊള്ളുന്ന ലഘുലേഖ പാര്‍ട്ടി ഇന്ന് പുറത്തിറക്കിയിരുന്നു. അദാനി വിഷയത്തില്‍ കഴിഞ്ഞ ഫെബ്രുവരി മാസം മുതല്‍ ഞങ്ങള്‍ 100 ചോദ്യങ്ങളാണ് പ്രധാന മന്ത്രിയോട് ചോദിച്ചത്. എന്നാല്‍ ഒരു ചോദ്യത്തിന് പോലും ഉത്തരം നല്‍കാന്‍ പ്രധാന മന്ത്രി തയ്യാറായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തില്‍ പ്രധാന മന്ത്രി മൗനം വെടിയണമെന്നാണ് ഞങ്ങളുടെ ആവശ്യം. ബിജെപിയില്‍ നിന്ന് തന്നെ ഭൂരിപക്ഷം അംഗങ്ങളുള്ള ജെപിസി രൂപീകരിക്കുന്നതില്‍ അവര്‍ എന്തിന് ഭയക്കണം?- ജയ്‌റാം രമേശ് ചോദിച്ചു.
ലഘുലേഖയിലെ ചോദ്യങ്ങള്‍: അദാനി ഗ്രൂപ്പിന്‍റെ വിദേശ ഷെൽ കമ്പനികളുമായുള്ള ബന്ധം, ചെറുകിട നിക്ഷേപകരെ എഫ്‌പിഒയ്‌ക്കായി സമ്മർദ്ദം ചെലുത്തുക, ചൈനയിലെ ചാങ് ചുൻ ലിംഗ് പോലുള്ള വിദേശ രാജ്യങ്ങളുമായുള്ള ബന്ധം, എയര്‍പോര്‍ട്ടുകളില്‍ കമ്പനിയ്‌ക്ക് ലഭിക്കുന്ന കുത്തകാവകാശം, വൈദ്യുതി ഉൽപ്പാദനം, കാർഷിക ഉൽപന്നങ്ങൾ, നഗര വികസന പദ്ധതികളിലെ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിലൂടെ ഉണ്ടാകുന്ന നേട്ടങ്ങള്‍ എന്നിങ്ങനെ ബുക്ക്‌ലെറ്റിലെ വിവിധ വിഭാഗങ്ങൾക്ക് കീഴിലാണ് ചോദ്യങ്ങൾ തരംതിരിച്ചിരിക്കുന്നതെന്ന് എഐസിസി ഗവേഷകനായ അമിതാഭ് ദുബെ അഭിപ്രായപ്പെടുന്നു. കൂടാതെ, ബംഗ്ലാദേശ്, ശ്രീലങ്ക, ഇസ്‌റായേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഗ്രൂപ്പ് എങ്ങനെ നിക്ഷേപം നടത്തിയെന്നും ചെറുകിട നിക്ഷേപകര്‍ക്ക് സംഭവിച്ച നഷ്‌ടം, പൊതുമേഖല ബാങ്കുകള്‍ക്ക് സംഭവിച്ച നഷ്‌ടം എന്നിവ കൂടാതെ നിമയങ്ങള്‍ പരിഷ്‌കരിക്കുവാനും ഗ്രൂപ്പിന് നേട്ടമുണ്ടാക്കുവാനും സര്‍ക്കാര്‍ നിയന്ത്രണ ഏജന്‍സികളില്‍ സമ്മര്‍ദം ചെലുത്തിയതെങ്ങനെയെന്നും ലഘുലേഖയില്‍ പരാമര്‍ശിക്കുന്നു.