ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ ബിജെപിയുടെയും ആം ആദ്‌മി പാർട്ടിയുടെയും കൗൺസിലർമാർ തമ്മിൽ സംഘർഷം. ഇതേതുടർന്ന് മേയറുടെയും ഡെപ്യൂട്ടി മേയറുടെയും തെരഞ്ഞെടുപ്പ് മാറ്റിവച്ചു. ഇന്നലെ ഇരു പാർട്ടികളിലെയും കൗൺസിലർമാർ തമ്മിൽ സത്യപ്രതിജ്‌ഞയെ ചൊല്ലി വാക്കേറ്റം ഉണ്ടാവുകയായിരുന്നു.
ബിജെപി - എഎപി കൗൺസിലർമാർ തമ്മിൽ സംഘർഷം: ഡൽഹി മേയർ തെരഞ്ഞെടുപ്പ് മാറ്റിവച്ചു - ഡൽഹി മേയർ
തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ പ്രിസൈഡിങ് ഓഫിസർ സത്യ ശർമ ആദ്യം സത്യപ്രതിജ്‌ഞയ്‌ക്ക് വിളിക്കാതിരുന്നതാണ് സംഘർഷത്തിലേക്ക് വഴിവച്ചത്
പിന്നീട് തർക്കം കയ്യാങ്കളിയിലേക്ക് കടന്നു. അനിയന്ത്രിതമായ രംഗങ്ങൾക്കിടയിൽ, യോഗം മാറ്റിവയ്‌ക്കാൻ തീരുമാനിക്കുകയായിരുന്നു. അടുത്ത തീയതി പിന്നീട് അറിയിക്കുമെന്ന് നടപടിക്രമങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന പ്രിസൈഡിങ് ഓഫിസറായ ബിജെപി കൗൺസിലർ സത്യ ശർമ പറഞ്ഞു. ശർമ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് മുൻപ് നാമനിർദേശം ചെയ്‌ത അംഗങ്ങളുടെ സത്യപ്രതിജ്‌ഞ നടത്തിയതിൽ എഎപി കൗൺസിലർമാരും എംഎൽഎമാരും പ്രതിഷേധിച്ചതാണ് സംഘർഷത്തിന് കാരണമായത്.
ഇതിനെതിരെ എഎപിക്കും കൺവീനർ അരവിന്ദ് കെജ്‌രിവാളിനുമെതിരെ മുദ്രാവാക്യം വിളിച്ചാണ് ബിജെപി കൗൺസിലർമാർ തിരിച്ചടിച്ചത്. കയ്യാങ്കളിക്കിടയിൽ പ്രിസൈഡിങ് ഓഫിസറുടെ മേശപ്പുറത്ത് വരെ എഎപി കൗൺസിലർമാർ കയറി നിന്നതോടെ സത്യപ്രതിജ്‌ഞ നിർത്തിവയ്‌ക്കുകയായിരുന്നു.