ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനം ആഘോഷമാക്കാനൊരുങ്ങി ബിജെപി. ഒക്‌ടോബർ 7 വരെ നീളുന്ന ആഘോഷ പരിപാടികളാണ് ബിജെപി ആവിഷ്കരിച്ചിരിക്കുന്നത്. ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി വെള്ളിയാഴ്‌ച ഒറ്റ ദിവസം കൊണ്ട് ഒന്നര കോടി കൊവിഡ് വാക്‌സിനുകൾ നൽകി റെക്കോഡ് സൃഷ്ടിക്കാനും ബിജെപി ലക്ഷ്യമിടുന്നു. ഇതിനായി പരമാവധി ആളുകൾക്ക് വാക്‌സിൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബിജെപി ആരോഗ്യ സന്നദ്ധ പ്രവർത്തകരെ സജ്ജമാക്കിയിട്ടുണ്ട്.
മുൻപ് ഒരു കോടിയിലധികം കൊവിഡ് വാക്‌സിനുകൾ രാജ്യം നൽകിയിട്ടുണ്ട്. ഇത് മറികടക്കുകയാണ് ലക്ഷ്യം. രാജ്യത്തിന്‍റെ ചരിത്രത്തിൽ റെക്കോഡ് നമ്പർ കൊവിഡ് വാക്‌സിനുകൾ നൽകിയ ദിവസമായി ഇന്നത്തെ ദിവസത്തെ രാജ്യം രേഖപ്പെടുത്തുന്നത് കാണാനാണ് പാർട്ടി ശ്രമമെന്ന് മുതിർന്ന നേതാക്കൾ പറഞ്ഞു. പ്രധാനമന്ത്രിയുടെ ജന്മദിനം പ്രത്യേകരീതിയിൽ ആഘോഷക്കാനാണ് പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദ ആഗ്രഹിക്കുന്നതെന്ന് ആരോഗ്യ സന്നദ്ധ പ്രവർത്തകരുടെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി തരുൺ ചുഗ് പറഞ്ഞു.