മംഗളൂരു: ദക്ഷിണ കര്‍ണാടകയിലെ യുവമോര്‍ച്ച പ്രവര്‍ത്തകൻ പ്രവീണ്‍ കുമാര്‍ നെട്ടാറിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികൾ കൂടി കര്‍ണാടക പൊലീസിന്‍റെ പിടിയിലായി. കാസര്‍കോട് ബെക്കള റോഡിലെ മാലിക് ഇബിൻ ദീനാർ മസ്‌ജിദിലായിരുന്നു പ്രതികള്‍ ഒളിച്ച് താമസിച്ചിരുന്നതെന്ന് കര്‍ണാടക എഡിജിപി അറിയിച്ചു. ഷിഹാബ് (33), ബഷീര്‍ (29), റിയാസ് (27) എന്നിവരാണ് അറസ്റ്റിലായത്.
15 ദിവസത്തില്‍ ഏറെയായി പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയായിരുന്നു. ഇതോടെ കേസില്‍ അറസ്റ്റില്‍ ആയവരുടെ എണ്ണം 10 ആയി. കൊലപാതകം നടത്തിയ ശേഷം കേരളത്തിലേക്കാണ് പ്രതികള്‍ കടന്നതെന്ന് നേരത്തെ പൊലീസ് പറഞ്ഞിരുന്നു. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട്, മറ്റൊരു സംഘടനയായ എസ്.ഡി.പി.ഐ എന്നിവയുടെ പ്രവര്‍ത്തകരാണ് അറസ്റ്റിലായതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.