ചെന്നൈ:ഹിജാബ് ധരിച്ച വനിത ഡോക്‌ടറെ ചോദ്യം ചെയ്യുകയും അധിക്ഷേപിക്കുകയും ചെയ്‌ത സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനെതിരെ കേസെടുത്തു. തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ജോലി ചെയ്യുന്ന വനിത ഡോക്‌ടറോടാണ് വെളുത്ത കോട്ട് ധരിക്കാത്തത് എന്തുകൊണ്ടാണെന്നും ഹിജാബ് ധരിച്ചത് എന്തിനാണെന്നും ചോദിച്ച് ബിജെപി പ്രവര്‍ത്തകനായ ഭുവനേശ്വർ റാം വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്. തുടര്‍ന്ന് പരാതിയെത്തിയതോടെയാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
സംഭവം ഇങ്ങനെ:മെയ് 24 ന് രാത്രിയാണ് നാഗപട്ടണം ജില്ലയിലെ തിരുപ്പൂണ്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സംഭവം അരങ്ങേറുന്നത്. ആശുപത്രിയില്‍ എത്തിയയുടന്‍ ഇയാള്‍ ഡോക്‌ടറോട് ധരിച്ചിരുന്ന വസ്‌ത്രത്തെ ചൊല്ലി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. നിങ്ങൾ ശരിക്കും ഒരു ഡോക്‌ടർ തന്നെയാണോ എന്ന് എനിക്ക് സംശയമുണ്ട്. എന്തുകൊണ്ടാണ് നിങ്ങൾ യൂണിഫോം ധരിക്കാത്തത്. എന്തിനാണ് നിങ്ങൾ ഹിജാബ് ധരിച്ചിരിക്കുന്നത് തുടങ്ങിയ ചോദ്യങ്ങളുമായി ഇയാള്‍ വനിത ഡോക്‌ടറെ ശല്യം ചെയ്യുകയായിരുന്നു. ഈ സമയം ഡ്യൂട്ടി ഡോക്‌ടറെ രക്ഷിക്കുന്നതിനായി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ നഴ്‌സിങ് സ്‌റ്റാഫ് ഓടിയെത്തി. ഇവര്‍ രംഗം മൊബൈല്‍ഫോണില്‍ ചിത്രീകരിക്കുകയും ചെയ്‌തു. ചിത്രീകരിച്ച ഈ രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
കേസെടുത്ത് പൊലീസ്:ശാരീരിക അസ്വസ്ഥതകളുമായി സുബ്രഹ്മണ്യന്‍ എന്നയാളുമായാണ് ബിജെപി പ്രവര്‍ത്തകന്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിയതെന്നും എന്നാല്‍ ഇവിടെ ഹിജാബ് ധരിച്ച നൈറ്റ് ഡ്യൂട്ടി ഡോക്‌ടറെ കണ്ടതോടെ ഇയാള്‍ ചോദ്യം ചെയ്യലും അധിക്ഷേപവും ആരംഭിച്ചതായും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 294 (ബി) (പൊതുസ്ഥലത്ത് അസഭ്യം പറയല്‍), 353 (ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥന്‍റെ ജോലിയില്‍ തടസമുണ്ടാക്കല്‍ അല്ലെങ്കില്‍ ക്രിമിനല്‍ ബലപ്രയോഗം), 298 (മതവികാരം വ്രണപ്പെടുത്താന്‍ ഉദ്യേശിച്ചുള്ള പെരുമാറ്റം) തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇയാള്‍ക്കെതിരെ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ അന്വേഷണം ആരംഭിച്ചതായും ഇയാളെ ഉടന്‍ കണ്ടെത്തി അറസ്‌റ്റ് ചെയ്യുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.