കേരളം

kerala

ETV Bharat / bharat

'ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മത്സരിക്കും'; ഒരു മുന്നണിയുമായും കൂട്ട് കൂടാനില്ലെന്ന് ബിജെഡി

നിലവിൽ പാലിക്കുന്ന സമദൂര സിദ്ധാന്തം തന്നെ വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും പ്രാവർത്തികമാക്കുമെന്ന് ബിജെഡി അധ്യക്ഷൻ നവീൻ പട്‌നായിക്.

BJD not to ally with any front in 2024  ലോക്‌സഭ തെരഞ്ഞെടുപ്പ്  ബിജു ജനതാദൾ  ബിജെപി  നവീൻ പട്‌നായിക്  നിതീഷ് കുമാർ  ബിജെഡി  BJD  BJP  ഒരു മുന്നണിയുമായും കൂട്ട് കൂടാനില്ലെന്ന് ബിജെഡി  ഒഡിഷ
ബിജെഡി നവീൻ പട്‌നായിക്

By

Published : May 12, 2023, 7:45 PM IST

ഭുവനേശ്വർ: 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യത്തിൽ ചേരില്ലെന്നും ഒറ്റയ്‌ക്ക് മത്സരിക്കുമെന്നും ബിജു ജനതാദൾ (ബിജെഡി). ബിജെപിയിൽ നിന്നും കോണ്‍ഗ്രസിൽ നിന്നും മാത്രമല്ല ഏതൊരു മൂന്നാം മുന്നണിയിൽ നിന്നും അകലം പാലിക്കുമെന്നും ഇക്കാര്യം ബിജെഡി അധ്യക്ഷനും ഒഡീഷ മുഖ്യമന്ത്രിയുമായ നവീൻ പട്‌നായിക് വ്യക്തമാക്കിയിട്ടുണ്ടെന്നും പാർട്ടി വൃത്തങ്ങൾ വ്യക്‌തമാക്കി.

ഒഡീഷയുടെ താത്‌പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് പാർട്ടി പ്രവർത്തിക്കുന്നതെന്നും സംസ്ഥാനത്തിന്‍റെ വികസനം മാത്രമാണ് തങ്ങളുടെ അജണ്ടയെന്നും ബിജെഡി വൃത്തങ്ങൾ അറിയിച്ചു. നവീൻ പട്‌നായിക്കിന്‍റെ ഉറ്റസുഹൃത്തും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്‍റെ ജെഡിയുവുമായും ഇതേ അകലം കാത്തുസൂക്ഷിക്കാനാണ് പാർട്ടി തീരുമാനമെന്നും ബിജെഡി വ്യക്‌തമാക്കി.

2009-ലാണ് ബിജെപിയുമായുള്ള സഖ്യം ബിജെഡി അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ ബിജെഡി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നവീൻ പട്‌നായിക് വ്യക്‌തമാക്കിയിരുന്നു. സംസ്ഥാനത്തെ 4.5 കോടി ജനങ്ങൾ പിന്തുണയ്ക്കുന്നതിനാൽ തെരഞ്ഞെടുപ്പ് വിജയിക്കാൻ ബിജെഡി ഒരു പാർട്ടിയുടെയും പിന്തുണ തേടിയിട്ടില്ലെന്നും നവീൻ പട്‌നായിക് പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്‌ചയ്ക്ക് ശേഷമാണ് ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആരുമായും കക്ഷി ചേരാനില്ലെന്ന് പട്‌നായിക് പ്രഖ്യാപിച്ചത്. മോദിയുമായുള്ളത് സാധാരണ കൂടിക്കാഴ്‌ച മാത്രമാണെന്നും നിലവിൽ പാലിക്കുന്ന സമദൂര സിദ്ധാന്തം തന്നെ വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും പ്രാവർത്തികമാക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

ഇതിനിടെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായും പട്‌നായിക് ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്‌ച നടത്തി. 2024-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപീകരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായിട്ടാണ് നിതീഷ് കുമാർ നവീൻ പട്‌നായികുമായി കൂടിക്കാഴ്‌ച നടത്തിയത്. എന്നാൽ അത് സൗഹൃദ സന്ദർശനമായിരുന്നുവെന്നാണ് പട്‌നായിക് വ്യക്‌തമാക്കിയത്.

സൗഹൃദവും രാഷ്ട്രീയവും തികച്ചും വ്യത്യസ്‌തമായ വിഷയങ്ങളാണെന്നും ആരും അത് തെറ്റിദ്ധരിക്കരുതെന്നും കൂടിക്കാഴ്‌ചക്ക് ശേഷം പട്‌നായികും നിതീഷ് കുമാറും സംയുക്‌തമായി പറഞ്ഞിരുന്നു. ബിജെപി ഇതര നേതാക്കളുമായോ മറ്റേതെങ്കിലും പാർട്ടിയുമായോ സൗഹൃദം പുലർത്തുന്നതിലൂടെ ബിജെഡി അതിന്‍റെ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കുന്നു എന്ന അർഥം വരുന്നില്ലെന്നും ഒഡീഷയെ സേവിക്കുകയും വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

നേതാക്കളുമായി കൂടിക്കാഴ്‌ച: നേരത്തെ ബിജെപിയുടെ മുഖ്യവിമർശകയായ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി പട്‌നായിക് കൂടിക്കാഴ്‌ച നടത്തിയിരുന്നു. എന്നാൽ ബിഹാറിലേയോ, പശ്ചിമ ബംഗാളിലേയോ അല്ലെങ്കിൽ മറ്റേതെങ്കിലും സംസ്ഥാനങ്ങളിലെയോ മുതിർന്ന നേതാക്കളെ കാണുന്നതിൽ തെറ്റൊന്നുമില്ലെന്നും ഇത് സർവ സാധാരണമാണെന്നും ബിജെഡി വൃത്തങ്ങൾ അറിയിച്ചു.

2024ൽ പാർട്ടി ഒറ്റയ്ക്ക് തന്നെ മത്സരിക്കുമെന്നും ബിജെഡി വ്യക്‌തമാക്കിയിട്ടുണ്ട്. നിതീഷ് കുമാർ, മമത ബാനർജി എന്നിവരെ കൂടാതെ ജഗൻ റെഡ്ഡി, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ മകൻ ഉദയനിധി സ്റ്റാലിൻ എന്നിവരുമായും പട്‌നായിക് നേരത്തെ കൂടിക്കാഴ്‌ച നടത്തിയിരുന്നു.

2000 മുതൽ ഒഡീഷയിൽ ബിജെഡിയാണ് നേതൃത്വം വഹിക്കുന്നത്. ബിജെപിയും പ്രതിപക്ഷ പാർട്ടികളും തമ്മിലുള്ള സംഘർഷം ഉൾപ്പെടുന്ന വിഷയങ്ങളിൽ നിഷ്‌പക്ഷ നിലപാടാണ് ബിജെഡി പുലർത്തിയിരുന്നത്. എന്നാൽ നിർണായക ഘട്ടങ്ങളിലെല്ലാം പാർലമെന്‍റിൽ ബിജെപിയെ പിന്തുണയ്ക്കുകയും ചെയ്‌തു വരുന്നുണ്ട്.

ABOUT THE AUTHOR

...view details