ഷാർജ:യുവ ലെഗ് സ്‌പിന്നർ രവി ബിഷ്‌ണോയിയും ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയും തകർപ്പൻ പ്രകടനവുമായി കളം നിറഞ്ഞപ്പോൾ സൺറൈസേഴ്‌സ് ഹൈദരാബാദിന് എതിരെ പഞ്ചാബ് കിംഗ്‌സിന് ജയം. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഇരു ടീമുകൾക്കും വിജയം അനിവാര്യമായിരുന്നു.
എന്നാല്‍ ചെറിയ സ്‌കോർ പിറന്ന മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ് അഞ്ച് വിക്കറ്റിന് ജയിച്ചതോടെ സൺറൈസേഴ്‌സിന്‍റെ സെമി ഫൈനല്‍ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. ഇതുവരെ ഒൻപത് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമുള്ള സൺറൈസേഴ്‌സിന് രണ്ട് പോയിന്‍റ് മാത്രമാണുള്ളത്. ഈ മത്സരത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് നാല് ജയവുമായി എട്ട് പോയിന്‍റ് സ്വന്തമാക്കിയ പഞ്ചാബിന് ഇനിയുള്ള മത്സരങ്ങളില്‍ ജയിച്ചാല്‍ സെമി ഫൈനലിലേക്ക് മുന്നേറാം.
ബൗളർമാരുടെ കളി
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത സൺറൈസേഴ്‌സിന് പ്രതീക്ഷ നല്‍കുന്ന തുടക്കമാണ് ബൗളർമാർ നല്‍കിയത്. പഞ്ചാബിന്‍റെ പേരു കേട്ട ബാറ്റിങ് നിരയെ ശരിക്കും ഹൈദരാബാദ് ബൗളർമാർ വരിഞ്ഞുമുറുക്കി. 20 ഓവറില്‍ 125 റൺസ് മാത്രമാണ് പഞ്ചാബ് നേടിയത്.
വിൻഡീസ് താരം ജേസൻ ഹോൾഡർ നാല് ഓവറില്‍ 19 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് എടുത്തപ്പോൾ റാഷിദ് ഖാൻ, അബ്‌ദുൾ സമദ്, ഭുവനേശ്വർ കുമാർ, സന്ദീപ് ശർമ എന്നിവർ ഓരോ വിക്കറ്റ് നേടി. പഞ്ചാബിന് വേണ്ടി ദക്ഷിണാഫ്രിക്കൻ താരം എയ്‌ഡൻ മർക്രാം (27), കെഎല്‍ രാഹുല്‍ ( 21), ഹർപ്രീത് ബ്രാർ (18), ക്രിസ് ഗെയ്‌ല്‍ (14), നതാൻ എല്ലിസ് (12). ദീപക് ഹൂഡ (13) എന്നിവരാണ് രണ്ടക്കം കടന്നത്.
126 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങിന് ഇറങ്ങിയ സൺറൈസേഴ്‌സിന് തുടക്കം മുതല്‍ തന്നെ തകർച്ചയായിരുന്നു. ഡേവിഡ് വാർണറേയും കെയ്‌ൻ വില്യംസണേയും നേരത്തെ തന്നെ മുഹമ്മദ് ഷമി മടക്കി അയച്ചു. പിന്നീടാണ് രവി ബിഷ്‌ണോയി തകർപ്പൻ പ്രകടനം പുറത്തെടുത്തത്. അവസാന ഓവറുകളില്‍ ജേസൺ ഹോൾഡർ തകർത്തടിച്ചെങ്കിലും വിജയം മാത്രം നേടാനായില്ല.
20 ഓവറില്‍ 120 റൺസ് മാത്രമാണ് ഹൈദരാബാദിന് നേടാനായത്. ബിഷ്‌ണോയി നാല് ഓവറില്‍ 24 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയപ്പോൾ മുഹമ്മദ് ഷമി നാല് ഓവറില്‍ ഒരു മെയ്‌ഡൻ അടക്കം 14 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകൾ നേടി. മൂന്ന് വിക്കറ്റുകൾ നേടുകയും സൺറൈസേഴ്‌സിന് വിജയപ്രതീക്ഷ നല്‍കിയ ഒറ്റയാൾ പോരാട്ടത്തിലൂടെ 47 റൺസ് നേടുകയും ചെയ്ത ജേസൺ ഹോൾഡറാണ് കളിയിലെ കേമൻ.