കൊല്‍ക്കത്ത :പുരുഷന്മാരുടെ ലൈംഗിക ശേഷി നശിപ്പിക്കാന്‍ ഇടയാക്കുമെന്ന വിചിത്രവാദവുമായി പശ്ചിമബംഗാളിലെ ബിരിയാണി കട അടപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍. ബിരിയാണിയിൽ ഉപയോഗിക്കുന്ന മസാലകള്‍ പുരുഷ ലൈംഗിക ശേഷിയെ പ്രതികൂലമായി ബാധിക്കും. ഇതേക്കുറിച്ച് നിരവധി ആരോപണം ഉയര്‍ന്നതോടെയാണ് തങ്ങള്‍ കട അടപ്പിച്ചതെന്നും കൂച്ച്‌ബെഹാർ മുനിസിപ്പാലിറ്റി ചെയർമാനും ടിഎംസി നേതാവുമായ രവീന്ദ്രനാഥ് ഘോഷ് പറഞ്ഞു.
കൂച്ച്‌ബെഹാറിലെ 'കൊല്‍ക്കത്ത ബിരിയാണി' എന്ന കടയ്‌ക്കെതിരെയാണ് ഞായറാഴ്‌ച ടിഎംസി നേതാക്കളുടെ വിചിത്ര നടപടി. ഇക്കാര്യത്തില്‍ ശാസ്‌ത്രീയമായ ഒരു തെളിവുകളും ഇല്ലെന്നിരിക്കെയാണ് കട അടപ്പിച്ചത്. '' ഈ കടയില്‍ ബിരിയാണി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചേരുവകളും മസാലകളും പുരുഷ ലൈംഗിക ശേഷി കുറയ്‌ക്കും. ഒരുപാട് ആളുകള്‍ ഇതേക്കുറിച്ച് പറയുന്നുണ്ട്'' - മമത ബാനർജി മന്ത്രിസഭയിലെ മുൻ നോർത്ത് ബംഗാൾ വികസന വകുപ്പ് മന്ത്രി കൂടിയായ ഘോഷ് ആരോപിച്ചു.