ന്യൂഡല്‍ഹി: ഔദ്യോഗിക ഭാഷകളെക്കുറിച്ചുള്ള പാർലമെന്‍റിന്‍റെ 11-ാം റിപ്പോർട്ട് മറ്റ് ഭാഷകളെ ഒഴിവാക്കി ഹിന്ദിക്ക് അനാവശ്യമായ പ്രാധാന്യം നൽകുന്നുവെന്നാരോപിച്ച് സിപിഐ എംപി ബിനോയ് വിശ്വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. റിപ്പോര്‍ട്ട് വിഭജനവും അപകടകരവുമാണെന്നും ഇന്ത്യയുടെ ആശയങ്ങളെ ഹാനീകരിക്കുന്ന തരത്തിലാണെന്നും അദ്ദേഹം കത്തില്‍ ചൂണ്ടികാട്ടി.
'ഔദ്യോഗിക ഭാഷകളെ കുറിച്ചുള്ള പാര്‍ലമെന്‍റ് കമ്മിറ്റിയുടെ 11-ാം റിപ്പോര്‍ട്ടില്‍ ഹിന്ദി ഭാഷയ്‌ക്ക് അമിതമായ പ്രാധാന്യം നല്‍കുകയും രാജ്യത്തിന്‍റെ പ്രബലമായ ഭാഷ എന്ന തരത്തില്‍ മുന്‍തൂക്കം നല്‍കുകയും ചെയ്യുന്നു. വൈവിധ്യമായ ഭാഷകളുടെ രാജ്യം എന്ന നിലയില്‍ ഹിന്ദിക്ക് പ്രാധാന്യം നല്‍കുന്നത് ഭരണഘടനയുടെ എട്ടാം ഷെഡ്യൂള്‍ പ്രകാരം മറ്റ് 21 ഔദ്യോഗിക ഭാഷയ്‌ക്ക് നല്‍കുന്ന പ്രാധാന്യം കുറയ്‌ക്കുകയും ചെയ്യുന്നു. 'ഹിന്ദുസ്ഥാന് വേണ്ടി ഹിന്ദി' എന്ന കേന്ദ്ര തത്വം ഇന്ത്യയുടെ വൈവിധ്യത്തെ പൂർണ്ണമായും നിരാകരിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതൽ പൊതു ഓഫിസുകൾ വരെയുള്ള എല്ലാ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഹിന്ദി അടിച്ചേല്‍പ്പിക്കുവാനുള്ള ശ്രമമാണ് നടക്കുന്നതെന്നും' ബിനോയ് വിശ്വം പറഞ്ഞു.