ന്യൂഡൽഹി:രാജ്യതലസ്ഥാനത്തെ സെൻട്രൽ വിസ്‌ത, വാരണാസിയിലെ കാശി വിശ്വനാഥ് ധാം, അഹമ്മദാബാദിലെ സബർമതി പുഴയോര സൗന്ദര്യവത്‌കരണം, പുരി ജഗന്നാഥ ക്ഷേത്രം. അങ്ങനെ നിര്‍മാണ പദ്ധതികള്‍ നിരവധിയാണെങ്കിലും ഇതിനെല്ലാം പിന്നില്‍ ഒരു പൊതുപേരുണ്ട്. അതാണ് ബിമൽ ഹസ്‌മുഖ് പട്ടേൽ. ഈ നിര്‍മിതികളുടെ എല്ലാം രൂപകല്‍പന 61 കാരനായ ഈ അതുല്യ പ്രതിഭയുടെ തലയില്‍ തെളിഞ്ഞതാണ്.
പുതുമയാണ് 'മെയിന്‍'..!:വാസ്‌തുവിദ്യയ്‌ക്ക് പുറമെ നഗര രൂപകൽപന, നഗരാസൂത്രണം എന്നിങ്ങനെ നിരവധി മേഖലകളില്‍ കഴിവുതെളിയിച്ചിട്ടുണ്ട് ബിമല്‍. കെട്ടിടമോ മറ്റെന്തെങ്കിലും നിര്‍മാണമോ ആവട്ടെ ഇതിലെല്ലാം പാഠപുസ്‌തകങ്ങളില്‍ പറയുന്ന അതിരുകൾ ഭേദിച്ച് പുതുമ സൃഷ്‌ടിക്കുക എന്നതാണ് പട്ടേലിന്‍റെ ഒരു ശൈലി. കെട്ടിട, നഗര രൂപകല്‍പന രംഗത്ത് 35 വർഷത്തിലധികം അനുഭവ പരിചയമുണ്ട് ഈ ഗുജറാത്ത് സ്വദേശിക്ക്.
അക്കാദമിക് രംഗത്തും വൈദഗ്‌ധ്യം തെളിയിച്ച ബിമല്‍ അഹമ്മദാബാദിലെ സിഇപിടി സർവകലാശാലയുടെ പ്രസിഡന്‍റ് എന്ന ചുമതലയും മികച്ച രീതിയില്‍ നിര്‍വഹിക്കുന്നു. വാസ്‌തുവിദ്യയും വിവിധ നിര്‍മാണ പ്രൊജക്‌ടുകളും ഏറ്റെടുത്ത് നടത്തുന്ന സ്ഥാപനമായ എച്ച്‌സിപി ഡിസൈൻ പ്ലാനിങ് ആൻഡ് മാനേജ്‌മെന്‍റ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ നായകനുമാണ്. സെൻട്രൽ വിസ്‌ത, കാശി വിശ്വനാഥ് ധാം, സബർമതി പുഴയോര സൗന്ദര്യവത്‌കരണം എന്നീ നാഴികക്കല്ലായ പദ്ധതികളല്ലാതെ സമീപകാലത്തെ വൻകിട നഗര പദ്ധതികളിൽ പലതും എച്ച്‌സിപിയാണ് രൂപകല്‍പന ചെയ്‌ത്.
പദ്ധതികള്‍ നിരവധി:ഗുജറാത്ത് ആസ്ഥാനമായാണ് പട്ടേലിന്‍റെ കമ്പനി പ്രവര്‍ത്തിക്കുന്നത്. അഹമ്മദാബാദിലെ വിവിധ പദ്ധതികളായ നദീതീര പാർക്കുകള്‍, നഗര പുനരുജ്ജീവന പദ്ധതി, ട്രാൻസിറ്റ് ഓറിയന്‍റഡ് സോണ്‍, സെന്‍റര്‍ ഫോർ പെർഫോമിങ് ആർട്‌സ് തുടങ്ങിയ നിരവധി പദ്ധതികളുടെ ഭാഗമായിട്ടുണ്ട് പട്ടേലിന്‍റെ കമ്പനി. പുറമെ ഹൈദരാബാദിലെ ആഗ ഖാൻ അക്കാദമി, മുംബൈയിലെ അമുൽ ഡയറി, ചെന്നൈയിലെ കണ്ടെയ്‌നർ ടെർമിനൽ, ഐഐടി ജോദ്‌പൂര്‍, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ നഗര ഘടനകൾ എന്നിവയുടെയെല്ലാം രൂപകല്‍പന നിര്‍വഹിച്ചതും അദ്ദേഹമാണ്.
മുംബൈ ഈസ്റ്റേൺ വാട്ടർഫ്രണ്ട് പുനർവികസനം, അഹമ്മദാബാദ് സിബിഡി, ബിൽഡിങ് ബൈലോസ് ആൻഡ് പ്ലാനിങ് ലെജിസ്ലേഷൻ ഫോർ ഡൽഹി (എംസിഡി) എന്നിങ്ങനെ ശ്രദ്ധയമായ നിരവധി രൂപരേഖകള്‍ തയ്യാറാക്കാന്‍ ബിമല്‍ പട്ടേലിനായി.
വെറും പട്ടേലല്ല, ഡോക്‌ടര്‍ കൂടിയുണ്ട്:1984 ൽ അഹമ്മദാബാദിലെ സെന്‍റര്‍ ഫോർ എൻവയോൺമെന്‍റല്‍ പ്ലാനിങ് ആൻഡ് ടെക്നോളജിയിൽ നിന്നാണ് ബിമല്‍ വാസ്‌തുവിദ്യയില്‍ ഡിപ്ലോമ സ്വന്തമാക്കിയത്. 1988-ൽ ആർക്കിടെക്‌ചര്‍ ആന്‍ഡ് സിറ്റി പ്ലാനിങില്‍ ബിരുദാനന്തര ബിരുദവും 1995-ൽ ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് നഗരവും പ്രാദേശികവും എന്നിവയുടെ പ്ലാനിങില്‍ പിഎച്ച്‌ഡിയും നേടി.
1996-ൽ, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി ആസൂത്രണ സഹകരണസംഘം സ്ഥാപിച്ചു. 2012 മുതൽ, അദ്ദേഹം സിഇപിടി യൂണിവേഴ്‌സിറ്റിയുടെ പ്രസിഡന്‍റാണ്. രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മശ്രീ 2019 ലാണ് ബിമല്‍ പട്ടേലിനെ തേടിയെത്തിയത്.