സാൻഫ്രാൻസിസ്‌കോ: മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ് അടുത്തിടെയാണ് സ്വന്തം പോഡ്‌കാസ്റ്റ് ആയ 'അൺ കൺഫ്യൂസ് മി വിത്ത് ബിൽ ഗേറ്റ്സ്' ആരംഭിച്ചത്. കഴിഞ്ഞ മാസം ആദ്യ എപ്പിസോഡും പുറത്തുവന്നു. വിദഗ്‌ധരായ സേത്ത് റോജനും ലോറൻ മില്ലർ റോജനും ആണ് പരിപാടിയുടെ ആദ്യ എപ്പിസോഡില്‍ ആതിഥേയത്വം വഹിച്ചത്. ഇപ്പോഴിതാ 'അൺ കൺഫ്യൂസ് മി വിത്ത് ബിൽ ഗേറ്റ്സി'ലെ പുതിയ എപ്പിസോഡാണ് വാർത്തകളില്‍ നിറയുന്നത്.
ഖാൻ അക്കാദമിയുടെ സ്ഥാപകനായ സൽ ഖാനാണ് ഈ എപ്പിസോഡില്‍ ബിൽ ഗേറ്റ്സിന്‍റെ അതിഥിയായി എത്തിയത്. സൽ ഖാനോട് ബിൽ ഗേറ്റ്സ് ചോദിച്ച രസകരമായ ഒരു ചോദ്യമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ബോളിവുഡ് നടൻ സൽമാൻ ഖാനാണെന്ന് എപ്പോഴെങ്കിലും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടോ എന്നായിരുന്നു ബിൽ ഗേറ്റ്സിന്‍റെ ചോദ്യം. ഇന്ത്യൻ ചലച്ചിത്ര താരത്തിന്‍റെ പേരുമായുള്ള സൽ ഖാന്‍റെ സാമ്യം ആണ് ഈ ചോദ്യം ആരായാൻ ബിൽ ഗേറ്റ്സിനെ പ്രേരിപ്പിച്ചത്.
'നിങ്ങൾ സൽ ഖാനെക്കുറിച്ച് ഒരു വെബ് സെർച്ച് നടത്തിയാൽ, ഈ കാണുന്ന ആളെ കിട്ടിയേക്കാം'- നടൻ സൽമാൻ ഖാന്‍റെ ചിത്രം ഉയർത്തി കാണിച്ചുകൊണ്ട് ഗേറ്റ്സ് പറഞ്ഞു. പിന്നാലെയാണ് ആ ചോദ്യവും വന്നത്. 'അപ്പോൾ ആരെങ്കിലും നിങ്ങൾ സൽമാൻ ഖാനാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ടോ?' ഖാൻ അക്കാദമി സ്ഥാപകനായ തന്‍റെ അതിഥിയോട് ഗേറ്റ്സ് ചോദിച്ചു. ഈ ചോദ്യത്തിന് നിറഞ്ഞ ചിരിയോടെയാണ് സൽ ഖാൻ മറുപടി പറഞ്ഞത്.
'ശരിയാണ്, വാസ്‌തവത്തിൽ ഖാൻ അക്കാദമിയുടെ ആദ്യ നാളുകളിൽ, നടൻ സൽമാൻ ഖാന്‍റെ ചില ആരാധകരിൽ നിന്ന് എനിക്ക് കത്തുകൾ ലഭിച്ചിരുന്നു'- സൽ ഖാൻ പറഞ്ഞു. നിങ്ങളെ എപ്പോഴും സ്‌നേഹിക്കുന്നു എന്നും നിങ്ങൾക്ക് കണക്ക് ചെയ്യാൻ കഴിയുമെന്ന് അറിയില്ലായിരുന്നു എന്നെല്ലാം പറഞ്ഞുകൊണ്ടാണ് കത്തുകൾ അയച്ചിരുന്നതെന്നും അദ്ദേഹം ചിരിച്ചുകൊണ്ട് മറുപടി നൽകി. ആളുകൾ കരുതുന്നതിനേക്കാൾ കൂടുതൽ ബോളിവുഡ് സിനിമകൾ താൻ കാണാറുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സേത്ത് റോജനും ലോറൻ മില്ലർ റോജനും ആതിഥേയത്വം വഹിച്ച 'അൺ കൺഫ്യൂസ് മി വിത്ത് ബിൽ ഗേറ്റ്സി'ന്‍റെ ആദ്യ എപ്പിസോഡും ശ്രദ്ധ നേടിയിരുന്നു. അൽഷിമേഴ്‌സ് രോഗത്തെക്കുറിച്ചാണ് ഇവർ ഈ എപ്പിസോഡിൽ ചർച്ച ചെയ്‌തത്. അതേസമയം ഈ മാസം ആദ്യം, ഗേറ്റ്‌സും കാമുകിയെന്ന് പറയപ്പെടുന്ന പോള ഹർഡും ഒരു പാർട്ടിയിൽ വെച്ച്, യാച്ചിൽ ഇരിക്കുന്നതും മറ്റ് അതിഥികളുമായി സംസാരത്തില്‍ ഏർപ്പെടുന്നതും വാർത്തയായിരുന്നു.
ഇതിനിടെ ഹർഡുമായി വിവാഹനിശ്ചയം നടന്നിട്ടില്ലെന്ന് അവകാശപ്പെട്ട് ഗേറ്റ്‌സിന്‍റെ പ്രതിനിധി രംഗത്തെത്തിയിരുന്നു. യുഎസിൽ മൈക്രോസോഫ്റ്റ് സഹസ്ഥാപകനൊപ്പം പോകവെ മോതിരമണിഞ്ഞ് കൊണ്ടുള്ള ഹർഡിന്‍റെ ഫോട്ടോ പുറത്തുവന്നതിന് പിന്നാലെയാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞെന്ന തരത്തില്‍ കിംവദന്തികൾ പടർന്നത്. ബിൽ ഗേറ്റ്സിന്‍റെ വക്താവ് പറയുന്നതനുസരിച്ച്, ഹർഡിന്‍റെ മോതിരം അവരുടെ വിവാഹനിശ്ചയത്തെ പ്രതിനിധീകരിക്കുന്നതല്ല. വളരെക്കാലമായി അവർ മോതിരം ധരിക്കാറുണ്ടെന്നും ഹർഡ് ധരിച്ചിരിക്കുന്ന മോതിരം പതിറ്റാണ്ടുകളായി അവരുടെ പക്കലുള്ളതാണെന്ന് തങ്ങളുടെ ഓഫിസിന് സ്ഥിരീകരിക്കാൻ കഴിയുമെന്നും ഗേറ്റ്‌സിന്‍റെ പ്രതിനിധി അവകാശപ്പെട്ടിരുന്നു.
READ ALSO:എനിക്കും കുക്കിങ് പഠിക്കണം; റൊട്ടിയുണ്ടാക്കി ശതകോടീശ്വരന്‍; വൈറല്‍ ദൃശ്യങ്ങള്‍ക്ക് പ്രശംസയുമായി മോദി