ന്യൂഡൽഹി : തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഉത്തരവിനെ മറികടന്ന് കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന ബില്ലിനെ എതിർക്കാൻ കോൺഗ്രസ്. പുതിയ ബില്ലിനെ എതിർക്കാൻ എല്ലാ ജനാധിപത്യ പാർട്ടികളും ഒന്നിച്ച് നിൽക്കണമെന്ന് കോൺഗ്രസ് പ്രതിപക്ഷത്തോട് ആഭ്യർഥിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെയും നിയമനം, സേവന വ്യവസ്ഥകൾ, കാലാവധി എന്നിവ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടതാണ് പുതിയ ബില്ല്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ബില്ല് കൊണ്ടുവരുന്നതിലൂടെ തെരഞ്ഞെടുപ്പ് കമ്മിഷനെ നിയന്ത്രിക്കാൻ കേന്ദ്രം ശ്രമിക്കുകയാണെന്ന് കോൺഗ്രസ് എം പിയും ലോക്‌സഭ വിപ്പുമായ മണിക്കം ടാഗോർ ആരോപിച്ചിരുന്നു. ബില്ല് പ്രാബല്യത്തിൽ കൊണ്ടുവരുന്നത് എതിർക്കുന്നതിൽ ബിജെഡിയും വൈഎസ്ആർസിപിയും കൂടെ നിൽക്കുമോ എന്നും ടാഗോർ ട്വീറ്റിലൂടെ ചോദിച്ചു. നിലവിൽ ബില്ല് രാജ്യസഭയിൽ അവതരിപ്പിക്കുന്നതിനായി സർക്കാർ പട്ടികപ്പെടുത്തിയിട്ടുണ്ട്.
ബില്ല് പ്രകാരം ഭാവിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുൾപ്പടെയുള്ള ഉദ്യോഗസ്ഥരെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും ക്യാബിനറ്റ് മന്ത്രിയും അടങ്ങുന്ന മൂന്നംഗ സമിതി തെരഞ്ഞെടുക്കും. ഇതിന് മുൻപ് പ്രധാനമന്ത്രി, ലോക്‌സഭ പ്രതിപക്ഷ നേതാവ്, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് എന്നിവരെ ഉൾപ്പെടുത്തിയ പാനലാണ് തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനമുൾപ്പടെയുള്ള വിഷയങ്ങൾ പരിഗണിക്കുകയെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഇക്കഴിഞ്ഞ മാർച്ചിലാണ് സുപ്രീം കോടതി ഉത്തരവ്.