കേരളം

kerala

ETV Bharat / bharat

'ഒന്നര വര്‍ഷത്തിനുശേഷം പുഞ്ചിരിക്കാനായി, ശ്വാസം വിടാനായി' ; വിധിക്കുപിന്നാലെ ബില്‍ക്കിസ് ബാനു - Bilkis Bano Case

Bilkis Bano on sc verdict : 'സുപ്രീം കോടതിയില്‍ നിന്ന് നീതി കിട്ടി, ഒന്നരവര്‍ഷത്തിന് ശേഷം പുഞ്ചിരിക്കാനായി' ; ബില്‍ക്കിസ് ബാനു പറയുന്നു

Gujarat riots,Bilkis Bano on SC Verdict,ബില്‍ക്കിസ് ബാനു കേസ്,Bilkis Bano Case
this is what justice feels like bilkis bano on sc verdict

By ETV Bharat Kerala Team

Published : Jan 9, 2024, 8:28 AM IST

ന്യൂഡല്‍ഹി : ഗുജറാത്ത് കലാപകാലത്ത് കുടുംബത്തിലെ ഏഴ് പേരെ നിഷ്‌ഠൂരമായി കൊലപ്പെടുത്തുകയും തന്നെ ബലാത്സംഗത്തിനിരയാക്കുകയും ചെയ്‌ത 11 പേരുടെ ശിക്ഷ ഇളവ് ചെയ്യുകയും വിട്ടയക്കുകയും ചെയ്‌ത നടപടി റദ്ദാക്കിയ സുപ്രീം കോടതി വിധിയോട് പ്രതികരിച്ച് ബില്‍ക്കിസ് ബാനു. തനിക്ക് നീതി ലഭിച്ചത് പോലെ തോന്നുന്നുവെന്ന് അവര്‍ അഭിഭാഷക ശോഭ ഗുപ്‌ത വഴി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഗുജറാത്ത് സര്‍ക്കാരാണ് പ്രതികളുടെ ശിക്ഷയില്‍ ഇളവ് നല്‍കി അവരെ ജയില്‍മോചിതരാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് വികാരരഹിതമാണെന്നും ആത്മാര്‍ത്ഥതയോടെ അല്ല ഇത്തരമൊരു തീരുമാനമെടുത്തതെന്നും സുപ്രീം കോടതി വിധിന്യായത്തില്‍ കുറ്റപ്പെടുത്തിയിരുന്നു(Gujarat riots).

'ഇന്ന് എനിക്ക് ശരിക്കും പുതുവത്സരമാണ്. ഞാന്‍ ആനന്ദാശ്രു പൊഴിക്കുന്നു. ഒന്നരവര്‍ഷത്തിന് ശേഷം ആദ്യമായി എനിക്കൊന്ന് പുഞ്ചിരിക്കാന്‍ സാധിച്ചു. ഞാന്‍ എന്‍റെ കുഞ്ഞുങ്ങളെ കെട്ടിപ്പിടിച്ചു. എന്‍റെ നെഞ്ചില്‍ നിന്ന് കൂറ്റന്‍ കല്ല് എടുത്ത് മാറ്റിയ പോലെ അനുഭവപ്പെടുന്നു. എനിക്ക് വീണ്ടും ശ്വാസം വിടാന്‍ സാധിച്ചിരിക്കുന്നു' - ബാനു പറഞ്ഞു(Bilkis Bano on Supreme court Verdict).

എനിക്കും കുഞ്ഞുങ്ങള്‍ക്കും എല്ലാ സ്ത്രീകള്‍ക്കും തുല്യ നീതിയെന്ന വാഗ്‌ദാനവും പുതുപ്രതീക്ഷയുടെ കിരണവുമാണ് പരമോന്നത കോടതി ഈ വിധിയിലൂടെ മുന്നോട്ടുവച്ചിരിക്കുന്നത്. അതിന് ഞാന്‍ സുപ്രീം കോടതിക്ക് നന്ദി പറയുന്നു. ഗുജറാത്ത് സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തുകയായിരുന്നു - ബില്‍ക്കിസ് കൂട്ടിച്ചേര്‍ത്തു. കേസിലെ പതിനൊന്ന് പ്രതികളെയും രണ്ടാഴ്ചയ്ക്കകം ജയിലിലേക്ക് തന്നെ തിരികെ അയക്കണമെന്ന് സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നീതിക്കായുള്ള പോരാട്ടത്തില്‍ താന്‍ തനിച്ചായിരുന്നില്ലെന്നും ബാനു ചൂണ്ടിക്കാട്ടി. തന്നോടൊപ്പം ഭര്‍ത്താവും മക്കളുമുണ്ടായിരുന്നു. സുഹൃത്തുക്കളുമുണ്ടായിരുന്നു. അവര്‍ തന്‍റെ കഠിനകാലങ്ങളില്‍, വിദ്വേഷപ്രചാരണങ്ങള്‍ക്കിടെ തന്‍റെ കൈയില്‍ മുറുകെ പിടിച്ചു, സ്നേഹിച്ചു. അഭിഭാഷകയായ ശോഭ ഗുപ്‌തയെപ്പോലൊരാള്‍ തനിക്കൊപ്പം ഉറച്ചുനിന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി അവര്‍ തനിക്കൊപ്പം നടക്കുന്നു. നീതിയിലുള്ള എന്‍റെ വിശ്വാസം നഷ്ടപ്പെടാന്‍ അവര്‍ ഒരിക്കലും എന്നെ അനുവദിച്ചില്ല - ബാനു കൂട്ടിച്ചേര്‍ത്തു.

ഒന്നരവര്‍ഷം മുമ്പാണ്, അതായത് 2022 സ്വാതന്ത്ര്യദിനത്തില്‍ എന്‍റെ എല്ലാ നിലനില്‍പ്പിനെയും ചോദ്യം ചെയ്തുകൊണ്ട്, എന്നെയും കുടുംബത്തെയും അക്ഷരാര്‍ത്ഥത്തില്‍ ഇല്ലായ്മ ചെയ്തുകൊണ്ട് മുഴുവന്‍ പ്രതികളെയും ജയില്‍മോചിതരാക്കിയത്. ഞാന്‍ ആകെ തകര്‍ന്നുപോയി. എന്‍റെ എല്ലാ ധൈര്യവും ചോര്‍ന്നുപോയി. എന്നാല്‍ എനിക്ക് ഐക്യദാര്‍ഢ്യവുമായി ലക്ഷക്കണക്കിന് കരങ്ങള്‍ എത്തി.

രാജ്യത്തെ സാധാരണക്കാരായ ആയിരക്കണക്കിന് ആളുകളും സ്ത്രീകളും മുന്നോട്ടുവന്ന് എനിക്കൊപ്പം നിന്നു. അവര്‍ എനിക്ക് വേണ്ടി സംസാരിച്ചു. അവര്‍ സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജികള്‍ നല്‍കി. രാജ്യമെമ്പാടും നിന്നായി ആറായിരം പൊതുതാത്പര്യ ഹര്‍ജികള്‍ സുപ്രീം കോടതിയിലെത്തി. മുംബൈയില്‍ നിന്ന് മാത്രം 8500 പേര്‍ അപ്പീല്‍ നല്‍കി. പതിനായിരം പേര്‍ തുറന്ന കത്തുകളെഴുതി. കര്‍ണാടകയിലെ 29 ജില്ലകളില്‍ നിന്നായി 40000 പേര്‍ പിന്തുണയുമായെത്തി.

Also Read: ബില്‍ക്കിസ് ബാനു കേസ്: പ്രതികൾ സുപ്രീം കോടതിയെ കബളിപ്പിച്ചതിങ്ങനെ

അവരുടെ വിലമതിക്കാനാകാത്ത ഐക്യദാര്‍ഢ്യത്തിനും എനിക്ക് പകര്‍ന്ന് നല്‍കിയ കരുത്തിനും ഇവരില്‍ ഓരോരുത്തരോടും താന്‍ നന്ദി പറയുന്നു. പോരാടാന്‍ കരുത്ത് നല്‍കിയത് നിങ്ങള്‍ ഓരോരുത്തരുമാണ്. ഈ നീതി എനിക്ക് വേണ്ടി മാത്രമല്ല, രാജ്യത്തെ ഓരോ സ്ത്രീകള്‍ക്ക് വേണ്ടിയുമാണ്. ഈ വിധി എന്‍റെ ജീവിതത്തിന് വേണ്ടിയുള്ളതാണ്. എന്‍റെ കുഞ്ഞുങ്ങളുടെ ജീവനുകള്‍ക്ക് വേണ്ടിയാണ്. നിയമവാഴ്ചയും നിയമത്തിന് മുന്നിലുള്ള തുല്യതയും എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്നും ബില്‍ക്കിസ് ബാനു പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ABOUT THE AUTHOR

...view details