ന്യൂഡല്‍ഹി :ഗുജറാത്ത് കലാപത്തിനിടെ ബിൽകിസ് ബാനുവിനെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും കുടുംബത്തെയൊന്നാകെ കൊലപ്പെടുത്തുകയും ചെയ്‌ത കേസിൽ ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിച്ച നടപടിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി. സി.പി.എം നേതാവ് സുഭാഷിണി അലി, മാധ്യമപ്രവർത്തക രേവതി ലാൽ, സാമൂഹിക പ്രവർത്തകയും പ്രൊഫസറുമായ രൂപ് രേഖ വർമ എന്നിവരാണ് ഹർജി സമർപ്പിച്ചത്. ബുധനാഴ്‌ച(24.08.2022) ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക അപർണ ഭട്ട് വിഷയം ഉന്നയിക്കുകയുണ്ടായി. ഇതോടെ, പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ പറഞ്ഞു.
'നീതിപൂര്‍വമല്ലാത്ത തീരുമാനം':11 പ്രതികൾക്ക് ഇളവ് അനുവദിച്ചുകൊണ്ടുള്ള ഗുജറാത്ത് സര്‍ക്കാരിന്‍റെ ഉത്തരവ് റദ്ദാക്കണമെന്നും അവരെ ഉടൻ തന്നെ വീണ്ടും അറസ്റ്റ് ചെയ്യാൻ നിർദേശിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. ''പ്രതികളെ മോചിപ്പിക്കുന്നത് സംബന്ധിച്ച് നിയമകാര്യങ്ങള്‍ പരിശോധിക്കാന്‍ ഗുജറാത്ത് സർക്കാര്‍ നിയോഗിച്ച സമിതിയില്‍ ഒരു പ്രത്യേക രാഷ്‌ട്രീയ പാർട്ടിയോട് കൂറ് പുലര്‍ത്തുന്നവരായിരുന്നു ഉണ്ടായിരുന്നത്. അക്കൂട്ടത്തില്‍ എം.എല്‍.എമാരുമുണ്ടായിരുന്നു. അതിനാൽ തന്നെയാണ് നീതിപൂര്‍വവും സ്വതന്ത്രവുമല്ലാത്ത തീരുമാനം വന്നത്'', ഹർജിയിൽ പറയുന്നു.
സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഗസ്റ്റ് 15 നാണ് ബിൽകിസ് ബാനു കേസിൽ, ശിക്ഷിക്കപ്പെട്ട 11 പേരെ ഗുജറാത്ത് സർക്കാർ മോചിപ്പിച്ചത്. ബിൽകിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്‌തതും കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയതും ഉള്‍പ്പടെയുള്ള കേസുകളിലെ പ്രതികളെയാണ് വിട്ടയച്ചത്. 2002 ലെ ഗോധ്ര കലാപത്തിനിടെയാണ് കേസിനാസ്‌പദമായ സംഭവം. ഇതേ വര്‍ഷം മാർച്ച് മൂന്നിനായിരുന്നു ബാനുവിനെതിരെ കലാപകാരികളുടെ ആക്രമണമുണ്ടായത്.