ന്യൂഡല്‍ഹി :ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസില്‍ ശിക്ഷാ ഇളവ് അനുവദിച്ച് 11 പ്രതികളെയും വിട്ടയക്കാനുള്ള ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതി റദ്ദാക്കിയിരിക്കുകയാണ്. കേസില്‍ ജീവപര്യന്തത്തിന് ശിക്ഷ വിധിച്ച പ്രതികളെ നിയമപ്രകാരം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് 2022ല്‍ ആണ് ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത്. പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ ഗുജറാത്തിന് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി കേസില്‍ 11 പേരെയും മോചിപ്പിച്ച നടപടി റദ്ദ് ചെയ്‌ത സുപ്രീം കോടതി മുഴുവന്‍ പ്രതികളും രണ്ട് ആഴ്‌ചയ്‌ക്കകം കീഴടങ്ങണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായബി വി നാഗരത്‌ന, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസില്‍ നിര്‍ണായകമായ വിധി ഇന്ന് പ്രസ്‌താവിച്ചത്. കേസിലെ പ്രതികളെ വിട്ടയക്കാന്‍ മഹാരാഷ്‌ട്രയ്‌ക്കാണ് അവകാശമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഗുജറാത്ത് കലാപം മുതല്‍ സുപ്രീം കോടതി വിധി വരെ ; ബില്‍ക്കിസ് ബാനു കേസിന്‍റെ നാള്‍വഴി
Bilkis Banu Case Timeline : ബില്‍ക്കിസ് ബാനു കേസില്‍ മുഴുവന്‍ പ്രതികളെയും മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാരിന്‍റെ തീരുമാനം റദ്ദാക്കിയിരിക്കുകയാണ് സുപ്രീം കോടതി. എല്ലാ പ്രതികളോടും രണ്ട് ആഴ്‌ചയ്‌ക്കകം കീഴടങ്ങണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Bilkis Banu Case Timeline
Published : Jan 8, 2024, 2:45 PM IST
ബില്‍ക്കിസ് ബാനു കേസിന്‍റെ നാള്‍ വഴി
- 3 മാര്‍ച്ച് 2022 :ഗുജറാത്ത് കലാപകാലത്ത് 21 വയസുകാരിയായ ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗത്തിന് ഇരയായി. ഈ സമയം അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു ഇവര്‍. ബലാത്സംഗത്തിന് ഇരയായ ബില്‍ക്കിസ് ബാനു കുടുംബവുമൊത്ത് രന്ധിക്‌പൂര്‍ ഗ്രാമത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. എന്നാല്‍, അക്രമികള്‍ അവരുടെ മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പടെ ഏഴ് പേരെ കൊലപ്പെടുത്തി.
- ഡിസംബര്‍ 2003 :ബില്‍ക്കിസ് ബാനു കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.
- 21 ജനുവരി 2008:പ്രത്യേക കോടതികേസിലെ 11 പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു.
- ഡിസംബര്‍ 2016 :ശിക്ഷാവിധിക്കെതിരെ പ്രതികള്‍ കോടതിയില്‍. പിന്നാലെ, ബോംബെ ഹൈക്കോടതി വിധി പ്രസ്‌താവം മാറ്റിവച്ചു.
- മെയ് 2017 :11 പ്രതികളെയും ജീവപര്യന്തം തടവിന് ശിക്ഷിച്ച വിധി ബോംബെ ഹൈക്കോടതി ശരിവച്ചു.
- 23 ഏപ്രില്‍ 2019 :ബില്‍ക്കിസ് ബാനുവിന് നഷ്‌ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതിയുടെ ഇടപടല്‍. നഷ്‌ടപരിഹാരമായി ബില്‍ക്കിസ് ബാനുവിന് 50 ലക്ഷം രൂപ നല്‍കണമെന്ന നിര്‍ദേശമാണ് ഗുജറാത്ത് സര്‍ക്കാരിന് സുപ്രീം കോടതി നല്‍കിയത്.
- 13 മെയ് 2022 :ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന കേസിലെ പ്രതികളില്‍ ഒരാളായ രാധേശ്യാം ഷായുടെ ആവശ്യം പരിശോധിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെടുന്നു.
- 15 ഓഗസ്റ്റ് 2022 :തടവ് പുള്ളികള്‍ക്ക് ശിക്ഷാ ഇളവ് അനുവദിക്കുന്ന 1992ലെ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ കേസിലെ 11 പ്രതികളെയും ഗുജറാത്ത് സര്‍ക്കാര്‍ ഗോധ്ര സബ് ജയിലില്‍ നിന്നും മോചിപ്പിച്ചു.
- 25 ഓഗസ്റ്റ് 2022 :ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചതിനെതിരെ സിപിഎം നേതാവ് സുഭാഷിണി അലിയും തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്രയും സംയുക്തമായി സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രത്തിനും ഗുജറാത്ത് സര്‍ക്കാരിനും സുപ്രീം കോടതി നോട്ടിസ് അയച്ചു.
- 30 നവംബര്‍ 2022 :കേസിലെ 11 പ്രതികളെയും മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാരിന്‍റെ നടപടി ചോദ്യം ചെയ്‌ത് ബില്‍ക്കിസ് ബാനു സുപ്രീം കോടതിയെ സമീപിച്ചു. സമൂഹ മനസാക്ഷിയെ ഉലച്ച തീരുമാനമാണ് ഗുജറാത്ത് ഭരണകൂടത്തിന്‍റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് ബില്‍ക്കിസ് ബാനു കോടതിയെ അറിയിച്ചു.
- 17 ഡിസംബര്‍ 2022 :കേസിലെ പ്രതിയായ രാധേശ്യാം ഷായുടെ ആവശ്യം പരിശോധിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനെ ചുമതലെപ്പെടുത്തിയ തീരുമാനം പുഃനപരിശോധിക്കണമെന്ന ബില്‍ക്കിസ് ബാനുവിന്‍റെ ഹര്‍ജി സുപ്രീം കോടതി തള്ളി.
- 27 മാര്‍ച്ച് 2023 :ബില്‍ക്കിസ് ബാനു നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനും ഗുജറാത്ത് സര്‍ക്കാരിനും നോട്ടിസ് അയച്ചു.
- 7 ഓഗസ്റ്റ് 2023 :പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള ഗുജറാത്ത് സര്‍ക്കാരിന്‍റെ തീരുമാനം ചോദ്യം ചെയ്‌തുകൊണ്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി അന്തിമ വാദം ആരംഭിച്ചു.
- 12 ഒക്‌ടോബര്‍ 2023 :ബില്‍ക്കിസ് ബാനു നല്‍കിയ ഹര്‍ജിയില്‍ വാദം കേട്ട കോടതി കേസ് വിധി പറയാന്‍ മാറ്റിവച്ചു.
- 8 ജനുവരി 2024 :കേസിലെ 11 പ്രതികളെയും മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാരിന്‍റെ തീരുമാനം സുപ്രീം കോടതി റദ്ദാക്കി. കേസിലെ മുഴുവന്‍ പ്രതികളോടും രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങാനും നിര്‍ദേശിച്ചു.
Also Read :ബില്‍ക്കിസ് ബാനു കേസ്: പ്രതികൾ ജയിലില്‍ പോകണം, ശിക്ഷ ഇളവ് റദ്ദാക്കി സുപ്രീം കോടതി