ഡൽഹി: കീഴടങ്ങാൻ സമയം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ 11 പ്രതികൾ നൽകിയ ഹർജി കോടതി തള്ളി. പ്രതികൾ ഉടൻ കീഴടങ്ങണമെന്ന് സുപ്രീം കോടതി നിർദേശിച്ചു (Accused Must Surrender Immediately).
ജസ്‌റ്റിസ് ബി വി നാഗരത്‌ന അധ്യക്ഷനായ രണ്ടംഗ ബെഞ്ച് പ്രതികളുടെ ആവശ്യം കഴമ്പില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി ഹർജി തള്ളുകയായിരുന്നു. കീഴടങ്ങുന്നതിനായി സമയം നീട്ടി നൽകാനോ ജയിലിലേക്ക് തിരിച്ചു പോകുന്നത് മാറ്റിവെക്കാനോ മതിയായ കാരണങ്ങൾ ഇല്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
ബിൽക്കിസ് ബാനു കേസിൽ മൂന്ന് പ്രതികൾ നൽകിയ ഹർജി ഇന്ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി ഇന്നലെ പരാമർശിച്ചിരുന്നു. ജനുവരി 21 നാണ് പ്രതികൾക്ക് കീഴടങ്ങാനുള്ള അവസാന തിയതി. ഇതിനിടെയാണ് കീഴടങ്ങാൻ സമയം വേണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ കോടതിയിൽ ഹർജി സമർപ്പിച്ചത്.