ന്യൂഡൽഹി: പ്രമാദമായ ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗ കേസിലെ പ്രതികളെ വിട്ടയച്ച നടപടിക്കെതിരെ ചരിത്രപരമായ വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. വിധിയിൽ ഗുജറാത്ത് സർക്കാരിനെ രൂക്ഷമായി വിമർശിച്ച കോടതി പ്രതികളെ വിട്ടയക്കാനുള്ള സര്‍ക്കാര്‍ തീരുമാനം റദ്ദാക്കി. ഗുജറാത്ത് സർക്കാർ പ്രതികളുമായി ഒത്തുകളിച്ചെന്നും, പ്രതികൾ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും കോടതി വിലയിരുത്തി. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ല, വിചാരണ നടന്ന മഹാരാഷ്ട്രയിലെ സർക്കാരിനാണ് ഇതിനുള്ള അധികാരം. ഗുജറാത്ത് സർക്കാർ ഇല്ലാത്ത അധികാരം വിനിയോഗിച്ചെന്നും ജസ്‌റ്റിസ് നാഗരത്‌ന ഉള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.(Bilkis Bano Case Convict Played Fraud on Supreme Court )
കേസിൽ ശിക്ഷാ ഇളവ് തേടി സുപ്രീം കോടതിയെ സമീപിച്ച പ്രതികളിലൊരാളായ രാധശ്യാം ഭഗവാൻദാസ് ഷായ്‌ക്കൊപ്പം ഗുജറാത്ത് സർക്കാർ ഒത്തുകളിച്ചെന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്. കുറ്റവാളികൾക്ക് ഇളവ് അനുവദിച്ചതിലൂടെ സംസ്ഥാന സർക്കാർ അധികാര ദുർവിനിയോഗം നടത്തിയെന്നും സുപ്രീം കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. 1992 ജൂലൈ 9 ലെ ഗുജറാത്ത് സംസ്ഥാന നയ പ്രകാരം 2022 മെയ് 13 ലെ വിധിക്കെതിരെ ഗുജറാത്ത് സർക്കാർ പുനഃപരിശോധനാ ഹർജി നൽകാത്തത് എന്തുകൊണ്ടാണെന്ന് മനസിലാക്കാൻ കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു.
"2022 മെയ് 13-ലെ കോടതി ഉത്തരവ് മുതലെടുത്ത് മറ്റ് കുറ്റവാളികളും ശിക്ഷ ഇളവിന് അപേക്ഷിക്കുകയും ഗുജറാത്ത് സർക്കാർ ഇളവ് അനുവദിക്കുകയും ചെയ്‌തു. ഗുജറാത്ത് സർക്കാർ ഈ കേസിൽ മൂന്നാം പ്രതിയായ രാധശ്യാം ഭഗവാൻദാസ് ഷായ്‌ക്കൊപ്പം ഒത്തുകളിക്കുകയും ചെയ്‌തു. വസ്‌തുതകൾ അടിച്ചമർത്തിക്കൊണ്ട് കോടതിയെ തെറ്റിദ്ധരിപ്പിച്ചു. ഗുജറാത്ത് സർക്കാർ അധികാരം ഉപയോഗിച്ചത് മറ്റൊരു സംസ്ഥാനത്തിന്‍റെ അധികാരം കവർന്നെടുക്കൽ മാത്രമായിരുന്നു." ഉത്തരവിൽ സുപ്രീം കോടതി വ്യക്തമാക്കി.
2019 ജൂലൈയിൽ ശിക്ഷ ഇളവിനായി ഗുജറാത്ത് ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജി തള്ളിയ കാര്യം പ്രതിയായ രാധശ്യാം ഭഗവാൻദാസ് ഷാ മറച്ചുവച്ചതായും സുപ്രീം കോടതി നിരീക്ഷിച്ചു. വിചാരണ നടന്നത് മഹാരാഷ്ട്രയിലാണെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് അന്ന് ഹൈക്കോടതി ഹർജി തള്ളിയത്.
Also Read:ഗുജറാത്ത് സര്‍ക്കാരിന്‍റെ ഔദ്യോഗിക പരിപാടിയില്‍ ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗ കേസ് പ്രതി; വേദി പങ്കിട്ട് എംപിയും എംഎല്‍എയും
ഇതിനുശേഷം 2019 ഓഗസ്റ്റ് 1-ന് അദ്ദേഹം ശിക്ഷായിളവിനായി മഹാരാഷ്ട്ര സർക്കാരിനെ സമീപിച്ചു. എന്നാൽ സിബിഐയും ഗുജറാത്ത് പൊലീസും അടക്കമുള്ളവർ ഇതിനെ അനുകൂലിക്കാതെ വന്നതോടെ ഈ വഴി അടഞ്ഞു. ഇതോടെയാണ് ഹൈക്കോടതി ഉത്തരവ് മറച്ചുവച്ച് രാധശ്യാം ഭഗവാൻദാസ് ഷാ സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹർജിയിലാണ് തടവുപുള്ളികൾക്ക് ശിക്ഷാ ഇളവ് നൽകുന്ന 1992 ലെ ഗുജറാത്ത് സർക്കാർ നയപ്രകാരം പ്രതിയുടെ അപേക്ഷ പരിഗണിക്കാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകിയത്.
എന്നാൽ 1992 ലെ ഗുജറാത്ത് സർക്കാർ നയം റദ്ദാക്കി 2014-ൽ പുതിയ നയം കൊണ്ടുവന്ന കാര്യം സർക്കാർ സുപ്രീം കോടതിയെ അറിയിച്ചില്ലെന്നും സുപ്രീം കോടതി കുറ്റപ്പെടുത്തി. "2014-ൽ പ്രസ്‌തുത നയം റദ്ദാക്കുകയും പകരം മറ്റൊരു നയം ഏർപ്പെടുത്തുകയും ചെയ്‌തതായി ഒരു കക്ഷിയും ഈ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ല. 09-07-1992 ലെ പോളിസി റദ്ദാക്കിയതിന്‍റെ ഫലം എന്താണെന്ന് ഹർജിക്കാനോ ഗുജറാത്ത് സര്‍ക്കാരോ ഈ കോടതിയെ അറിയിച്ചിട്ടില്ലെന്നും സുപ്രീം കോടതി പറഞ്ഞു. 2014 ലെ പുതിയ നയപ്രകാരം 11 പ്രതികൾക്കും ഇളവ് ലഭിക്കില്ലെന്നിരിക്കെയാണ് 1992 ലെ നയപ്രകാരം കേസ് പരിഗണിക്കണമെന്ന ആവശ്യവുമായി പ്രതി രാധശ്യാം ഭഗവാൻദാസ് ഷാ തങ്ങളെ സമീപിച്ചതെന്നും കോടതി വ്യക്‌തമാക്കി.
ബില്‍ക്കിസ് ബാനു കേസിന്‍റെ നാള്‍ വഴി:
- 3 മാര്‍ച്ച് 2022 :ഗുജറാത്ത് കലാപകാലത്ത് 21 വയസുകാരിയായ ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗത്തിന് ഇരയായി. ഈ സമയം അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു ഇവര്‍. ബലാത്സംഗത്തിന് ഇരയായ ബില്‍ക്കിസ് ബാനു കുടുംബവുമൊത്ത് രന്ധിക്‌പൂര്‍ ഗ്രാമത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. എന്നാല്‍, അക്രമികള്‍ അവരുടെ മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പടെ ഏഴ് പേരെ കൊലപ്പെടുത്തി.
- ഡിസംബര്‍ 2003 :ബില്‍ക്കിസ് ബാനു കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.
- 21 ജനുവരി 2008:പ്രത്യേക കോടതികേസിലെ 11 പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു.
- ഡിസംബര്‍ 2016 :ശിക്ഷാവിധിക്കെതിരെ പ്രതികള്‍ കോടതിയില്‍. പിന്നാലെ, ബോംബെ ഹൈക്കോടതി വിധി പ്രസ്‌താവം മാറ്റിവച്ചു.
- മെയ് 2017 :11 പ്രതികളെയും ജീവപര്യന്തം തടവിന് ശിക്ഷിച്ച വിധി ബോംബെ ഹൈക്കോടതി ശരിവച്ചു.
- 23 ഏപ്രില്‍ 2019 :ബില്‍ക്കിസ് ബാനുവിന് നഷ്‌ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതിയുടെ ഇടപടല്‍. നഷ്‌ടപരിഹാരമായി ബില്‍ക്കിസ് ബാനുവിന് 50 ലക്ഷം രൂപ നല്‍കണമെന്ന നിര്‍ദേശമാണ് ഗുജറാത്ത് സര്‍ക്കാരിന് സുപ്രീം കോടതി നല്‍കിയത്.
- 13 മെയ് 2022 :ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന കേസിലെ പ്രതികളില്‍ ഒരാളായ രാധേശ്യാം ഷായുടെ ആവശ്യം പരിശോധിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെടുന്നു.
- 15 ഓഗസ്റ്റ് 2022 :തടവ് പുള്ളികള്‍ക്ക് ശിക്ഷാ ഇളവ് അനുവദിക്കുന്ന 1992ലെ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ കേസിലെ 11 പ്രതികളെയും ഗുജറാത്ത് സര്‍ക്കാര്‍ ഗോധ്ര സബ് ജയിലില്‍ നിന്നും മോചിപ്പിച്ചു.
- 25 ഓഗസ്റ്റ് 2022 :ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചതിനെതിരെ സിപിഎം നേതാവ് സുഭാഷിണി അലിയും തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്രയും സംയുക്തമായി സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രത്തിനും ഗുജറാത്ത് സര്‍ക്കാരിനും സുപ്രീം കോടതി നോട്ടിസ് അയച്ചു.
- 30 നവംബര്‍ 2022 :കേസിലെ 11 പ്രതികളെയും മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാരിന്‍റെ നടപടി ചോദ്യം ചെയ്‌ത് ബില്‍ക്കിസ് ബാനു സുപ്രീം കോടതിയെ സമീപിച്ചു. സമൂഹ മനസാക്ഷിയെ ഉലച്ച തീരുമാനമാണ് ഗുജറാത്ത് ഭരണകൂടത്തിന്‍റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് ബില്‍ക്കിസ് ബാനു കോടതിയെ അറിയിച്ചു.
- 17 ഡിസംബര്‍ 2022 :കേസിലെ പ്രതിയായ രാധേശ്യാം ഷായുടെ ആവശ്യം പരിശോധിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനെ ചുമതലെപ്പെടുത്തിയ തീരുമാനം പുഃനപരിശോധിക്കണമെന്ന ബില്‍ക്കിസ് ബാനുവിന്‍റെ ഹര്‍ജി സുപ്രീം കോടതി തള്ളി.
- 27 മാര്‍ച്ച് 2023 :ബില്‍ക്കിസ് ബാനു നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനും ഗുജറാത്ത് സര്‍ക്കാരിനും നോട്ടിസ് അയച്ചു.
- 7 ഓഗസ്റ്റ് 2023 :പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള ഗുജറാത്ത് സര്‍ക്കാരിന്‍റെ തീരുമാനം ചോദ്യം ചെയ്‌തുകൊണ്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി അന്തിമ വാദം ആരംഭിച്ചു.
- 12 ഒക്‌ടോബര്‍ 2023 :ബില്‍ക്കിസ് ബാനു നല്‍കിയ ഹര്‍ജിയില്‍ വാദം കേട്ട കോടതി കേസ് വിധി പറയാന്‍ മാറ്റിവച്ചു.
- 8 ജനുവരി 2024 :കേസിലെ 11 പ്രതികളെയും മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാരിന്‍റെ തീരുമാനം സുപ്രീം കോടതി റദ്ദാക്കി. കേസിലെ മുഴുവന്‍ പ്രതികളോടും രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങാനും നിര്‍ദേശിച്ചു.
Also Read:ഗുജറാത്ത് കലാപം മുതല്‍ സുപ്രീം കോടതി വിധി വരെ ; ബില്‍ക്കിസ് ബാനു കേസിന്‍റെ നാള്‍വഴി