ന്യൂഡൽഹി:സോഷ്യൽ മീഡിയയിൽ വ്യാജ വീഡിയോകൾ പോസ്റ്റ് ചെയ്‌തുവെന്ന് ആരോപിച്ച് ബിഹാർ പൊലീസ്, യൂട്യൂബർ മനീഷ് കശ്യപിനെ അറസ്റ്റ് ചെയ്‌തതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. നിരവധി പേരാണ് അദ്ദേഹത്തെ പിന്തുണച്ചും ബിഹാർ ഭരണകൂടത്തെ വിമർശിച്ചും സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്. തമിഴ്‌നാട്ടിൽ കുടിയേറ്റ തൊഴിലാളികൾക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ യൂട്യൂബര്‍ വ്യാജ വീഡിയോകൾ പങ്കുവച്ചെന്നാണ് പൊലീസ് പറയുന്നത്.
മനീഷിന് കപിൽ മിശ്രയുടെ പിന്തുണ:അറസ്റ്റിനെ തുടര്‍ന്ന് കശ്യപിന്‍റെ ട്വിറ്റർ അക്കൗണ്ട് ടാഗ് ചെയ്‌ത് വിവിധ കോണുകളിൽ നിന്നാണ് ആളുകള്‍ പിന്തുണക്കുന്നത്. പുറമെ വിമർശനവുമുണ്ട്. ബിജെപി നേതാവ് കപിൽ മിശ്ര യൂട്യൂബര്‍ക്ക് പിന്തുണ നൽകുകയും ബിഹാർ സർക്കാരിന്‍റെ നടപടിയെ വിമര്‍ശിക്കുകയും ചെയ്‌തു. 'അടിയന്തരാവസ്ഥ, സ്വേച്ഛാധിപത്യം, അടിച്ചമർത്തൽ' എന്നിങ്ങനെയുള്ള പദപ്രയോഗമാണ് കപിൽ മിശ്ര സര്‍ക്കാരിനെതിരെ ഉപയോഗിച്ചത്. സർക്കാരിന് വലിയ ഭയമുണ്ട്. ദുർബലമായ സര്‍ക്കാരാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.
'മനീഷ് കശ്യപിനെതിരെ ബിഹാർ സർക്കാർ അടിയന്തരാവസ്ഥ, സ്വേച്ഛാധിപത്യം, അടിച്ചമർത്തൽ എന്നിവ നടത്തി ഉപദ്രവിക്കുകയാണ്' - മിശ്ര ട്വീറ്റ് ചെയ്‌തു. യൂട്യൂബറെ പിന്തുണച്ച് ശുഭം ശർമ എന്നയാളും രംഗത്തെത്തി. കപിൽ മിശ്രയോട് പൊലീസ് പെരുമാറുന്ന രീതി വർഷങ്ങളോളം ഓർമിക്കപ്പെടും. ദലിത് നേതാക്കൾ അദ്ദേഹത്തെ 'ത്രിപുരാരി തിവാരി' എന്ന് വിശേഷിപ്പിക്കുന്നത് എന്തിനാണ്. നിങ്ങൾ ഒരു പ്രത്യേക സമുദായത്തിൽ നിന്ന് വന്നാൽ ഒരു രാഷ്‌ട്രീയ പാർട്ടിയും നിങ്ങളെ സംരക്ഷിക്കില്ലെന്നും അദ്ദേഹം കുറിച്ചു.