സമസ്‌തിപൂര്‍: എടുത്ത ലോണ്‍ ഗഡുക്കളായി തിരിച്ചടയ്‌ക്കുന്നതിനായി ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ രക്തം നല്‍കി ബിഹാര്‍ സ്വദേശിയായ യുവതി. രക്തം നല്‍കുന്നതിന് പകരം പണം എന്നതായിരുന്നു യുവതി ലക്ഷ്യമിട്ടത്. യുവതിയോടൊപ്പം ഭര്‍ത്താവും രണ്ട് കുട്ടികളും പ്രദേശത്തെ സര്‍ദാര്‍ ആശുപത്രിയില്‍ എത്തിയിരുന്നു.
കൃഷി ആവശ്യങ്ങള്‍ക്കായിരുന്നു വാരിസ്‌നഗര്‍ സ്വദേശിയായ ഗുല്‍നാസ് ദേവി ലോണ്‍ എടുത്തത്. ഗഡുക്കളായി തിരിച്ചടയ്‌ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു 35,000 രൂപ ലോണ്‍ എടുത്തത്. അന്നേ ദിവസം ഇവര്‍ക്ക് ഗഡു തുകയായി 11,000 രൂപ തിരിച്ചടയ്‌ക്കേണ്ടതായി വന്നു.
എല്ലാ വഴിയും അടഞ്ഞപ്പോള്‍ രക്തം ദാനം ചെയ്യാന്‍ തീരുമാനിച്ചു:പണം ശരിയാക്കുന്നതിനായി എല്ലാ മാര്‍ഗവും തേടിയ ഗുല്‍നാസ് ദേവിയുടെ പരിശ്രമങ്ങള്‍ പാഴാകുകയായിരുന്നു. അങ്ങനെ മറ്റ് മാര്‍ഗമൊന്നും ഇല്ലാതെ വന്നപ്പോഴാണ് രക്തദാനം എന്ന ആശയം മനസില്‍ ഉദിക്കുന്നത്.
'കൃഷി ഉപകരണങ്ങള്‍ വാങ്ങുന്നതിനായി ഞാന്‍ ലോണ്‍ എടുത്തിരുന്നു. എന്നാല്‍, കൃഷിയില്‍ വിചാരിച്ച പോലെ ലാഭം നേടാന്‍ സാധിച്ചില്ല. ലോണ്‍ തിരിച്ചടയ്‌ക്കേണ്ട പണം എന്‍റെ പക്കല്‍ ഇല്ലാത്തതിനാലാണ് എനിക്ക് രക്തം ദാനം ചെയ്യേണ്ടി വന്നത്'- ഗുല്‍നാസ് ദേവി പറഞ്ഞു.
അറിയിച്ചിരുന്നെങ്കില്‍ സഹായിക്കുമായിരുന്നു: ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും ദരിദ്രരുടെ ഉന്നമനത്തിനുമായി സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന സമയത്താണ് ഇത്തരമൊരു വാര്‍ത്ത അധികാരികളുടെ കാതുകളില്‍ എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. 'ഈ സ്‌ത്രീ തനിക്ക് ഒരു അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കില്‍ വ്യക്തമായ അന്വേഷണത്തിന് ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമായിരുന്നുവെന്ന് വാരിസ്‌നഗര്‍ ബ്ലോക്ക് ഡെവലപ്‌മെന്‍റ് ഓഫിസര്‍ രഞ്ജിത്ത് കുമാര്‍ പറഞ്ഞു. എന്നാല്‍, ഇതുവരെ ഗുല്‍നാസ് ദേവിയും ഭര്‍ത്താവും തനിക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നില്ല എന്ന് അദ്ദേഹം അറിയിച്ചു.