പൂർണിയ: ബിഹാറിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയതായി സംശയം. പൂർണിയ ജില്ലയിലെ ബധാരി നിവാസിയായ നീരജ് കുമാറിന്‍റെ ഭാര്യ കല്യാണി കുമാരിയാണ് മരിച്ചത്. ഭാര്യയ്‌ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തിന് പിന്നാലെ ഭർത്താവ് കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിന് പിന്നാലെ ഭർത്താവ് നീരജ് കുമാർ ഒളിവിലാണ്.
ഇന്നലെ (13.08.2022) ജില്ലയിലെ കെഹാട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രഭാത് കോളനിയിലായിരുന്നു സംഭവം. ലബോറട്ടറി ജീവനക്കാരിയായ കല്യാണി കഴിഞ്ഞ ഒന്നര മാസമായി പ്രഭാത് കോളനിയിൽ വാടകയ്‌ക്ക് താമസിച്ചുവരികയാണെന്നും ഭർത്താവ് മറ്റൊരിടത്തായിരുന്നു എന്നും പൊലീസ് പറയുന്നു.
കല്യാണിയോടൊപ്പം മുറിയിൽ കഴിഞ്ഞിരുന്ന അൻഷു കുമാരി എന്ന സ്‌ത്രീയാണ് ആദ്യമായി മൃതദേഹം കണ്ടത്. പുറത്തുപോയി വന്ന അൻഷു മുറി പൂട്ടിയിരുന്നതായി കണ്ടു. തുടർന്ന് വാതിൽ തകർത്ത് ഉള്ളിലേക്ക് കടന്നപ്പോഴാണ് തറയിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന കല്യാണിയുടെ മൃതദേഹം അൻഷു കണ്ടത്. അൻഷു വിവരമറിയിച്ചതിനെ തുടർന്ന് കെഹാട്ട് പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി.
മൃതദേഹം കണ്ടെത്തിയതിന് സമീപത്ത് നിന്ന് ഒരു പാനും പൊലീസ് കണ്ടെടുത്തു. ഭർത്താവാണ് പാത്രം കൊണ്ട് അടിച്ച് കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നതായും ഇയാൾ ഇപ്പോൾ ഒളിവിലാണെന്നും പൊലീസ് പറയുന്നു. നീരജ് കുമാറിന്‍റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
കൊല്ലപ്പെട്ട കല്യാണിക്ക് നാല് വയസുള്ള ഒരു മകളുമുണ്ട്. ഒരു മാസം മുമ്പ് ഈ കുട്ടിയെ മുത്തച്ഛൻ കൂട്ടിക്കൊണ്ടുപോയതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.