ബക്‌സർ : ബിഹാറിലെ ബക്‌സറിൽ ഇന്നലെ രാത്രിയുണ്ടായ ട്രെയിൻ അപകടത്തിൽ നാല് മരണം (Bihar train Accident Death Toll). ബക്‌സർ ജില്ലയിലെ രഘുനാഥ്പൂർ സ്റ്റേഷന് സമീപം ഇന്നലെ രാത്രി 9:53നാണ് നോർത്ത് ഈസ്റ്റ് എക്‌സ്പ്രസ് ട്രെയിൻ പാളം തെറ്റിയത്. 70 ഓളം പേർക്ക് അപകടത്തിൽ പരിക്കേറ്റതായി ഈസ്റ്റ് സെൻട്രൽ റെയിൽവേ സോണിലെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ (സിപിആർഒ) ബീരേന്ദ്ര കുമാർ പറഞ്ഞു.
ഡൽഹിയിലെ ആനന്ദ് വിഹാർ ടെർമിനലിൽ നിന്ന് അസമിലെ കാമാഖ്യയിലേക്ക് പോകുകയായിരുന്ന 12506 ട്രെയിനിന്‍റെ 21 കോച്ചുകളാണ് പാളം തെറ്റിയത് (Train Derailed In Buxar). ബക്‌സർ സ്‌റ്റേഷനിൽ നിന്ന് പുറപ്പെട്ട് അരമണിക്കൂറിനുള്ളിലാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ പ്രാദേശിക ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ ഗുരുതരമായി പരിക്കേറ്റവരെ പട്‌ന എയിംസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. റെയിൽവേ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തുണ്ട്. അപകടത്തിന് പിന്നിലെ കാരണം എന്താണെന്ന് അന്വേഷിക്കുമെന്നും ബീരേന്ദ്ര കുമാർ കൂട്ടിച്ചേർത്തു.
അതേസമയം, രക്ഷാപ്രവർത്തനം പൂർത്തിയായതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചു. എല്ലാ കോച്ചുകളും പരിശോധിച്ചു. ട്രെയിനിലെ സുരക്ഷിതരായ മറ്റ് യാത്രക്കാരെ അതത് ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിനായി ബദൽ ക്രമീകരണങ്ങൾ ചെയ്‌തിട്ടുണ്ടെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനായി ആറ് ബസുകളും അപകടസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.
മെഡിക്കൽ ടീമുകളെ സംഭവസ്ഥലത്തേക്ക് അയച്ചതായി റെയിൽവേ പൊലീസ് ഫോഴ്‌സ് ഇൻസ്‌പെക്‌ടർ ദീപക് കുമാർ വ്യക്തമാക്കി. 9771449971 (പട്‌ന), 8905697493 (ദനാപൂർ), 8306182542 (അറ), 8306182542, 7759070004എന്നിങ്ങനെ റെയിൽവേ അടിയന്തര ഹെൽപ്പ് ലൈൻ നമ്പറുകൾ പുറപ്പെടുവിച്ചു. ഡൽഹിക്കും ദിബ്രുഗഡിനും ഇടയിലുള്ള രാജധാനി എക്‌സ്പ്രസ് ഉൾപ്പെടെ ഈ റൂട്ടിൽ സർവീസ് നടത്തുന്ന 18 ട്രെയിനുകൾ വഴിതിരിച്ചുവിട്ടതായും റെയിൽവേ അറിയിച്ചിട്ടുണ്ട്.