പട്‌ന: തമിഴ്‌നാട്ടിൽ അതിഥി തൊഴിലാളികളെ ആക്രമിക്കുന്നതിന്‍റെ വ്യാജ വീഡിയോ നിർമ്മിച്ച കേസിലെ മുഖ്യപ്രതിയടയ്‌ക്കം രണ്ട് പേരെ ബിഹാർ പൊലീസ് അറസ്റ്റ് ചെയ്‌തു. മുഖ്യപ്രതിയായ ഗോപാൽഗഞ്ച് സ്വദേശിയായ രാകേഷ് രഞ്ജൻ കുമാറും കൂട്ടാളികളായ അമൻ കുമാർ, മനീഷ് കശ്യപ്, യുവരാജ് സിങ് രാജ്‌പുത് എന്നിവരുൾപ്പെടെ നാലുപേരെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. രാകേഷിനെ കൂടാതെ ജാമുയി സ്വദേശി അമൻ കുമാറാണ് അറസ്റ്റിലായത്. മനീഷും യുവരാജും ഒളിവിലാണ്.
പ്രതികളുടെ ഒളിത്താവളങ്ങളിൽ സംസ്ഥാന പൊലീസ് റെയ്‌ഡ് നടത്തുന്നുണ്ട്. നാല് പേരെ കൂടാതെ ഉമേഷ് മഹാതോ എന്നയാളെയും ഗോപാൽഗഞ്ചിൽ നിന്ന് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്‌തുവരികയാണ്. കേസിനാസ്‌പദമായ വ്യാജ വൈറൽ വീഡിയോ പ്രചരിപ്പിച്ചതിൽ 42 സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും നോട്ടിസ് അയച്ചിട്ടുണ്ട്. ബിഹാർ പൊലീസ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
കേസിലെ മുഖ്യപ്രതിയായ രാകേഷ് രഞ്ജൻ കുമാർ മാർച്ച് 6 ന് 2 പേരുടെ സഹായത്തോടെയാണ് വ്യാജ വീഡിയോ നിർമ്മിച്ചത്. പട്‌നയിലെ ജക്കൻപൂർ പൊലീസ് സ്‌റ്റേഷനു കീഴിലുള്ള ബംഗാളി കോളനിയിൽ വാടകയ്‌ക്ക് താമസിച്ചാണ് വീഡിയോ തയ്യാറാക്കിയത്. ബിഹാറിലെയും തമിഴ്‌നാട്ടിലെയും പൊലീസിനെ തെറ്റിദ്ധരിപ്പിക്കുക എന്നതായിരുന്നു പട്‌നയിൽ വീഡിയോ നിർമ്മിച്ചതിന് പിന്നിലെ ലക്ഷ്യമെന്ന് കുറ്റം സമ്മതിച്ച രാകേഷ് രഞ്ജൻ കുമാർ പൊലീസിനോട് പറഞ്ഞു. രാകേഷ് വാടകയ്‌ക്ക് താമസിച്ച വീട്ടുടമസ്ഥനുമായി സംസാരിച്ച പൊലീസ് വീഡിയോ അദ്ദേഹത്തിന്‍റെ വീട്ടിൽ വെച്ച് ചിത്രീകരിച്ചതാണെന്ന് സ്ഥിരീകരിച്ചു.
അതനുസരിച്ച് രാകേഷ് രഞ്ജൻ, മനീഷ് കശ്യപ്, യുവരാജ് സിങ്, അമൻ കുമാർ എന്നിവർക്കെതിരെ പട്‌നയിലെ സാമ്പത്തിക കുറ്റകൃത്യ യൂണിറ്റ് (ഇഒയു) പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. രാകേഷ് രഞ്ജൻ നിർമ്മിച്ച വ്യാജ വീഡിയോ മാർച്ച് എട്ടിനാണ് മനീഷ് കശ്യപ് ട്വീറ്റ് ചെയ്‌തത്. ബിഎൻആർ ന്യൂസ് ഹണി എന്ന യൂട്യൂബ് ചാനലിലും ഇയാൾ വീഡിയോ അപ്‌ലോഡ് ചെയ്‌തിരുന്നു.