നളന്ദ: മുസ്‌ലിം മതത്തിനെതിരെ വിവാദ പരാമര്‍ശവുമായി ബിഹാർ പൊതുമരാമത്ത് വകുപ്പ് മന്ത്രി അശോക് ചൗധരി. ഇന്ത്യയിലെ 90 ശതമാനം മുസ്‌ലിങ്ങളും മതം മാറിയവരാണെന്നാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം. മുസ്‌ലിം മത വിശ്വാസികളായ സര്‍ക്കാര്‍ ജീവനക്കാർക്ക് റമദാന്‍ വൃത സമയത്ത് നല്‍കുന്ന ഇളവിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. ഇതിനെ പ്രതിരോധിച്ച് സംസാരിക്കുമ്പോഴാണ് മന്ത്രിയുടെ പരാമര്‍ശം സര്‍ക്കാരിന് തിരിച്ചടിയായത്.
'ബിജെപി മതം നോക്കി വിവാദമുണ്ടാക്കുന്നു':മുസ്‌ലിങ്ങൾ ലണ്ടനിൽ നിന്നോ അമേരിക്കയിൽ നിന്നോ അഫ്‌ഗാനിസ്ഥാനിൽ നിന്നോ വന്നവരല്ലെന്നും യഥാർഥത്തിൽ ദലിത് വിഭാഗത്തില്‍ നിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു മതവിഭാഗത്തിലെ ജാതി പീഡനം കാരണം മതം മാറിയവരാണെന്നും മന്ത്രി വിശദീകരിച്ചു. 'ന്യൂനപക്ഷങ്ങൾക്ക് ഇത്തരം ഇളവുകൾ എല്ലായ്‌പ്പോഴും നൽകിയിട്ടുണ്ട്. ഹിന്ദു-മുസ്‌ലിം വിഭാഗങ്ങളെക്കുറിച്ച് ബിജെപി എപ്പോഴും എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കും. എന്ത് ചെയ്‌തിട്ടും കാര്യമില്ല. ബിജെപി എപ്പോഴും ഹിന്ദു - മുസ്‌ലിം വീക്ഷണ കോണില്‍ മാത്രം നോക്കിക്കണ്ട് വിവാദം ഉണ്ടാക്കുകയാണ്'.
'ആരാണ് മുസ്‌ലിങ്ങള്‍ ? ലണ്ടനിൽ നിന്നോ അമേരിക്കയിൽ നിന്നോ വന്നവരല്ല. അഫ്‌ഗാനിസ്ഥാനിൽ നിന്നും വന്നവരല്ല അവര്‍. 90 ശതമാനം മുസ്‌ലിങ്ങളും രാജ്യത്തെ തൊട്ടുകൂടായ്‌മയും ജാതി വ്യവസ്ഥയും കൊണ്ട് മടുത്തിട്ട് മതം മാറിയവരാണ്' - ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. റമദാന്‍ വൃതത്തില്‍ സര്‍ക്കാര്‍ സര്‍വീസിലെ മുസ്‌ലിം ജീവനക്കാർക്ക് ഒരു മണിക്കൂർ നേരത്തെ ഓഫിസിലെത്താനും ഒരു മണിക്കൂർ മുന്‍പ് വീട്ടിലേക്ക് തിരിക്കാനും ബിഹാർ സർക്കാർ വെള്ളിയാഴ്‌ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.