വെസ്റ്റ് ചമ്പാരൻ: ബിഹാറിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ ഒമ്പത് പേരെ കൊലപ്പെടുത്തിയ നരഭോജി കടുവയെ വെടിവച്ച് കൊലപ്പെടുത്തി. പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിലെ ബഗാഹ പട്ടണത്തിലെ ഒരു കരിമ്പ് തോട്ടത്തിൽ ശനിയാഴ്‌ച(ഒക്‌ടോബര്‍ 8) ഉച്ചയോടെയാണ് കടുവയെ കണ്ടെത്തി വെടിവെച്ച് കൊന്നതെന്ന് വനം വകുപ്പ് വൃത്തങ്ങൾ ഇടിവി ഭാരതിനോട് പറഞ്ഞു. ചിവതഹാൻ, ഗോവർദ്ധൻ വനമേഖലയ്ക്ക് സമീപം രണ്ട് മാസത്തിനിടെ ഒമ്പത് പേരെയാണ് കടുവ കടിച്ച് കൊന്നത്.
ഇനി ആശ്വസിക്കാം; 9 പേരുടെ ജീവനെടുത്ത നരഭോജി കടുവയെ വെടിവച്ച് കൊന്നു ഗോവർധന പൊലീസ് സ്റ്റേഷൻ പരിധിയിലെ ബലുവ വില്ലേജിൽ ശനിയാഴ്‌ച ഒരു സ്ത്രീയേയും മകനെയും കടുവ കൊലപ്പെടുത്തിയിരുന്നു. രാവിലെ ഏഴ് മണിയോടെ കടുവ ഇരുവരെയും ആക്രമിക്കുകയായിരുന്നു. കടുവയെ എവിടെ വച്ച് കണ്ടാലും വെടിവച്ച് കൊലപ്പെടുത്തണമെന്ന് ബിഹാർ വൈൽഡ് ലൈഫ് ഗാർഡൻ ഉത്തരവിറക്കിയതിന് പിന്നാലെയായിരുന്നു ആക്രമണം ഉണ്ടായത്.
ബുധനാഴ്‌ച 12കാരിയും വ്യാഴാഴ്‌ച രാത്രി 35കാരനായ സഞ്ജയ് മഹതോയും കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ കടുവയെ പിടികൂടാൻ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിനെയും 400 വനംവകുപ്പ് ഉദ്യോഗസ്ഥരെയും പ്രദേശത്ത് വിന്യസിച്ചിരുന്നു. കെണി വച്ച് പിടികൂടാനുള്ള ശ്രമം നടത്തിയെങ്കിലും കടുവ തുടർച്ചയായി രക്ഷപ്പെട്ടതിനെത്തുടർന്നാണ് വെടിവച്ച് കൊല്ലാൻ ഉത്തരവിട്ടത്.
ALSO READ:മനുഷ്യരെ വേട്ടയാടി കടുവ: ഇതുവരെ കൊല്ലപ്പെട്ടത് 9 പേര്‍, കണ്ടാല്‍ ഉടൻ വെടി വയ്ക്കാൻ ഉത്തരവ്
കടുവയുടെ ആക്രമണം വർധിച്ചതോടെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ വരെ ഭയപ്പെടുന്ന സ്ഥിതിയിലായിരുന്നു പ്രദേശവാസികൾ. ഇതിനിടെ കടുവയുടെ ആക്രമണത്തിന് പരിഹാരം കാണാൻ അധികൃതർ നടപടി എടുക്കുന്നില്ല എന്നാരോപിച്ച് നാട്ടുകാർ വലിയ പ്രതിഷേധം നടത്തിയിരുന്നു. രോഷാകുലരായ നാട്ടുകാർ വനംവകുപ്പിന്‍റെ വാഹനങ്ങൾ ഉൾപ്പെടെ കഴിഞ്ഞ ദിവസം അടിച്ചുതകർത്തിരുന്നു.