പട്‌ന:ട്രാൻസ്‌ജെൻഡർ യുവതിയെ വിവാഹം കഴിച്ചതിന്‍റെ പേരില്‍ മാതാപിതാക്കളും ജ്യേഷ്‌ഠനും മർദിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയുമായി യുവാവ്. ബിഹാറിലെ പട്‌നയ്‌ക്കടുത്തുള്ള ദനാപൂർ സ്വദേശിയായ രവി കുമാര്‍ സിങ്ങാണ് പരാതിക്കാരന്‍. മര്‍ദനവുമായി ബന്ധപ്പെട്ട് യുവാവ് മാതാപിതാക്കൾക്കും മൂത്ത സഹോദരനുമെതിരെ പൊലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകുകയായിരുന്നു.
രണ്ട് വർഷം മുന്‍പ് ഇൻസ്റ്റഗ്രാമിലൂടെ പ്രണയത്തിലായ ട്രാൻസ്‌ജെൻഡർ യുവതിയെ വിവാഹം കഴിച്ചതോടെയാണ്, കുടുംബാംഗങ്ങള്‍ തന്നെ മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തതെന്ന് യുവാവ് പരാതിയിൽ പറയുന്നു. ദർഭംഗ സ്വദേശിനിയായ ട്രാൻസ്‌ജെൻഡർ യുവതി അധിക ചൗധരി സിങിനെയാണ് ഇയാള്‍ വിവാഹം കഴിച്ചത്. യുവാവിന്‍റെ ബന്ധത്തെക്കുറിച്ച് മാതാപിതാക്കൾ അറിഞ്ഞപ്പോൾ എതിർപ്പ് അറിയിച്ചിരുന്നു. എന്നാല്‍, രവി കുമാര്‍ ഇത് വകവയ്‌ക്കാതെ പ്രണയം തുടരുകയായിരുന്നു.
'വിവാഹ ശേഷം, എന്‍റെ പങ്കാളിയുമായി സ്വന്തം വീട്ടില്‍ താമസിക്കാന്‍ വിചാരിച്ചിരുന്നു. പക്ഷേ, എന്‍റെ മാതാപിതാക്കൾ അതിന് സമ്മതിച്ചില്ല. ഒരു തവണ എങ്കിലും എന്‍റെ പങ്കാളിയുമായി സംസാരിക്കണമെന്ന് ഞാന്‍ മാതാപിതാക്കളോട് പറഞ്ഞിരുന്നു. പക്ഷേ, അവർ അത് കേട്ട ഭാവം നടിച്ചില്ല. മാതാപിതാക്കൾ എന്നെ നന്നായി തല്ലുകയും സഹോദരൻ എന്നെ ഭീഷണിപ്പെടുത്തുകയുമുണ്ടായി.' - രവികുമാർ മാധ്യമങ്ങളോട് പറഞ്ഞു.
'ബൈക്കിലെത്തിയ അക്രമികൾ കൊല്ലാൻ ശ്രമിച്ചു':ഇക്കഴിഞ്ഞ ജൂൺ 25ന് ഒരു പ്രാദേശിക ക്ഷേത്രത്തിൽ വച്ചാണ് താൻ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ വിവാഹം കഴിച്ചതെന്ന് രവി കുമാര്‍ പറഞ്ഞു. വിവാഹത്തിന് ശേഷം വീട്ടിലേക്ക് പോയ സമയത്താണ് തന്‍റെ അച്ഛൻ സത്യേന്ദ്ര സിങും അമ്മയും ജ്യേഷ്‌ഠന്‍ ധനഞ്ജയ് സിങും മർദിച്ചതും വീട്ടിൽ നിന്നും പുറത്താക്കുകയും ചെയ്‌തത്. ജൂലൈ 13ന് ജെഎൻ ലാൽ കോളജിനും ഖഗൗളിലെ മോത്തി ചൗക്കിനും ഇടയിൽവച്ച് ബൈക്കിലെത്തിയ അജ്ഞാത സംഘം തന്നെ കൊല്ലാൻ ശ്രമിച്ചു. ഒരു വിധത്തിലാണ് താന്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടതെന്നും യുവാവ് മാധ്യമങ്ങളോട് പറഞ്ഞു.