പട്‌ന:ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തെറിവാക്കുകള്‍ ഉപയോഗിച്ചതിന് ബിഹാറിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ കെകെ പഥകിനെതിരെ വലിയ വിമര്‍ശനം. ബിഹാറിലെ എക്‌സൈസ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് കെ കെ പഥക്. തന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് പഥക് തെറിവാക്കുകള്‍ ഉപയോഗിച്ചത്. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ബിഹാറില്‍ യോഗത്തിനിടെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍റെ തെറിയഭിഷേകം; വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി - ബിഹാര്‍ വാര്‍ത്തകള്‍
പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ കെ പഥക്കാണ് തന്‍റെ ജൂനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ തെറി വാക്കുകള്‍ ഉപയോഗിച്ചത്
ട്രാഫിക് സിഗ്‌നലുകളിലും ബിഹാറില്‍ ആളുകള്‍ ഹോണ്‍ മുഴക്കുന്നുണ്ടെന്നും ഇത് തടയാന്‍ ഉദ്യോഗസ്ഥര്‍ക്ക് ആവുന്നില്ല എന്നുള്ളതിലും വളരെ പരുഷമായാണ് കെ കെ പഥക് ഉദ്യോഗസ്ഥരോട് സംസാരിച്ചത്. "ചെന്നൈയിലെ ട്രാഫിക് സിഗ്‌നലില്‍ ആരെങ്കിലും ഹോൺ മുഴക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ, പക്ഷേ ഇവിടെ ട്രാഫിക് സിഗ്നലിൽ നിൽക്കുമ്പോൾ ആളുകൾ വണ്ടികളുടെ ഹോൺ മുഴക്കും", പഥക് ഉദ്യോഗസ്ഥരോട് പറയുന്നതിനിടയില്‍ നിരവധി തെറിവാക്കുകളും തിരുകി കയറ്റുന്നു.
കെ കെ പഥകിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിഹാറിലെ ഐഎഎസ് അസോസിയേഷന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. സംഭവം അന്വേഷിച്ചതിന് ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ബിഹാര്‍ എക്‌സൈസ് മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു. 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് പഥക്. ഈ അടുത്താണ് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ നിന്ന് ഇദ്ദേഹത്തെ തിരിച്ചുവിളിച്ചത്.