പട്ന:ഇന്ത്യന്‍ രാഷ്ട്രീയം ഉറ്റുനോക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. മൂന്ന് ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനത്ത് രാവിലെ എട്ടു മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. 243 സീറ്റുകളുടെ ഫലത്തിനായാണ് കാത്തിരിപ്പ്. എക്സിറ്റ് പോള്‍ ഫലങ്ങളുടെ പിന്‍ബലത്തില്‍ ഏറെ ആത്മവിശ്വാസത്തിലാണ് ആര്‍ജെഡിയുയുടെ മഹാസഖ്യമുള്ളത്. എന്നാല്‍ എക്സിറ്റ് പോളുകളെ തള്ളി സംസ്ഥാനത്ത് വിജയ തുടര്‍ച്ച് പ്രവചിക്കുകയാണ് എന്‍ഡിഎ. മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ന്യൂഡല്‍ഹിയിലും നഷ്ടപ്പെട്ട പ്രതാപം ബിഹാറിലൂടെ തിരിച്ച് പിടിക്കാനാണ് എന്‍ഡിഎ ശ്രമം. എന്നാല്‍ ബിഹാര്‍ കൈവിട്ടാല്‍ അത് ബിജെപിക്കും പ്രധാനമന്ത്രിക്കും വലിയ രാഷ്ട്രീയ തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അതിനാല്‍ തന്നെ നിതീഷ് കുമാറിന് നാലാം തുടര്‍ ഭരണത്തില്‍ കുറഞ്ഞൊന്നും എന്‍ഡിഎ പ്രതീക്ഷിക്കുന്നുമില്ല.
31ാം ജന്മദിനം ആഘോഷിക്കുന്ന് തേജസ്വി യാദവ് എന്‍ഡിഎ ക്യാമ്പിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. പ്രചാരണങ്ങളില്‍ ജ്വലിച്ച തേജസ്വിയുെട പ്രതീക്ഷകള്‍ക്കൊപ്പമാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍. അതേസമയം സംസ്ഥാനത്ത് ഒറ്റക്ക് ഭരണം പിടിക്കാനും ഏറ്റവും വലിയ ഒറ്റകക്ഷിയാകാനുമുള്ള ബിജെപിയുടെ ശ്രമങ്ങളും ബിഹാര്‍ ഫലത്തെ കൂടുതല്‍ ആകാംഷയുള്ളതാക്കും. മത്സരം കടുത്തെങ്കിലും ചിരാഗ് പസ്വാനെയും ചെറിയ പാര്‍ട്ടികളെയും ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങൾ ബിജെപി തുടങ്ങികഴിഞ്ഞു. അതേസമയം തൂക്കു മന്ത്രിസഭയുടെ സാധ്യതകള്‍ തള്ളാത്ത മുന്നണികള്‍ മറ്റ് പാര്‍ട്ടികളുമായുള്ള ചര്‍ച്ചകള്‍ ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു.