പട്‌ന (ബിഹാര്‍) :കുറച്ചുനാളുകള്‍ക്ക് മുമ്പ് ഇന്ത്യന്‍ ഗണിതശാസ്‌ത്രജ്ഞന്‍ ആനന്ദ് കുമാർ നിര്‍ധനരായ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കാനായി പട്‌നയില്‍ 'സൂപ്പർ 30' എന്നൊരു പദ്ധതി ആരംഭിച്ചു. നേരിട്ടല്ലെങ്കില്‍ കൂടി അദ്ദേഹത്തിന്‍റെ ഉദ്യമം ഇന്ന് ഫലം കണ്ടിരിക്കുകയാണ്. കാരണം ഇന്ന് പട്‌നക്ക് ഒരു യുവ ഗണിതശാസ്‌ത്രജ്ഞനുണ്ട്. മൂന്നാം ക്ലാസില്‍ പഠിക്കുന്ന, മുതിര്‍ന്നവരെ കണക്ക് പഠിപ്പിക്കുന്ന ബോബി രാജ് എന്ന കുട്ടി ഗണിതശാസ്‌ത്രജ്ഞന്‍.
എട്ടുവയസുകാരനായ ബോബി പരിഹരിക്കുന്നത് പത്താം ക്ലാസുകാരന്‍റെ പാഠപുസ്‌തകങ്ങളിലുള്ള കണക്കുകളാണ്. അതുകൊണ്ടുതന്നെ ഇന്ന് മസൗർഹിയിലെ ചപൗർ ഗ്രാമത്തിലുള്ള ഉയര്‍ന്ന ക്ലാസിലെ വിദ്യാര്‍ഥികളെല്ലാം കണക്ക് പഠിക്കാനെത്തുന്നത് ബോബിയുടെ അടുത്താണ്. ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ബോബിയെക്കുറിച്ച് അച്ഛൻ രാജ്കുമാറും അമ്മ ചന്ദ്രപ്രഭ കുമാരിയും വാചാലരായി.
പത്താം ക്ലാസുകാരെ കണക്ക് പഠിപ്പിക്കുന്ന മൂന്നാം ക്ലാസുകാരന്‍ ; അത്‌ഭുതമായി ബോബി എന്ന 'കൊച്ചു ഗണിതശാസ്‌ത്രജ്ഞന്‍' " 2018 ലാണ് ഞങ്ങളൊരു കോച്ചിംഗ് സ്കൂള്‍ ആരംഭിക്കുന്നത്. ഇവിടെ നഴ്സറി മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. ഇവിടെ സീനിയര്‍ വിഭാഗം വിദ്യാര്‍ഥികളെ ഗണിതം പഠിപ്പിക്കുന്നത് ബോബിയാണ്" - അമ്മ ചന്ദ്രപ്രഭ കുമാരി പറഞ്ഞു. ഗണിതശാസ്‌ത്രത്തില്‍ ബോബിയുടെ കഴിവ് കണ്ടപ്പോള്‍ ട്യൂഷന്‍ ക്ലാസില്‍ ഗണിതം പഠിപ്പിക്കാന്‍ അവന്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും വളരെ ലളിതമായും സംശയങ്ങൾ എളുപ്പത്തിൽ പരിഹരിച്ചുമാണ് ബോബി പഠിപ്പിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ട്യൂഷന്‍ സെന്‍റര്‍ അടച്ചിടേണ്ടി വന്നപ്പോഴും ബോബിയുടെ ഗണിത ക്ലാസിനായി വിദ്യാര്‍ഥികള്‍ വീട്ടിലെത്തിയിരുന്നതായും അവര്‍ ഓര്‍ത്തെടുത്തു.
മുമ്പ് ഒരു പരിപാടിയില്‍ പങ്കെടുക്കാനായി പട്‌നയിലെത്തിയ ബോളിവുഡ് നടനും സാമൂഹ്യപ്രവര്‍ത്തകനുമായ സോനു സൂദ് പ്രതിഭാസമ്പന്നനായ ബോബി രാജിനെ പ്രശംസിച്ചിരുന്നു. ഇതിനുപിന്നാലെ ബോബിക്കൊപ്പമുള്ള ചിത്രവും താരം ട്വീറ്റ് ചെയ്‌തിരുന്നു. മാത്രമല്ല ബോബിയുടെ കഴിവ് മനസ്സിലാക്കിയ സോനു സൂദ് കുട്ടിയുടെ തുടര്‍ വിദ്യാഭ്യാസത്തിന്‍റെ ചെലവ് ഏറ്റെടുക്കുകയും ശാസ്‌ത്രജ്ഞനാകുക എന്ന ബോബിയുടെ സ്വപ്‌നത്തിന് കൈത്താങ്ങാകാമെന്ന് വാക്കുനല്‍കുകയും ചെയ്‌തിട്ടുണ്ട്.