ഭുവനേശ്വർ : 2024 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സന്ദർശനം നടത്താൻ തീരുമാനിച്ച് ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ (യുണൈറ്റഡ്) തലവനുമായ നിതീഷ് കുമാർ. ഒഡിഷ പ്രധാനമന്ത്രി നവീൻ പട്‌നായിക്കിനെ മെയ് 9 ന് നിതീഷ് കുമാർ സന്ദർശിക്കും. ബിജെപി ഇതര രാഷ്‌ട്രീയ പാർട്ടികൾക്കിടയിൽ ഐക്യം സ്ഥാപിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് നിതീഷ് കുമാറിന്‍റെ രാഷ്‌ട്രീയ നീക്കം.
മെയ് 9ന് ഒഡിഷ സന്ദർശിക്കുന്ന നിതീഷ് കുമാർ ബിജു ജനതാദൾ (ബിജെഡി) അധ്യക്ഷൻ കൂടിയായ നവീനുമായി കൂടിക്കാഴ്‌ച നടത്തും. ഉച്ചയ്ക്ക് 12 മണിക്ക് ഭുവനേശ്വറിൽവച്ചായിരിക്കും കൂടിക്കാഴ്‌ച. അടുത്ത തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം കൊണ്ടുവരുന്നതിനുള്ള സുപ്രധാന നീക്കമാണിതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കൂടിക്കാഴ്‌ചയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങൾ ലഭ്യമല്ല.
ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും അകലം പാലിക്കുന്ന ബിജെഡി ഇതുവരെ എൻഡിഎയിലോ ബിജെപി ഇതര സഖ്യത്തിലോ ചേർന്നിട്ടില്ല. ഈ വർഷം ഏപ്രിലിൽ ഡൽഹിയില്‍ പ്രമുഖ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം വിവിധ പാർട്ടികളെ ഒന്നിപ്പിക്കാൻ രാജ്യത്തുടനീളം സഞ്ചരിക്കുമെന്ന് നിതീഷ് കുമാർ പ്രഖ്യാപിച്ചിരുന്നു.
'ബിഹാറിൽ മഹാഗഡ്‌ബന്ധൻ സർക്കാർ രൂപീകരിച്ചത് മുതൽ ഞാൻ പ്രതിപക്ഷ ഐക്യത്തിനായി വാദിക്കുന്നു. എൻഡിഎ വിടാനുള്ള എന്‍റെ തീരുമാനത്തെ എല്ലാവരും അഭിനന്ദിച്ചു. കോൺഗ്രസ് നേതാക്കൾ എന്നെ വിളിച്ചപ്പോൾ ഞാൻ അവിടെ പോയി അവരുമായി സംസാരിച്ചിരുന്നു' - ബി ആർ അംബേദ്‌കറുടെ ജന്മദിനത്തിൽ നടത്തിയ പ്രസംഗത്തിൽ നിതീഷ് പറഞ്ഞിരുന്നു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എന്നിവരുമായി നിതീഷ് കുമാർ ഇതിനകം കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്. ഇവരെ കൂടാതെ കൊൽക്കത്തയിൽ വച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് (ടിഎംസി) അധ്യക്ഷയുമായ മമത ബാനർജിയുമായും, ലഖ്‌നൗവിൽ വച്ച് സമാജ്‌വാദി പാർട്ടി (എസ്‌പി) അധ്യക്ഷൻ അഖിലേഷ് യാദവുമായും ഇടത് നേതാക്കളായ സീതാറാം യെച്ചൂരി, ഡി രാജ എന്നിവരുമായും നിതീഷ് കൂടിക്കാഴ്‌ച നടത്തി.
ഒഡിഷ തലസ്ഥാനത്ത് നവീനും മമതയും കൂടിക്കാഴ്ച നടത്തിയത് ബിജെപിക്കെതിരെ പ്രാദേശിക പാർട്ടികള്‍ സഖ്യത്തിലാവുന്നതിന്‍റെ തയ്യാറെടുപ്പായി വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ യോഗത്തിൽ രാഷ്‌ട്രീയ ചർച്ച ഉണ്ടായിട്ടില്ല എന്നായിരുന്നു നിതീഷ് കുമാറിന്‍റെ പ്രതികരണം. രാജ്യത്തിന്‍റെ ഫെഡറൽ ഘടന ശാശ്വതവും ശക്തവുമാക്കാൻ ഞങ്ങൾ തീരുമാനിച്ചു. മറ്റൊരു രാഷ്‌ട്രീയ ചർച്ചയും നടന്നിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഒഡിഷയിലെ ഭരണകക്ഷിയായ ബിജെഡി ഇതുവരെ മൂന്നാം മുന്നണി രൂപീകരിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ യോഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്.
2023 ലെ ലോകകപ്പ് ഹോക്കി മത്സരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞ വർഷം ഡിസംബറിൽ നവീൻ മമതയെയും നിതീഷിനെയും ഒഡിഷയിലേക്ക് ക്ഷണിച്ചിരുന്നു. 2019 മുതൽ മിക്കവാറും എല്ലാ വിഷയങ്ങളിലും കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിനെ നവീൻ പട്‌നായിക്കിന്‍റെ നേതൃത്വത്തിലുള്ള ബിജെഡി പിന്തുണയ്ക്കുന്നുണ്ട്. നിതീഷ് കുമാറിന്‍റെ സന്ദർശനം പുതിയ രാഷ്‌ട്രീയ കരുനീക്കങ്ങൾക്ക് വഴിയൊരുക്കുമോ എന്ന് കാത്തിരുന്നുകാണാം.