പട്‌ന:രാജ്യത്തിന്‍റെ 75-ാം സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ 20 ലക്ഷം തൊഴിലുകള്‍ സൃഷ്‌ടിക്കുമെന്ന വാഗ്‌ദാനവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഉപമുഖ്യമന്ത്രിയായ തേജസ്വി യാദവ് മുമ്പ് വാഗ്‌ദാനം ചെയ്‌ത പത്ത് ലക്ഷം തൊഴിലവസരങ്ങള്‍ നിറവേറ്റാന്‍ പുതിയ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, വാഗ്‌ദാനത്തെ 'ചരിത്ര ദിനത്തിൽ നടത്തിയ ചരിത്രപരമായ പ്രഖ്യാപനം' എന്ന് പ്രശംസിച്ച് തേജസ്വി യാദവും രംഗത്തെത്തി.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നിതീഷ്, ഇത് 16-ാം തവണയാണ് സംസ്ഥാന തലവനായി പതാക ഉയര്‍ത്തുന്നത്. "ഞങ്ങൾ ഒരുമിച്ചാണ്, പത്ത് ലക്ഷം തൊഴിലവസരങ്ങൾ എന്ന ആശയം ഞങ്ങൾക്കുണ്ട്. ഞങ്ങൾ അത് ചെയ്യും. എന്നാല്‍ ഞാന്‍ പറയുന്നു ഞങ്ങൾ 20 ലക്ഷം തൊഴിലവസരങ്ങളാണ് ലക്ഷ്യമിടുന്നതെന്ന്. സർക്കാർ, സ്വകാര്യ മേഖലകളിലൂടെ അത് നേടിയെടുക്കാൻ ഞങ്ങള്‍ ശ്രമിക്കും" എന്ന് നിതീഷ് കുമാര്‍ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ അറിയിച്ചു.
ചരിത്രപരമായ അവസരത്തിലുള്ള മുഖ്യമന്ത്രിയുടെ ചരിത്രപരമായ തീരുമാനമാണ് ഇതെന്ന് അറിയിച്ച തേജസ്വി യാദവ്, തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിനേക്കാൾ വലിയ പ്രശ്‌നമൊന്നും ഇന്ന് നിലവിലില്ല എന്നും വ്യക്തമാക്കി. തന്‍റെ വാഗ്‌ദാനത്തിന് എന്ത് സംഭവിച്ചു എന്ന് ചോദിക്കുന്നവരെ ഈ പ്രഖ്യാപനം നിശബ്‌ദമാക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 2020 ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് ആർജെഡി നേതാവ് തേജസ്വി യാദവ് പത്ത് ലക്ഷം തൊഴിലവസരങ്ങൾ എന്ന വാഗ്‌ദാനം മുന്നോട്ടുവെക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായാണ് ബിജെപിയെ ഞെട്ടിച്ചുകൊണ്ട് നിതീഷ് സര്‍ക്കാര്‍ പിരിച്ചുവിടുന്നതും പ്രതിപക്ഷ കക്ഷിയായ ആര്‍ജെഡിയുമൊന്നിച്ച് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതും. അതേസമയം, നിഷ്‌ഫലമായ ജനസംഖ്യ നിയമം മുന്നോട്ടുവച്ചതില്‍ പഴയ സഖ്യകക്ഷിയായ ബിജെപിയെ പരിഹസിക്കാനും നിതീഷ് മറന്നില്ല. "ചൈന ജനസംഖ്യ നിയമം കൊണ്ടുവന്നതിന് ശേഷമുള്ള അനുഭവം എന്തായിരുന്നു?. അതിനുശേഷം പൗരന്മാര്‍ക്ക് അനുവദിക്കുന്ന കുട്ടികളുടെ എണ്ണം അവര്‍ എപ്പോഴും പരിഷ്‌കരിച്ചുകൊണ്ടേ ഇരിക്കുന്നു. ഉയർന്ന വിദ്യാഭ്യാസമുള്ള സ്‌ത്രീകളിൽ ഫെർട്ടിലിറ്റി നിരക്ക് കുറയുന്നുവെന്ന് സൂചിപ്പിക്കുന്ന സ്‌റ്റാറ്റിസ്‌റ്റിക്കൽ ഡാറ്റ ഞങ്ങളുടെ പക്കലുണ്ടെന്നും”അദ്ദേഹം പറഞ്ഞു. നിയമനിർമാണത്തിലൂടെ ജനസംഖ്യ നിയന്ത്രണം വേണമെന്നത് കുമാറിന്‍റെ ജെഡിയു ബിജെപിയുമായി വേർപിരിയുന്നത് വരെ പോരാടിയ നിരവധി വിഷയങ്ങളിലൊന്നായിരുന്നു.