ബന്‍ക(ബിഹാര്‍):ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതശരീരം രഹസ്യമായി ഉപേക്ഷിക്കുന്നതിനിടെ നാട്ടുകാര്‍ കണ്ടു. പിന്തുടര്‍ന്ന നാട്ടുകാരില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ ഇയാള്‍ എത്തപ്പെട്ടത് പൊലീസ് സ്റ്റേഷനില്‍. ബിഹാറിലെ ബങ്ക ജില്ലയിലെ സഞ്ജയ് ദാസ് എന്ന വ്യക്തിയാണ് ഇങ്ങനെ പൊലീസിന്‍റെ വലയില്‍ ആയത്.
ഭാര്യയുടെ മൃതദേഹം ഉപേക്ഷിക്കാനായി അത് ഇരുചക്ര വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെയാണ് സഞ്ജയ് ദാസിനെ നാട്ടുകാരില്‍ ചിലര്‍ കാണുന്നത്. നാട്ടുകാര്‍ പിന്തുടര്‍ന്നപ്പോള്‍ ഇയാള്‍ ഭയചകിതനായി. തുടര്‍ന്ന് ഇയാള്‍ ബൈക്കിന്‍റെ വേഗത വര്‍ധിപ്പിച്ചു. എന്നാല്‍ നേരെ എത്തപ്പെട്ടത് പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തില്‍.
സഞ്ജയ് ദാസിന്‍റെ അനന്തരവനും അറസ്റ്റില്‍:മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി പൊലീസ് അധികൃതര്‍ അയച്ചിട്ടുണ്ട്. സഞ്ജയ്‌യെ പൊലീസ് ചോദ്യം ചെയ്‌തു. ചോദ്യം ചെയ്യലിന് ശേഷം സഞ്ജയ്‌യേയും സഞ്ജയ്‌യുടെ അനന്തരവന്‍ സുജല്‍ ദാസിന്‍റേയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മൃതദേഹം കെട്ടിതൂക്കി ഭാര്യയുടെ മരണം തൂങ്ങി മരണമാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിന് സുജല്‍ ദാസ് സഞ്ജയ് ദാസിനെ സഹായിച്ചു എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഈ ശ്രമം പരാജയപ്പെടുകയായിരുന്നു.
കൊലപാതകത്തിന് കാരണം സഞ്ജയ് ദാസിന്‍റെ അവിഹിത ബന്ധം ഭാര്യ അറിഞ്ഞത്:ശില്‍പ്പി കുമാരിയാണ് കൊല്ലപ്പെട്ടത്. തന്‍റെ കുടുംബത്തില്‍പ്പെട്ട ഒരു യുവതിയുമായുള്ള സഞ്‌ജയ് ദാസിന്‍റെ അവിഹിത ബന്ധം ശില്‍പ്പി കുമാരി അറിഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പൊലീസ് പറയുന്നു. രണ്ട് പേരെയും സംശയകരമായ സാഹചര്യത്തില്‍ ശില്‍പ്പി ശനിയാഴ്‌ച(04.03.2023) രാത്രി കണ്ടിരുന്നു. തുടര്‍ന്ന് ശില്‍പ്പിയും സഞ്ജയ് ദാസും തമ്മില്‍ വലിയ രീതിയിലുള്ള തര്‍ക്കം ഉടലെടുത്തു. തര്‍ക്കം കായികമായ ആക്രമണത്തിലേക്ക് മാറി. അങ്ങനെ ക്രോധം നിയന്ത്രിക്കാന്‍ ആകാതെയുള്ള സഞ്ജയ് ദാസിന്‍റെ ആക്രമണത്തിലാണ് ശില്‍പ്പി കുമാരി കൊല്ലപ്പെടുന്നത് എന്ന് പൊലീസ് പറഞ്ഞു.
കൊലപാതകമല്ലെന്ന് വരുത്തിതീര്‍ക്കാനുള്ള സഞ്ജയ് ദാസിന്‍റെ ശ്രമം:ശില്‍പ്പി കുമാരി കൊല്ലപ്പെട്ടതിന് ശേഷമാണ് തന്‍റെ ഭാര്യയുടെ മരണം കൊലപാതകമല്ല എന്ന ശ്രമം നടത്തുന്നതിനായി സുജല്‍ ദാസിന്‍റെ സഹായം സഞ്ജയ് തേടുന്നത്. തെളിവ് നശിപ്പിക്കാന്‍ സഞ്ജയ് ദാസിനെ സഹായിച്ചതിനാണ് സുജല്‍ ദാസിനെ പൊലീസ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്. ആദ്യം മൃതദേഹം കെട്ടി തൂക്കി തൂങ്ങി മരണം ആണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു സഞ്ജയ് ദാസും സുജല്‍ ദാസും ശ്രമിച്ചത് എന്ന് പൊലീസ് പറയുന്നു.
എന്നാല്‍ ഈ ശ്രമം വിജയിക്കാത്തതിനെ തുടര്‍ന്നാണ് മറ്റ് മാര്‍ഗങ്ങളെ കുറിച്ച് ഇവര്‍ ചിന്തിച്ചത്. തുടര്‍ന്ന് ആരും കാണാതെ വിജനമായ സ്ഥലത്ത് മൃതദേഹം ഉപേക്ഷിക്കാന്‍ ഇവര്‍ തീരുമാനിച്ചു. അങ്ങനെ മൃതദഹം കാണാത്ത തരത്തില്‍ പൊതിഞ്ഞ് ഇരുചക്ര വാഹനത്തില്‍ രാത്രിയില്‍ കൊണ്ടുപോകുമ്പോള്‍ നാട്ടുകാരില്‍ ചിലര്‍ ഇത് കാണുകയും സംശയം തോന്നുകയുമായിരുന്നു. തുടര്‍ന്നാണ് ഇവര്‍ സഞ്ജയ് ദാസിന്‍റെ ഇരുചക്ര വാഹനത്തെ പിന്തുടര്‍ന്നത്.
സഞ്‌ജയ് ദാസിന് തക്ക ശിക്ഷ ഉറപ്പാക്കണമെന്ന് ശില്‍പ്പി കുമാരിയുടെ പിതാവ്:കൂടുതല്‍ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണെന്നും ഇതിന്‍റെ ഭാഗമായി ചിലപ്പോള്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സഞ്ജയ് ദാസിന് ശിക്ഷ ഉറപ്പാക്കണമെന്ന് ശില്‍പ്പി കുമാരിയുടെ പിതാവ് ബലേശ്വര്‍ ദാസ് ആവശ്യപ്പെട്ടു. കുടുംബത്തില്‍പ്പെട്ട ഒരു സ്‌ത്രീയുമായുള്ള സഞ്ജയ് ദാസിന്‍റെ അവിഹിത ബന്ധത്തെ ചോദ്യം ചെയ്‌തതിനാണ് തന്‍റെ മകളെ ഇയാള്‍ ദാരുണമായി കൊലപ്പെടുത്തിയത് എന്ന് ബലേശ്വര്‍ ദാസ് പ്രതികരിച്ചു.