മോത്തിഹരി:ബിഹാറില്‍ 2016 മുതല്‍ മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബിഹാറിലെ ചമ്പാരനിലുണ്ടായ മദ്യ ദുരന്തത്തില്‍ നിരവധിപേര്‍ മരിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. അതേസമയം ചമ്പാരനിലുണ്ടായ മദ്യ ദുരന്തത്തില്‍ നാലുപേര്‍ കൂടി ഇന്ന് മരിച്ചതായി ഡോക്‌ടര്‍മാര്‍ അറിയിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 26 ആയി. മാത്രമല്ല സംഭവത്തില്‍ 20 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.
ധനസഹായം പ്രഖ്യാപിച്ച് നിതീഷ്:സംസ്ഥാനത്ത് തങ്ങൾ മദ്യം നിരോധിച്ചിട്ടുണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ തുടരുന്നു. ആളുകള്‍ മരിച്ചുവെന്നത് വളരെ സങ്കടകരമാണ്. ജീവിച്ചിരിക്കുന്നവരെ ശിക്ഷിക്കാമെങ്കിലും മരിച്ചവരുടെ കുടുംബങ്ങള്‍ ദുഃഖിതരാണെന്നും ഇവരില്‍ ഭൂരിഭാഗവും ദരിദ്രരാണെന്നും നിതീഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അതുകൊണ്ടുതന്നെ 2016 മുതൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ തങ്ങൾ തീരുമാനിച്ചുവെന്നും ഇതിനായി 2016 മുതലുള്ള എല്ലാ കേസുകളും പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് ദിവസം മുമ്പ് നടന്ന മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍:അതേസമയം സംഭവത്തെ തുടര്‍ന്ന് തുർകൗലിയ, ഹർസിദ്ധി, സുഗൗലി, പഹർപൂർ എന്നീ പൊലീസ് സ്‌റ്റേഷനുകളിലെയും രഘുനാഥ്പൂർ ഔട്ട്‌പോസ്‌റ്റിലെയും സ്‌റ്റേഷന്‍ഹൗസ് ഓഫിസര്‍മാരെ കൃത്യനിർവഹണത്തിലെ വീഴ്‌ചയുടെ പേരിൽ സസ്‌പെന്‍ഡ് ചെയ്‌തതായി ജില്ല പൊലീസ് മേധാവി കാന്തേഷ് കുമാർ മിശ്ര അറിയിച്ചു. കഴിഞ്ഞ പത്ത് മണിക്കൂറിനുള്ളിൽ നാലുപേർ കൂടി മരിച്ചതോടെ മരണസംഖ്യ 26 ആയി ഉയർന്നിട്ടുണ്ട്.
ജില്ല ഭരണകൂടത്തിന് ലഭ്യമായ വിവരങ്ങള്‍ പ്രകാരം ധ്രുപ് പാസ്വാൻ (48), അശോക് പാസ്വാൻ (44), രാമേശ്വർ റാം (35), ഇദ്ദേഹത്തിന്‍റെ പിതാവ് മഹേന്ദ്ര റാം, ചോട്ടു കുമാര്‍ (19), വിന്ദേശ്വരി പാസ്വാൻ, ലക്ഷ്‌മിപൂര്‍ ഗ്രാമത്തിലെ ജോഖു സിങ് (19), അഭിഷേക് യാദവ്, ജസിന്‍പുര്‍ നിവാസികളായ ഗോകുല, ധ്രുവ് യാദവ് (23), സാഹ്നി, ഇദ്ദേഹത്തിന്‍റെ പിതാവ് ഗണേഷ് പാസ്വാന്‍, ലക്ഷ്‌മണ്‍ മഞ്ജി (33), തുർകൗലിയ നിവാസികളായ നരേഷ് പാസ്വാന്‍, ലാല്‍ പട്ടേല്‍, പർമേന്ദ്ര ദാസ്, നവൽ ദാസ് എന്നിവരാണ് മരിച്ചത്. എന്നാല്‍ മരണപ്പെട്ടവരുടെ യഥാര്‍ഥ എണ്ണം മറച്ചുവയ്‌ക്കുന്നതിനായി ചിലരെ പോസ്റ്റ്‌മോര്‍ട്ടം കൂടാതെ ഭരണകൂടത്തിന്‍റെ അറിവോടെ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾ സംസ്‌കരിച്ചതായി ആരോപണം ഉയരുന്നുണ്ട്.
പരിശോധനയുമായി പൊലീസ്: സംഭവത്തില്‍ ഇതുവരെ അഞ്ച് കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തതായും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് സൂപ്രണ്ട് കാന്തേഷ് കുമാർ മിശ്ര അറിയിച്ചു. മാത്രമല്ല ജില്ലയിൽ അനധികൃത മദ്യവിൽപ്പന നടത്തിയതിന് 80 പേരെ ഈസ്‌റ്റ് ചമ്പാരൻ പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ടെന്നും സംഭവത്തെ തുടര്‍ന്ന് 600 ലധികം സ്ഥലങ്ങളില്‍ പരിശോധന നടത്തിയതായും അദ്ദേഹം വ്യക്തമാക്കി. പരിശോധനയില്‍ 370 ലിറ്റര്‍ മദ്യവും, 50 ലിറ്റര്‍ സ്‌പിരിറ്റും, വ്യാജമദ്യം നിർമിക്കാൻ ഉപയോഗിക്കുന്ന 1150 ലിറ്റര്‍ രാസവസ്‌തുക്കളും പിടികൂടിയതായും അദ്ദേഹം പറഞ്ഞു. അതേസമയം വ്യാജമദ്യ ദുരന്തം നിതീഷ് കുമാര്‍ സര്‍ക്കാര്‍ നടത്തിയ കൂട്ടക്കൊലയാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി.