പട്‌ന : ജാതി സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ബിഹാര്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 63 ശതമാനവും ഒബിസി-ഇബിസി (Other Backward Class &Extremely Backward Classes) വിഭാഗക്കാരാണെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ (Bihar Caste Survey Report Released- 63 Percent Are Backward Class). കണക്കുകൾ പ്രകാരം സംസ്ഥാനത്തെ മൊത്തം ജനസംഖ്യ 13.07 കോടിയിലധികം വരും. ഇതിൽ 36 ശതമാനവും അതിപിന്നാക്ക (EBC) വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. 27.12 ശതമാനം പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവരും 19.7 ശതമാനം പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവരും 1.68 ശതമാനം പട്ടിക വിഭാഗക്കാരുമാണ്. സംവരണമില്ലാത്ത മുന്നോക്ക വിഭാഗക്കാർ 15.52 ശതമാനമാണെന്നും സെന്‍സസ് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു (Bihar Caste Survey Report Released).
കണക്കുകൾ പ്രകാരം ഉപമുഖ്യമന്ത്രി തേജസ്വി യാദവ് (Tejashwi Yadav) ഉൾപ്പെടുന്ന ഒബിസിയില്‍പ്പെടുന്ന യാദവ് വിഭാഗമാണ് ബിഹാറിലെ ഏറ്റവും വലിയ ജാതി സമൂഹം. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 14.27 ശതമാനവും യാദവ് വിഭാഗമാണെന്ന് സർവേ വ്യക്തമാക്കുന്നു. ഭൂമിഹാര്‍ വിഭാഗം- 2.86 %, ബ്രാഹ്‌മണര്‍ 3.66 %, മുശാഹര്‍ 3 % എന്നിങ്ങനെയാണ് മറ്റുള്ളവര്‍. മതാടിസ്ഥാനത്തിൽ ഹിന്ദുസമൂഹം ആകെ ജനസംഘ്യയുടെ 81.9986 ശതമാനമാണ്. മുസ്ലിങ്ങള്‍ 17.70 ശതമാനം, ക്രിസ്ത്യാനികള്‍ .0576 ശതമാനം, സിഖ് 0.0113 ശതമാനം, ബുദ്ധമതവിഭാഗം .0851 ശതമാനം, ജൈനര്‍ .0096 ശതമാനം എന്നിങ്ങനെയാണ് ബാക്കി മതങ്ങളുടെ കണക്ക്.
ഗാന്ധി ജയന്തി ദിനത്തിൽ ബിഹാര്‍ ഡെവലപ്‌മെന്‍റ് കമ്മീഷണർ വിവേക് സിങ്ങാണ് കണക്കുകള്‍ പുറത്തുവിട്ടത്. മുഖ്യമന്ത്രി നിതീഷ് കുമാർ (Nitish Kumar) എക്‌സിലൂടെ ജാതി സെൻസസിന് പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനം രേഖപ്പെടുത്തി. "ഇന്ന്, ഗാന്ധി ജയന്തി ദിനത്തിൽ, ബിഹാറിൽ നടത്തിയ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസിന്‍റെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു. ജാതി അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പ് നടത്തിയ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ" - അദ്ദേഹം എക്‌സിൽ കുറിച്ചു.