പട്ന:ബിഹാറിലെ പട്ടിക ജാതി, പട്ടികവർഗ, മറ്റു പിന്നാക്ക, അതി പിന്നാക്ക വിഭാഗങ്ങൾക്കായുളള സംവരണം 50 ശതമാനത്തിൽ നിന്നും 65 ശതമാനത്തിലേക്കുയർത്താൻ നിർദേശം നൽകി മുഖ്യമന്ത്രി നിതീഷ് കുമാർ. ബിഹാർ നിയമസഭ ശീതകാല സമ്മേളനത്തിന്റെ രണ്ടാം ദിവസമാണ് സംവരണവുമായി ബന്ധപ്പെട്ട നിർദേശം അവതരിപ്പിച്ചത് (Bihar Cabinet Approves Proposed Quota Hike To 75% Including EWS reservations).
ഇതോടെ മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് (EWS) കേന്ദ്രസർക്കാറിന്റെ പത്ത് ശതമാനം സംവരണം കൂടി ഉൾപ്പെടുത്തി ആകെ 75 ശതമാനമാകും. സർക്കാരിന്റെ പുതിയ നിർദേശം അംഗീകരിക്കപ്പെട്ടാൽ ബിഹാറിലെ പട്ടിക ജാതി വിഭാഗങ്ങൾക്ക് നിലവിൽ ലഭിക്കുന്ന 16 ശതമാനം സംവരണം 20 ശതമാനമായി ഉയർത്തുകയും പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് ലഭിക്കുന്ന ഒരു ശതമാനം സംവരണം 2 ശതമാനമായി ഉയർത്തുകയും ഇബിസി, ഒബിസി വിഭാഗങ്ങൾക്ക് 43 ശതമാനവും സംവരണം നൽകും.
അതേസമയം പട്ടിക ജാതി, പട്ടിക വർഗ്ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ, അതി പിന്നാക്ക വിഭാഗങ്ങൾ, ഇഡബ്ല്യുഎസ് എന്നിവർക്കുള്ള സംവരണം നിലവിലെ 50 ശതമാനത്തിൽ നിന്ന് 75 ശതമാനമായി ഉയർത്താനുള്ള നിർദേശം ബിഹാർ മന്ത്രിസഭ പാസാക്കി. ഇത് സംബന്ധിച്ച ബിൽ ഈ സമ്മേളനത്തിൽ തന്നെ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ജാതി സെൻസസ് ശാസ്ത്രീയം: ബിഹാറിൽ നടന്ന ജാതി സെൻസസ് തികച്ചും ശാസ്ത്രീയമാണെന്നും എല്ലാവരുടെയും സമ്മതത്തോടെയാണ് ജാതി കണക്കെടുപ്പ് സാധ്യമായതെന്നും മുഖ്യമന്ത്രി നിതീഷ് കുമാർ. അതേസമയം ജാതി സെൻസസ് റിപ്പോർട്ടിനെക്കുറിച്ച് ചിലർ ചോദിച്ച ആരോപണങ്ങൾ മുഖ്യമന്ത്രി നിതീഷ് കുമാർ തള്ളി.