പട്‌ന: ബിഹാറിലെ മൊകാമ നിയമസഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് നിലനിർത്തി ആർജെഡി. 16,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എതിരാളിയായ ബിജെപിയുടെ സോനം ദേവിയെ ആര്‍ജെഡി സ്ഥാനാര്‍ഥി നീലം ദേവി പരാജയപ്പെടുത്തിയത്. നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള ജെഡിയു എന്‍ഡിഎ വിട്ട ശേഷമുണ്ടായ ആദ്യ തെരഞ്ഞെടുപ്പില്‍ മണ്ഡലം പിടിക്കാന്‍ ബിജെപി തന്ത്രങ്ങള്‍ പയറ്റിയെങ്കിലും ഫലമുണ്ടായില്ല. 63,003 വോട്ട് സോനം പെട്ടിയിലാക്കിയപ്പോള്‍ 79,744 നേടിയാണ് നീലത്തിന്‍റെ വിജയം.
ബിഹാറിലെ മൊകാമ നിലനിര്‍ത്തി ആര്‍ജെഡി; നിതീഷിനെ തിരിച്ചടിക്കാനായില്ല, ബിജെപിയ്‌ക്ക് ഫലം നിരാശ - ബിഹാറിലെ മൊകാമയില്‍ ആര്‍ജെഡിക്ക് വിജയം
നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള ജെഡിയു എന്‍ഡിഎ വിട്ട ശേഷമുണ്ടായ ആദ്യ തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്കാന്‍ ബിജെപി ശ്രമിച്ചെങ്കിലും 16,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് മഹാഗഡ്‌ബന്ധന്‍ മുന്നണിയിലെ ആര്‍ജെഡിയുടെ വിജയം
ബിഹാര്‍ പിടിച്ചടക്കാന്‍ ബിജെപി നീക്കം നടത്തുന്നതായുള്ള അഭ്യൂഹം ഉയര്‍ന്നതോടെയാണ് ഈ വർഷം ഓഗസ്റ്റിൽ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ഡിഎ മുന്നണി വിട്ടത്. ലാലു പ്രസാദ് യാദവിന്‍റെ നേതൃത്വത്തിലുള്ള ആർജെഡി, കോൺഗ്രസ്, ഇടതുപക്ഷ പാര്‍ട്ടികള്‍ എന്നിവയടങ്ങിയ മഹാഗഡ്‌ബന്ധന്‍ മുന്നണിയാണ് സംസ്ഥാനം ഭരിക്കുന്നത്. നിതീഷിന്‍റെ മുന്നണി മാറ്റം രാഷ്‌ട്രീയപരമായി വലിയ ആഘാതമുണ്ടാക്കിയ സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലം പിടിക്കാന്‍ ബിജെപി പതിനെട്ടടവും പയറ്റിയത്.
അതേസമയം, സംസ്ഥാനത്തെ ഗോപാൽഗഞ്ച് നിയമസഭ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി തങ്ങളുടെ മണ്ഡലം നിലനിര്‍ത്തി. ഗോപാൽഗഞ്ചിൽ ആർജെഡിയുടെ മോഹൻ ഗുപ്‌തയെ തുരത്തി 70,032 വോട്ടിനാണ് ബിജെപിയുടെ കുസും ദേവി മണ്ഡലം നിലനിര്‍ത്തിയത്.