പട്‌ന:കേന്ദ്ര സര്‍ക്കാരിന്‍റെ അഗ്‌നിപഥ് പദ്ധതിയ്‌ക്കെതിരെ വെള്ളിയാഴ്‌ചയും (17.06.22) വന്‍ പ്രതിഷേധമാണ് ബിഹാറിലുണ്ടായത്. ഉപമുഖ്യമന്ത്രി രേണു ദേവിയുടെ വീടിന് നേരെ ആക്രമണമുണ്ടായി. ഗുണ്ടകളുടെ സഹായത്താലാണ് പ്രതിപക്ഷ പാർട്ടികൾ വലിയ തോതിലുള്ള അക്രമവും തീവെപ്പും നടത്തുന്നതെന്ന് രേണു ദേവി വിമര്‍ശിച്ചു.
''ബി.ജെ.പി നേതാക്കളെ ലക്ഷ്യമിട്ടുള്ളതാണ് ആക്രമണം. ബെട്ടിയ പട്ടണത്തിലെ എന്‍റെ വീട് ആക്രമിക്കപ്പെട്ടു. ജനൽ ചില്ലുകളും അകത്ത് നിർത്തിയിട്ടിരുന്ന കാറും തകർന്നു. ഭാഗ്യവശാൽ, ഉള്ളിലുണ്ടായിരുന്ന ആർക്കും പരിക്കില്ല. സഞ്ജയ് ജയ്‌സ്വാളിന്‍റെ (സംസ്ഥാന പാർട്ടി പ്രസിഡന്‍റ്) സഹോദരന്‍റെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പും തകർത്തു''. - രേണു ദേവി മാധ്യമങ്ങളോട് പറഞ്ഞു.
നിരവധി പരിപാടികളിൽ പങ്കെടുക്കാൻ ഹെലികോപ്റ്ററിൽ പോകാൻ പദ്ധതിയിട്ടിരുന്നെങ്കിലും ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്ത് ഉപമുഖ്യമന്ത്രി വെള്ളിയാഴ്‌ച യാത്ര മാറ്റിവച്ചു. മോത്തിഹാരിയിൽ ബി.ജെ.പി എം.എൽ.എ വിനയ് ബിഹാരിയുടെ കാറിന് നേരെ കല്ലേറുണ്ടായി. ഡ്രൈവർക്ക് പരിക്കേറ്റില്ലെങ്കിലും വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു.
പ്രതിഷേധ ചൂടറിഞ്ഞ് നേതാക്കള്‍:ബി.ജെ.പി എം.എൽ.എ അരുണ ദേവിക്ക് പരിക്കേറ്റതിന് തൊട്ടുപിന്നാലെയാണ് വെള്ളിയാഴ്‌ച മറ്റ് നേതാക്കള്‍ പ്രതിഷേധ ചൂടറിഞ്ഞത്. നവാഡയിൽ ബി.ജെ.പി പാർട്ടി ഓഫിസ്, ജനക്കൂട്ടം തീയിട്ടു. സംസ്ഥാനത്തെ മറ്റൊരു ഉപമുഖ്യമന്ത്രിയായ തർകിഷോർ പ്രസാദിന്‍റെ വീടിന് ചുറ്റും സുരക്ഷ ശക്തമാക്കി. ബി.ജെ.പി നേതാവ് കൂടിയായ അദ്ദേഹത്തിന്, രേണു ദേവിയ്‌ക്കുണ്ടായ അവസ്ഥ വരാതിരിക്കാന്‍ മുന്‍കുട്ടിയുള്ള നീക്കമാണ് പൊലീസ് നടത്തിയത്.
മുൻ എം.പി രാജേഷ് രഞ്ജൻ എന്ന പപ്പു യാദവ് നൂറുകണക്കിന് അനുയായികൾക്കൊപ്പം ഡാക് ബംഗ്ലാവ് ക്രോസിൽ പ്രകടനം നടത്തി. ഇത് വന്‍ ഗതാഗതക്കുരുക്കിന് കാരണമായി. ''അഗ്നിപഥ് പദ്ധതിയിൽ ചെറുപ്പക്കാർ രോഷം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്. ജീവൻ പണയപ്പെടുത്തി ജോലി ചെയ്‌താലും പെൻഷൻ ആനുകൂല്യങ്ങളില്ലാതെ പുറത്താക്കപ്പെടും. ഒരു ദിവസം ഭരണത്തിലിരുന്നാല്‍ എം.പിയോ എം.എൽ.എയോ ആജീവനാന്ത പെൻഷന്‍ നേടുമ്പോഴാണ് ഇങ്ങനെയാരു തീരുമാനം''- പപ്പു യാദവ് മാധ്യമങ്ങളോട് പറഞ്ഞു.
കാർഗിൽ ചൗക്കിൽ വിദ്യാർത്ഥികളുടേ നേതൃത്വത്തില്‍ പ്രകടനം നടന്നു. പട്‌ന സർവകലാശാലയ്ക്ക് മുന്നിൽ യുവാക്കളുടെ ശക്തമായ പ്രക്ഷോഭമാണ് ഉണ്ടായത്. ''പെൻഷൻ ബില്ലുകൾ ഈ രീതിയിൽ കുറയ്ക്കുന്നത് ന്യായമാണെന്ന് സർക്കാർ കരുതുന്നുവെങ്കിൽ, എം.പിമാരുടെയും എം.എൽ.എമാരുടെയും പെൻഷൻ നിർത്തലാക്കണം. അല്ലെങ്കില്‍ അവരുടെ കാലാവധി രണ്ട് വർഷമായി കുറയ്‌ക്കണം''. വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.