പട്‌ന: ബിഹാര്‍ അഡീഷണല്‍ ജില്ല മജിസ്‌ട്രേറ്റ് അധ്യാപക ഉദ്യോഗാര്‍ഥിയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറല്‍. സി.ടി.ഇ.ടി ( Central Teacher Eligibility Test ), ബി.ടി.ഇ.ടി ( Bihar Teacher Eligibility Test ) എന്നീ യോഗ്യത നേടിയവര്‍ തൊഴില്‍ ആവശ്യപ്പെട്ട് പട്‌ന ഡാക് ബംഗ്ലാവ് ചൗരാഹയിലെ തെരുവില്‍ തിങ്കളാഴ്‌ച (ഓഗസ്റ്റ് 22) നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവം. ജില്ല എ.ഡി.എം (Additional District Magistrate) യുവാവിനെ മര്‍ദിക്കുന്നതിനൊപ്പം ത്രിവർണ പതാകയെ അനാദരിക്കുന്നതും വൈറല്‍ ദൃശ്യത്തില്‍ വ്യക്തമാണ്.
അധ്യാപക ഉദ്യോഗാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച് മജിസ്‌ട്രേറ്റ്, ദേശീയ പതാകയെ അനാദരിച്ചതിനും വിമര്‍ശനം - Bihar ADM thrashes teacher aspirant during protest
അധ്യാപക ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധത്തിനിടെയാണ് ബിഹാര്‍ അഡീഷണല്‍ ജില്ല മജിസ്‌ട്രേറ്റ് യുവാവിനെ മര്‍ദിച്ചത്. ഓഗസ്റ്റ് 22 ന് പട്‌ന ഡാക് ബംഗ്ലാവ് ചൗരാഹയിലാണ് പ്രതിഷേധമുണ്ടായത്
വേദന കൊണ്ട് പുളഞ്ഞ് ഉദ്യോഗാര്‍ഥി:എ.ഡി.എം ലോ ആന്‍ഡ് ഓർഡർ കെ.കെ സിങ് പ്രതിഷേധക്കാരനെ ബാറ്റൺ ഉപയോഗിച്ച് കൈയിലും മുഖത്തും തുടരെ അടിക്കുകയായിരുന്നു. ത്രിവർണ പതാക കൈയില്‍ പിടിച്ച് നിലത്ത് കിടക്കുന്നതിനിടെയാണ് മജിസ്‌ട്രേറ്റിന്‍റെ മര്‍ദനം. അടിയേറ്റ അധ്യാപകന്‍റെ തലയില്‍ നിന്നും രക്തം വരുന്നതും ഇയാള്‍ വേദന കൊണ്ട് പുളയുന്നതും വീഡിയോയില്‍ കാണാം. എ.ഡി.എം മര്‍ദനം തുടര്‍ന്നതോടെ ഒരു പൊലീസുകാരന്‍ ത്രിവർണ പതാക പ്രതിഷേധക്കാരനില്‍ നിന്നും പിടിച്ചുവാങ്ങുകയുണ്ടായി.
ഗുരുതരമായി പരിക്കേറ്റ അധ്യാപക ഉദ്യോഗാര്‍ഥിയെ ആശുപത്രിയിലേക്ക് മാറ്റി. ക്രൂര മര്‍ദനത്തിനെതിരായി മാധ്യമപ്രവർത്തകർ മജിസ്‌ട്രേറ്റിനോട് ചോദ്യമുയര്‍ത്തിയപ്പോള്‍ വാക്കേറ്റമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിഷേധക്കാരൻ മുഖ്യമന്ത്രി നിതീഷ് കുമാറിനെ അധിക്ഷേപിച്ചെന്നും ഇതാണ് തന്‍റെ പ്രകോപനത്തിന് കാരണമെന്നും ഉദ്യോഗസ്ഥന്‍ ആരോപിച്ചു. ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ മര്‍ദനത്തിന്‍റെ ദൃശ്യം വൈറലാവുകയും എ.ഡി.എമ്മിനെതിരെ രൂക്ഷവിമര്‍ശനം ഉയരുകയുമുണ്ടായി.