ന്യൂഡൽഹി:രാമ ക്ഷേത്ര ട്രസ്റ്റ് അയോധ്യയിൽ ഭൂമി വാങ്ങിയതിൽ അഴിമതി ആരോപിച്ച് കോൺഗ്രസ്. സംഭവത്തിൽ സുപ്രീംകോടതിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഭക്തരിൽ നിന്നും സ്വരൂപിച്ച പണം ഉപയോഗിച്ച് വലിയ അഴിമതിയാണ് ട്രസ്റ്റ് നടത്തിയതെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് പ്രധാനമന്ത്രിയുടെ പിന്തുണ ഉണ്ടോ എന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.
ഉത്തർപ്രദേശിലെ അയോധ്യയിൽ നിന്ന് 18.5 കോടി രൂപയുടെ അമിത വിലയ്ക്കാണ് 12,080 ചതുരശ്ര മീറ്റർ സ്ഥലം ശ്രീ രാം ജന്മഭൂമി തീർത് ക്ഷേത്ര ട്രസ്റ്റ് വാങ്ങിയതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയും ചീഫ് വക്താവുമായ രൺദീപ് സുർജേവാല പത്രസമ്മേളനത്തിൽ ആരോപിച്ചു. മാർച്ച് 18 നായിരുന്നു ക്ഷേത്ര ട്രസ്റ്റ് 18.5 കോടി രൂപയ്ക്ക് സ്ഥലം വാങ്ങിയത്. അതേ ദിവസം ഏതാനും മിനിറ്റുകൾക്ക് മുമ്പാണ് കുസും ഫതക് എന്ന വ്യക്തി രണ്ട് കോടി രൂപയ്ക്ക് രവി തിവാരിക്കും സുൽത്താൻ അൻസാരിക്കും സ്ഥലം വിറ്റതെന്നും അദ്ദേഹം അവകാശപ്പെട്ടു. പിന്നീട് ഇവരിൽ നിന്നുമാണ് ട്രസ്റ്റ് 18.5 കോടി രൂപയ്ക്ക് സ്ഥലം വാങ്ങിയത്.