ന്യൂഡല്‍ഹി:ജ്വല്ലറി ഉടമകള്‍ക്ക് ആശ്വാസമായി ബോംബെ ഹൈക്കോടതി വിധി. നിര്‍ബന്ധിത ഹോള്‍മാര്‍ക്കിങ്ങ് കോടതി സ്റ്റേ ചെയ്തു. ഹോള്‍മാര്‍ക്കിങ്ങ് ചെയ്യാത്ത സ്വര്‍ണം സൂക്ഷിക്കുന്ന ജ്വല്ലറികള്‍ക്കെതിരെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് നിയമ നടപടി സ്വീകരിക്കുന്നതിനെതിരെയാണ് നാഗ്പൂർ ബഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജൂണ്‍ ഒന്ന് മുതല്‍ രാജ്യത്ത് ഹോള്‍മാര്‍ക്കിങ്ങ് നിര്‍ബന്ധമായും നടപ്പാക്കണമെന്ന് ബിഐഎസ് നിര്‍ദേശമുണ്ടായിരുന്നു. ചെയ്യാത്തവര്‍ പിഴയും നിയമനടപടിയും നേരിടേണ്ടിവരുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
ഇത് സ്റ്റേ ചെയ്ത കോടതി വിഷയത്തില്‍ കൂടുതല്‍ വാദം കേള്‍ക്കാനായി ഹര്‍ജി ജൂണ്‍ 14ലേക്ക് മാറ്റി. ഹോൾമാർക്കിങ്ങ് നിർബന്ധമാക്കുന്നതിനുള്ള അവസാന തിയതി ജൂണ്‍ ഒന്നില്‍ നിന്ന് നീട്ടണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ജെംസ് ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിലാണ് ഹൈക്കോടതിയെ സമീപിച്ചത്. രാജ്യത്തെ 5 ലക്ഷം ജ്വല്ലറികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണ് നടപടിയെന്ന് ഇവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജ്വല്ലറികളുടെ ഉന്നമനവും സംരക്ഷണവും പുരോഗതിയും ഉറപ്പാക്കുന്നതിനുള്ള സംഘടനയാണ് ജിജെസി.