മുംബൈ: തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിന് ബ്ലൂ ടിക്ക് വെരിഫിക്കേഷന്‍ തിരികെ ലഭിച്ചതില്‍ ട്വിറ്റർ മേധാവി ഇലോൺ മസ്‌കിന് നന്ദി പറഞ്ഞ് ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചൻ. മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററില്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷൻ സർവീസ് ചെയ്യാത്ത അക്കൗണ്ടുകളിൽ നിന്നും ബ്ലൂ ടിക്കുകൾ നീക്കം ചെയ്‌തിരുന്നു. ഇതിന്‍റെ ഭാഗമായി അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി ഉള്‍പ്പെടെയുള്ള നിരവധി സെലിബ്രിറ്റികൾക്ക് അവരുടെ ബ്ലൂ ടിക്കുകൾ നഷ്‌ടപ്പെട്ടിരുന്നു.
ഇപ്പോഴിതാ ബച്ചന് തന്‍റെ ട്വിറ്ററിലെ ബ്ലൂ ടിക്ക് വെരിഫിക്കേഷൻ തിരികെ ലഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇലോണ്‍ മസ്‌കിന് താരം നന്ദി രേഖപ്പെടുത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെ രസകരമായ ഒരു നന്ദിപ്രകടനമാണ് താരം പങ്കുവച്ചിരിക്കുന്നത്. പാട്ടു പാടിക്കൊണ്ടാണ് ഇലോണ്‍ മസ്‌കിന് താരം നന്ദി അറിയിച്ചിരിക്കുന്നത്.
1994ൽ പുറത്തിറങ്ങിയ 'മൊഹ്‌റ' എന്ന സിനിമയിലെ 'തൂ ചീസ് ബഡീ ഹേ മസ്‌ത് മസ്‌ത്' എന്ന ഗാനത്തിന്‍റെ വരികള്‍ കുറിച്ച് കൊണ്ടുള്ളതായിരുന്നു ബച്ചന്‍റെ ട്വീറ്റ്. ബ്ലൂ ടിക്കിനെ നീല താമര എന്നാണ് ബച്ചന്‍ ട്വീറ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
'ഹേയ്, സഹോദരാ മസ്ക്ക്! ഒരുപാട് നന്ദിയുണ്ട്. എന്‍റെ പേരിന് മുന്നിലുള്ള നീല താമര (ബ്ലൂ ടിക്ക്) തിരികെ വന്നിരിക്കുന്നു. ഇപ്പോൾ ഞാൻ നിങ്ങളോട് എന്താണ് പറയുക സഹോദരാ, എനിക്കിപ്പോള്‍ ഒരു പാട്ടു പാടൻ തോന്നുന്നു. നിങ്ങൾക്ക് കേൾക്കാൻ തോന്നുന്നുണ്ടോ? ഇതാ കേട്ടേളൂ, 'തൂ ചീസ് ബഡീ ഹേ മസ്ക്ക് മസ്ക്ക്... തൂ ചീസ് ബഡീ ഹേ മസ്ക്ക് മസ്ക്ക്' -അമിതാഭ് ബച്ചന്‍ കുറിച്ചു.
തന്‍റെ ബ്ലൂ ടിക്ക് തിരികെ നൽകണമെന്നാവശ്യപ്പെട്ട് ബച്ചൻ നേരത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ എത്തിയിരുന്നു. ബ്ലൂ ടിക്ക് സബ്‌സ്‌ക്രിപ്‌ഷന് പണം നൽകിയതിനാൽ തന്‍റെ ബ്ലൂ ടിക് തിരികെ നൽകണമെന്ന് താരം ആവശ്യപ്പെട്ടിരുന്നു. തന്‍റെ ബ്ലൂ ടിക് തിരികെ സ്വീകരിക്കാൻ കൂപ്പു കൈകളോടെ യാചിക്കുന്നുവെന്നും അതുമല്ലെങ്കില്‍ നിങ്ങളുടെ കാല്‍ക്കല്‍ വീഴണോ എന്നുമായിരുന്നു ബച്ചന്‍ ചോദിച്ചത്.
'ഹേ ട്വിറ്റര്‍.. കേള്‍ക്കുന്നുണ്ടോ? സബ്‌സ്‌ക്രിപ്‌ഷന് വേണ്ടിയുള്ള പണം ഞാന്‍ അടച്ചിട്ടുണ്ട്. അതുകൊണ്ട്, എന്‍റെ പേരിന് മുമ്പിലുള്ള ബ്ലൂ ടിക് തിരികെ നല്‍കുമോ? അങ്ങനെയെങ്കില്‍ ഞാന്‍ അമിതാഭ് ബച്ചനെന്ന് ആളുകള്‍ക്ക് അറിയാന്‍ സാധിക്കും. കൈകൂപ്പി ഞാന്‍ അപേക്ഷിക്കുന്നു. ഇനി ഞാന്‍ നിങ്ങളുടെ കാല്‍ക്കല്‍ വീഴണോ?' -ഇപ്രകാരമായിരുന്നു ബ്ലൂ ടിക്ക് നഷ്‌ടമായ സാഹചര്യത്തില്‍ അമിതാഭ് ബച്ചന്‍ ട്വീറ്റ് ചെയ്‌തത്.
ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം ബ്ലൂ ടിക് സബ്‌സ്‌ക്രിപ്‌ഷനില്‍ മാറ്റം വരുത്തിയിരുന്നു. ബ്ലൂ ടിക് അടക്കമുള്ള പ്രീമിയം സേവനങ്ങള്‍ക്ക് പ്രതിമാസം എട്ട് ഡോളര്‍ വരെ ഈടാക്കാന്‍ ഇലോണ്‍ മസ്‌ക് തീരുമാനിച്ചിരുന്നു. പണം അടച്ചില്ലെങ്കില്‍ ഏപ്രിൽ 20 മുതൽ എല്ലാ അക്കൗണ്ടുകൾക്കും ബ്ലൂ ടിക് നഷ്‌ടമാകുമെന്ന് ട്വിറ്റര്‍ ഉടമ ഇലോൺ മസ്‌ക് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
ഇതിന്‍റെ ഭാഗമായി നിരവധി പ്രമുഖര്‍ക്ക് കഴിഞ്ഞ ദിവസം മുതല്‍ ബ്ലൂ ടിക് നഷ്‌ടമായിരുന്നു. ബിൽ ഗേറ്റ്‌സ്, സെലീന ഗോമസ്, ഷാരൂഖ് ഖാൻ, സല്‍മാന്‍ ഖാന്‍, ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, പ്രകാശ് രാജ്, വീർ ദാസ്, നർഗീസ് ഫക്രി,രവി കിഷൻ, ക്രിക്കറ്റ് താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ തുടങ്ങിയവര്‍ക്കും ബ്ലൂ ടിക് നഷ്‌ടമായിട്ടുണ്ട്. ബ്ലൂ ടിക് നിലനിർത്തണമെങ്കിൽ ആളുകൾ കമ്പനിയുടെ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷൻ വാങ്ങണമെന്നാണ് ഇലോണ്‍ മസ്‌കിന്‍റെ നിര്‍ദേശം.
Also Read:'കൈ കൂപ്പി ഞാന്‍ യാചിക്കുന്നു, എന്‍റെ ബ്ലൂ ടിക് തിരികെ നല്‍കൂ'; അമിതാഭ് ബച്ചന്‍റെ ട്വീറ്റ് വൈറല്‍