ജബൽപൂർ: അടുത്ത മാസം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്ഥാനാർഥി നിർണയത്തെച്ചൊല്ലി മധ്യപ്രദേശ് ബിജെപിയിൽ (Madhya Pradesh BJP) കലഹം. രോഷാകുലരായ അണികൾ കേന്ദ്രമന്ത്രിയെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതിലേക്കുവരെ കാര്യങ്ങളെത്തി. കഴിഞ്ഞ ദിവസം ബിജെപിയുടെ അഞ്ചാം സ്ഥാനാർഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിനെതിരെയാണ് കയ്യേറ്റ ശ്രമം നടന്നത് (Assault Attempt on Union Minister Bhupendra Yadav Over Madhya Pradesh Election Ticket Distribution). കേന്ദ്രമന്ത്രിയുടെ അംഗരക്ഷകരുമായി പാർട്ടി പ്രവർത്തകർ കൊമ്പുകോർക്കുകയും ഒരു ഉദ്യോഗസ്ഥനെ വളഞ്ഞിട്ടാക്രമിക്കുകയും ചെയ്‌തു. ഇതോടെ ഉദ്യോഗസ്ഥർ തങ്ങളുടെ തോക്ക് പുറത്തെടുത്തതായാണ് റിപ്പോർട്ട് (Bhupendra Yadav Attacked By BJP).
പാർട്ടിയുടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഭൂപേന്ദ്ര യാദവ് ജബൽപൂരിലെ പാർട്ടി ഓഫിസിലെത്തിയപ്പോഴാണ് അണികളുടെ രോഷം അണപൊട്ടി ഒഴുകിയത്. ഇവിടെയുള്ള മണ്ഡലത്തിൽ യുവമോർച്ചയുടെ സംസ്ഥാന അധ്യക്ഷൻ അഭിലാഷ് പാണ്ഡെയ്ക്ക് സ്ഥാനാർഥിത്വം നൽകിയതിൽ പ്രതിഷേധിച്ചാണ് പാർട്ടി പ്രവർത്തകർ സുരക്ഷ വലയത്തിലുള്ള കേന്ദ്രമന്ത്രിയെ കയ്യേറ്റം ചെയ്യാൻ മുതിർന്നത്. നഗരത്തിലെ നോർത്ത് സെൻട്രൽ അസംബ്ലി മണ്ഡലത്തിൽ സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ട അഭിലാഷ് പാണ്ഡെ മണ്ഡലത്തിന് പുറത്തുള്ളയാളെന്ന് ആരോപിച്ചാണ് പ്രവർത്തകർ മന്ത്രിയെ വളഞ്ഞത്.
Also Read: BJP Candidate List |നിയമസഭ തെരഞ്ഞെടുപ്പ് തിയതി വന്നു, സ്ഥാനാർഥി ലിസ്റ്റ് പ്രഖ്യാപിച്ച് ബിജെപി അങ്കം കുറിച്ചു
പാർട്ടി ഓഫിസിലേക്ക് പാഞ്ഞുകയറിയ പ്രവർത്തകർ സംസ്ഥാന അധ്യക്ഷൻ വി ഡി ശർമയ്‌ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും പാണ്ഡെക്ക് ടിക്കറ്റ് നൽകിയതിൽ പാർട്ടിയുടെ ഉന്നതർക്കെതിരെ പ്രതിഷേധിക്കുകയും ചെയ്‌തു. മുൻ മന്ത്രി ശരദ് ജെയിൻ, മുൻ പ്രതിപക്ഷ നേതാവ് കമലേഷ് അഗർവാൾ എന്നിവരും, മുൻ യുവമോർച്ച അധ്യക്ഷൻ ധീരജ് പടേരിയയുടെ അനുയായികളുമാണ് അനിഷ്‌ട സംഭവങ്ങൾക്ക് പിന്നിൽ എന്നാണ് വിവരം.
ഇന്നലെ (ഒക്‌ടോബര്‍ 21) ആണ് ബിജെപി മധ്യപ്രദേശിലെ അഞ്ചാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്. 92 സ്ഥാനാർഥികളാണ് പട്ടികയിലുള്ളത്. ഇതോടെ ഇതുവരെ സംസ്ഥാനത്ത് പ്രഖ്യാപിക്കപ്പെട്ട ബിജെപി സ്ഥാനാർഥികളുടെ എണ്ണം 228 ആയി.
നിലവിലെ മന്ത്രിമാരായ ഉഷാ താക്കൂർ, ഇന്ദർ സിങ് പാർമർ, മഹേന്ദ്രസിങ് സിസോദിയ, രാം ഖിലവൻ പട്ടേൽ, മുൻ മന്ത്രിമാരായ മായ സിങ്, നാരായണൻ സിങ് കുശ്‍വഹ, ജയന്ത് മല്ലയ്യ, അർച്ചന ചിത്നിസ്, മഹേന്ദ്ര ഹർദിയ, അന്താർ സിങ് ആര്യ, സൂര്യ പ്രകാശ് മീണ എന്നിവർ ഇന്നലെ പ്രഖ്യാപിച്ച പട്ടികയിലുണ്ട്. 92 അംഗ സ്ഥാനാർഥി പട്ടികയിൽ 12 പേർ വനിതകളാണ്. ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പ്രകാരം മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ തൻ്റെ സ്ഥിരം സീറ്റായ ബുധ്‌നിയിൽ തന്നെ മത്സരിക്കും. ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ദാതിയ സീറ്റിലും മത്സരിക്കും. നവംബർ 17 നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ 3 നും നടക്കും.
Also Read: Five State Elections വീണ്ടുമൊരു പഞ്ചസഭ യുദ്ധം, വിധി നിർണയിക്കുന്നത് യുവത്വം... രാജ്യം ആര് ഭരിക്കണമെന്നതിന്‍റെ ചൂണ്ടുപലക