ഗാന്ധിനഗർ : ഗുജറാത്ത് മുഖ്യമന്ത്രിയായി ബിജെപി നേതാവ് ഭൂപേന്ദ്ര പട്ടേൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഗാന്ധിനഗറിലെ ഹെലിപാഡ് ഗ്രൗണ്ടിൽ ഉച്ചയ്ക്ക് 2 നാണ് സത്യപ്രതിജ്ഞ ചടങ്ങ്. ഗവർണർ ആചാര്യ ദേവവ്രത് പട്ടേലിന് സത്യവാചകം ചൊല്ലിക്കൊടുക്കും. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയാകുന്നത്. ഭൂപേന്ദ്ര പട്ടേലിനൊപ്പം മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേല്‍ക്കും.
ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർ പങ്കെടുക്കും. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ 156 സീറ്റുകളാണ് ബിജെപി നേടിയത്. 1960-ൽ സംസ്ഥാനം രൂപീകരിച്ചതിനുശേഷമുള്ള റെക്കോര്‍ഡ് വിജയമാണ് ഇത്. തുടര്‍ച്ചയായ ഏഴാം തവണയാണ് ഗുജറാത്തില്‍ ബിജെപി അധികാരത്തിലെത്തുന്നത്.
ഭൂപേന്ദ്ര പട്ടേല്‍ എന്ന നേതാവ് : 2021 സെപ്റ്റംബർ 13-ന് ഗുജറാത്തിന്‍റെ 17-ാമത് മുഖ്യമന്ത്രിയായി പട്ടേൽ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. മേംനഗർ നഗരസഭാംഗമായി രാഷ്‌ട്രീയ യാത്ര ആരംഭിച്ച അദ്ദേഹം 2017 ലെ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ഘട്‌ലോഡിയയിൽ നിന്ന് എംഎൽഎയായി. 2022ലെ തെരഞ്ഞെടുപ്പിൽ ഘട്‌ലോഡിയ മണ്ഡലത്തിൽ നിന്ന് 1,91,000 വോട്ടിന്‍റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് പട്ടേൽ വീണ്ടും വിജയിച്ചത്.
തുടക്കം മേംനഗറില്‍ : മേംനഗർ മുനിസിപ്പാലിറ്റിയുടെ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാനായി 1995ലാണ് അദ്ദേഹം പദവികളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഒരു പതിറ്റാണ്ടിലേറെ മുനിസിപ്പാലിറ്റിയിൽ സേവനമനുഷ്‌ഠിച്ചു. 1999-2000, 2004-2006 എന്നീ കാലഘട്ടങ്ങളില്‍ നഗരസഭ അധ്യക്ഷനായി. 2008 മുതല്‍ 2010 വരെ അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷൻ സ്‌കൂൾ ബോർഡിന്‍റെ വൈസ് ചെയർമാനായിരുന്നു അദ്ദേഹം.