അഹമ്മദാബാദ് :ഗുജറാത്തിന്‍റെ പുതിയ മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ തെരഞ്ഞെടുത്തു. ശനിയാഴ്‌ച വിജയ് രൂപാണിയുടെ രാജിപ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ്. ഗുജറാത്തിലെ ഘട്ട്‌ലോദിയ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് പട്ടേൽ.
സെപ്‌റ്റംബർ 13ന് സത്യപ്രതിജ്ഞ നടക്കുമെന്നാണ് വിവരം. 2022ലെ തെരഞ്ഞെടുപ്പിൽ പട്ടേൽ പാർട്ടിയെ നയിക്കുമെന്നും നേതൃത്വം അറിയിച്ചു. ബിജെപി ആസ്ഥാനമായ കമലത്തിൽ ഞായറാഴ്‌ച മൂന്ന് മണിയോടെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ബിജെപിയുടെ എല്ലാ നിയമസഭാംഗങ്ങളും ഏകകണ്‌ഠമായി പട്ടേലിനെ തുണയ്ക്കുകയായിരുന്നുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. പട്ടേല്‍ ഗവർണറുമായി കൂടിക്കാഴ്‌ച നടത്തി പുതിയ സർക്കാർ രൂപീകരണം സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര തോമർ, പ്രഹ്ലാദ് ജോഷി എന്നിവരെയാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനായി പാർട്ടി നിയോഗിച്ചിരുന്നത്. അടുത്ത മുഖ്യമന്ത്രി പാട്ടിദാർ വിഭാഗക്കാരന്‍ ആയിരിക്കണമെന്ന ആവശ്യം സമുദായ നേതാക്കളിൽ നിന്നും ഉയർന്നിരുന്നു.
ALSO READ:രാജിവച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ; അപ്രതീക്ഷിത നീക്കം
ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, കൃഷിമന്ത്രി ആർ.സി പട്ടേൽ, ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ, കേന്ദ്രമന്ത്രിമാരായ പുരുഷോത്തം രുപാല, മൻസുഖ് മാണ്ഡവ്യ എന്നിവരുടെ പേരകുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നിരുന്നത്.
കൊവിഡ് പശ്ചാത്തലത്തിൽ ബിജെപി ഭരണ സംസ്ഥാനത്തുനിന്ന് രാജി വയ്‌ക്കുന്ന നാലാമത്തെ മുഖ്യമന്ത്രിയാണ് വിജയ് രൂപാണി. ആനന്ദിബെൻ പട്ടേലിനെ മാറ്റി 2017ലാണ് രൂപാണി മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. നിയമസഭ തെരഞ്ഞെടുപ്പിന് ഒരു വർഷം ബാക്കിനിൽക്കെയാണ് അദ്ദേഹം രാജിവച്ചത്.