കേരളം

kerala

ETV Bharat / bharat

'അന്ധയായ ഇന്ത്യയിലെ ആദ്യത്തെ പാചക യൂട്യൂബർ'; ഉൾക്കാഴ്‌ചയിൽ രുചി വൈവിധ്യം തീർത്ത് ഭൂമിക

കുക്കിങ് യൂട്യൂബ് ചാനൽ ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാഴ്‌ചാവെല്ലുവിളി നേരിടുന്ന സ്ത്രീയാണ് ഭൂമിക. എണ്‍പതിനായിരത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സാണ് ഭൂമികയുടെ 'ഭൂമിക കിച്ചണ്‍' എന്ന യൂട്യൂബ് ചാനലിനുള്ളത്

blind woman started cooking YouTube channel  ഭൂമിക കിച്ചണ്‍  ഭൂമിക പാചകം  ഭൂമിക പാചക വീഡിയോ  കാഴ്‌ചയില്ലാതെ പാചകം ചെയ്യുന്ന യുവതി  blind woman who started a YouTube channel  Bhumika Kitchen  Bhumika Kitchen YouTube Channel  Bhumika cooking YouTube channel
ഉൾക്കാഴ്‌ചയിൽ രുചി വൈവിധ്യം തീർത്ത് ഭൂമിക

By

Published : Jun 16, 2023, 6:26 PM IST

Updated : Jun 16, 2023, 8:01 PM IST

ഉൾക്കാഴ്‌ചയിൽ രുചി വൈവിധ്യം തീർത്ത് ഭൂമിക

ദൊഡ്ഡബല്ലാപ്പൂർ (ബെംഗളൂരു റൂറൽ) : ഒരിക്കലും അവസാനിക്കാത്ത ലോകത്തിന്‍റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് ഒരുനാൾ കാഴ്‌ച നഷ്‌ടപ്പെടുക. ജീവിതത്തിന്‍റെ സകല പ്രതീക്ഷകളും നഷ്‌ടപ്പെടുന്ന അനുഭവമായിരിക്കും അത്. എന്നാൽ ഇത്തരം ഒരവസ്ഥയിലും തളരാതെ കരുത്തോടെ മുന്നേറുന്ന ഒരു പോരാളിയുണ്ട്. ബെംഗളൂരു റൂറൽ ജില്ലയിലെ ദൊഡ്ഡബല്ലാപ്പൂർ നഗരത്തിലെ താമസക്കാരിയായ ഭൂമിക. പ്രതിസന്ധിയെ നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ട് മുന്നേറുകയാണ് ഈ വനിത.

കാഴ്‌ച പൂർണമായും നഷ്‌ടപ്പെട്ടുവെങ്കിലും പാചക കലയിലൂടെ ജീവിതത്തെ ഉയർത്തുകയാണ് ഭൂമിക. കാഴ്‌ചയില്ലെങ്കിൽ പോലും വളരെ പെട്ടന്ന് തന്നെ കുറച്ച് മാത്രം ചേരുവകൾ ഉപയോഗിച്ച് രുചികരമായ ഭക്ഷണം പാചകം ചെയ്യാനുള്ള കഴിവാണ് ഭൂമികയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്‌തയാക്കുന്നത്. തന്‍റെ പാചകകലയെ ജനങ്ങൾക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ യൂട്യൂബിൽ 'ഭൂമിക കിച്ചണ്‍' (Bhumika Kitchen) എന്ന ഒരു കുക്കിങ് ചാനലും ഇവർ ആരംഭിച്ചു.

അടുക്കളയിലെ ഭൂമികയുടെ മിടുക്ക് ഏവരേയും ഞെട്ടിക്കുന്നതാണ്. പച്ചക്കറികൾ വൃത്തിയാക്കുക, അവ കൃത്യമായി മുറിക്കുക, സുഗന്ധവ്യഞ്ജനങ്ങൾ തിരിച്ചറിയുക, അവ പാകത്തിന് ഉപയോഗിക്കുക, ഭക്ഷണത്തിന്‍റെ മണം, രുചി എന്നിവ തിരിച്ചറിയുക തുടങ്ങി എല്ലാ കാര്യങ്ങളും ഭൂമിക ഒറ്റയ്‌ക്ക് തന്നെയാണ് ചെയ്യുന്നത്.

ഒപ്‌റ്റിക്കൽ ന്യൂറിറ്റിസ് എന്ന വില്ലൻ : വിവാഹം കഴിഞ്ഞ് 10 വർഷങ്ങൾക്ക് ശേഷമാണ് ഭൂമികയുടെ കാഴ്‌ച നഷ്‌ടപ്പെടുന്നത്. അഞ്ച് ലക്ഷത്തിൽ ഒരാൾക്ക് മാത്രം വരുന്ന ഒപ്‌റ്റിക്കൽ ന്യൂറിറ്റിസ് എന്ന അപൂർവ നേത്ര രോഗമാണ് അന്ധതയ്‌ക്ക് കാരണമായത്. 2010ൽ തലവേദനയ്‌ക്ക് ചികിത്സ തേടി പോയപ്പോഴാണ് കണ്ണിന്‍റെ രോഗാവസ്ഥ ശ്രദ്ധയിൽപ്പെടുന്നത്. അന്ന് തന്നെ ക്രമേണ കാഴ്‌ച പൂർണമായും നഷ്‌ടപ്പെടുമെന്ന് ഡോക്‌ടർ മുന്നറിയിപ്പ് നൽകി. 2018ൽ ഭൂമികയുടെ കാഴ്‌ച ശക്‌തി പൂർണമായും നഷ്‌ടപ്പെട്ടു.

കാഴ്‌ച നഷ്‌ടപ്പെട്ടത് ഭൂമികയെ ഏറെ വിഷമിപ്പിച്ചു. എന്നാൽ കുടുംബം മുഴുവൻ അവരോടൊപ്പം നിന്നു. എന്തെങ്കിലും ജോലിയിൽ മുഴുകിയാൽ മാത്രമേ വേദനകൾ മറന്ന് സന്തോഷകരമായ ജീവിതം നയിക്കാൻ കഴിയുകയുള്ളൂ എന്ന് ഭൂമികയ്‌ക്ക് ബോധ്യമായി. തുടർന്ന് ഭർത്താവ് സുദർശനന്‍റെയും കുടുംബാംഗങ്ങളുടേയും സഹായത്തോടെ പതിയെ വീട്ടിലെ ജോലികൾ ചെയ്‌ത് തുടങ്ങി. പിന്നാലെ വരുമാനം ലഭിക്കുന്ന എന്തെങ്കിലും ജോലികൾ ചെയ്യണമെന്ന ആഗ്രഹം ഇവർക്കുണ്ടായി.

യൂട്യൂബ് ചാനലിലേക്ക് : ഇതിനിടെ ഒരു ബന്ധു യൂട്യൂബിൽ പാചക വീഡിയോകൾ ചെയ്യുന്ന കാര്യം ഭൂമിക അറിഞ്ഞു. അങ്ങനെ ബന്ധുവിന്‍റെ നിർദേശപ്രകാരം 2018ൽ ഭൂമിക തന്‍റെ യൂട്യൂബ് ചാനലായ 'ഭൂമിക കിച്ചണ്‍' ആരംഭിക്കുകയായിരുന്നു. എന്നാൽ ആദ്യ സമയങ്ങളിൽ കാഴ്‌ചയില്ലാതെ പാചകം ചെയ്യുക എന്നത് വലിയ വെല്ലുവിളി തന്നെയായിരുന്നു. മോശം പച്ചക്കറികൾ തിരിച്ചറിയുക, പാകത്തിനുള്ള ചേരുവകൾ ചേർക്കുക എന്നിവയൊക്കെ വലിയ വെല്ലുവിളി സൃഷ്‌ടിച്ചിരുന്നു.

എന്നാൽ 'ബ്ലൈൻഡ് ഫ്രണ്ട് ലീ കുക്കിങ്' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേർന്നതോടെ ഭൂമിക ഈ വെല്ലുവിളികള്‍ എല്ലാം മറികടന്നു. ചാനൽ തുടങ്ങി രണ്ട് മാസങ്ങൾ കൊണ്ടുതന്നെ മികച്ച അഭിപ്രായങ്ങൾ ലഭിച്ച് തുടങ്ങി. ആയിരത്തിലധികം പാചക വീഡിയോകളാണ് ഭൂമിക തന്‍റെ യൂട്യൂബ് ചാനലിൽ ഇതിനകം പങ്കുവച്ചിട്ടുള്ളത്. എണ്‍പതിനായിരത്തോളം സബ്‌സ്‌ക്രൈബേഴ്‌സും ഭൂമികയുടെ യൂട്യൂബ് ചാനലിനുണ്ട്. മികച്ച വരുമാനവും ചാനലിലൂടെ ഭൂമിക സ്വന്തമാക്കുന്നുണ്ട്.

വളരെ എളുപ്പത്തിലും കുറച്ച് ചേരുവകൾ ഉപയോഗിച്ചും പാചകം ചെയ്യുന്നതാണ് ഭൂമികയുടെ ശൈലി. ഭർത്താവ് സുദർശൻ തന്നെയാണ് ഭൂമികയുടെ പ്രധാന ശക്‌തി. പാചക വീഡിയോകൾ ഷൂട്ട് ചെയ്യുന്നതും എഡിറ്റ് ചെയ്യുന്നതും സുദർശനാണ്. കൂടാതെ സുദർശന്‍റെ മാതാപിതാക്കളുടെ പിന്തുണയും ഭൂമികയ്‌ക്കുണ്ട്. പാചക യൂട്യൂബ് ചാനൽ ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാഴ്‌ചാവെല്ലുവിളി നേരിടുന്ന സ്ത്രീയും ഭൂമികയാണ്.

Last Updated : Jun 16, 2023, 8:01 PM IST

ABOUT THE AUTHOR

...view details