ഭോപ്പാലിൽ മണ്ണിനടിയിൽപെട്ട് നാല് കുട്ടികൾ മരിച്ചു - ഭോപ്പാൽ
ഏഴിനും ഒമ്പതിനുമിടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചതെന്നും മരിച്ച കുട്ടികളുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചതായും ജില്ലാ കലക്‌ടർ പറഞ്ഞു.
ഭോപ്പാൽ:മധ്യപ്രദേശിലെ ഭോപ്പാലിൽ മണ്ണിനടിയിൽപെട്ട് നാല് കുട്ടികൾ മരിക്കുകയും രണ്ട് കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്‌തു. കനാലിന്‍റെ സമീപത്ത് കുഴി കുഴിക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ് കുട്ടികളുണ്ടായിരുന്ന കുഴി അടഞ്ഞാണ് അപകടമുണ്ടായത്. വിവരമറിഞ്ഞതിനെതുടർന്ന് നാട്ടുകാർ രക്ഷാപ്രവർത്തനത്തിനായി എത്തിയെങ്കിലും നാല് കുട്ടികൾ മരിക്കുകയായിരുന്നു. പരിക്കേറ്റ രണ്ട് കുട്ടികളെയും ഭോപ്പാലിലെ ഹമീദിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ഇവരുടെ നില തൃപ്‌തികരമാണെന്നും ജില്ലാ കലക്‌ടർ അവിനാഷ് ലവാനിയ പറഞ്ഞു. മരിച്ച നാല് കുട്ടികളുടെയും കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്.