ഉദയ്‌പൂർ(രാജസ്ഥാൻ) :ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെയും രാഷ്ട്രീയ ലോക്‌ദൾ നേതാവ് ജയന്ത് ചൗധരിയെയും ഉദയ്‌പൂര്‍ വിമാനത്താവളത്തിൽ സുരക്ഷ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഞായറാഴ്‌ചയായിരുന്നു സംഭവം. ഇതില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ കടന്നാക്രമിച്ച ചന്ദ്രശേഖർ ആസാദ്, തന്നെ തടയാൻ വിന്യസിച്ചിരുന്ന പൊലീസുകാരെ ഫ്യൂഡലിസം അവസാനിപ്പിക്കാൻ ഉപയോഗിച്ചിരുന്നെങ്കിൽ ജിതേന്ദ്ര മേഘ്‌വാളിനെപ്പോലെ മീശ വച്ചതിന്റെ പേരിൽ ആരും കൊല്ലപ്പെടുമായിരുന്നില്ലെന്ന് ട്വിറ്ററിൽ കുറിച്ചു.
ജിതേന്ദ്ര മേഘ്‌വാൾ വധക്കേസിൽ നീതിയാവശ്യപ്പെട്ട് പാലിയിലേക്ക് പോകുന്നതിനിടെയാണ് സുരക്ഷാകാരണങ്ങള്‍ പറഞ്ഞ് ഇരു നേതാക്കളെയും തടഞ്ഞത്. സംഭവത്തെ തുടർന്ന് ഇരുവരുടെയും അനുയായികൾ വിമാനത്താവളത്തിലെത്തി മുദ്രാവാക്യം വിളിച്ചു. പ്രതിഷേധവുമായി എത്തിയ അനുയായികളെ ശാന്തരാക്കിയ പൊലീസ് നേതാക്കളുമായുള്ള കൂടിക്കാഴ്‌ചക്ക് അഞ്ച് അംഗ പ്രതിനിധി സംഘത്തിന് അനുമതി നൽകി.