ന്യൂഡല്‍ഹി: ട്രാക്‌ടര്‍ റാലിക്കിടെ നടന്ന ആക്രമണങ്ങള്‍ കര്‍ഷക സംഘടനകളെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍. സംഘടനാ നേതാവ് രാകേഷ് തികായത്താണ് ഇത് സംബന്ധിച്ച് ആരോപണമുയര്‍ത്തിയത്. രാജ്യത്തെ മറ്റ് സ്ഥലങ്ങളില്‍ നിന്നും പഞ്ചാബിനെ മാറ്റിനിര്‍ത്താൻ കൂടിയുള്ള ഗൂഢാലോചനയുടേതും കൂടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിംഗു അതിര്‍ത്തിയില്‍ കര്‍ഷകരെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രദേശത്ത് വൈദ്യുതി വിതരണം നിര്‍ത്തിവെച്ചാല്‍ ഗാസിപൂര്‍ അതിര്‍ത്തിയിലെ പ്രാദേശിക പൊലീസ് സ്റ്റേഷനുകളിലേക്ക് കര്‍ഷകര്‍ നീങ്ങുമെന്നും രാകേഷ് തികായത് പറഞ്ഞു.
കര്‍ഷക സംഘടനകളെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ - Rakesh Tikait
രാജ്യത്തെ മറ്റ് സ്ഥലങ്ങളില്‍ നിന്നും പഞ്ചാബിനെ മാറ്റിനിര്‍ത്താൻ കൂടിയുള്ള ഗൂഢാലോചനയുടേത് ഭാഗമാണ് ട്രാക്‌ടര്‍ റാലിക്കിടെ നടന്ന ആക്രമണങ്ങളെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തികായത് വ്യക്തമാക്കി.
പഞ്ചാബി നടന്‍ ദീപു സിദ്ദുവിനെ ചൂണ്ടിക്കാട്ടിയും രാകേഷ് തികായത് അഭിപ്രായ പ്രകടനം നടത്തി. ചെങ്കോട്ടയില്‍ പോയി കൊടി ഉയര്‍ത്തിയിട്ടും എന്തുകൊണ്ട് വെടിവെപ്പ് നടത്തിയില്ലെന്നും, പൊലീസ് എവിടെയായിരുന്നുവെന്നും, അയാള്‍ അവിടെ എങ്ങനെയാണ് പ്രവേശിച്ചതെന്നും രാകേഷ് തികായത് പറഞ്ഞു. പൊലീസ് അയാളെ പോകാന്‍ അനുവദിക്കുകയും അറസ്റ്റ് ചെയ്യാതിരിക്കുകയും ചെയ്‌തെന്നും കര്‍ഷക സംഘടന നേതാവ് പറഞ്ഞു. ഇതുവരെയായിട്ടും അയാള്‍ക്കെതിരെ നടപടിയെടുത്തില്ലെന്നും ബികെയു നേതാവ് ആരോപിച്ചു.
ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തതില്‍ ദീപു സിദ്ദുവും ഉള്‍പ്പെട്ടിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തിലെ ട്രാക്‌ടര്‍ റാലിയ്ക്കായി പൊലീസുമായി ഉണ്ടാക്കിയ ധാരണ ലംഘിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് തികായത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഇതുവരെ 19 പേരാണ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. 25 ക്രിമിനല്‍ കേസുകളാണ് ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. 394 പൊലീസുകാര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റതായി കമ്മിഷണര്‍ എസ്എന്‍ ശ്രീവാസ്‌തവ വ്യക്തമാക്കി.