മൂന്ന് തലസ്ഥാനങ്ങൾ: ആന്ധ്രയില്‍ ജഗൻ മോഹൻ റെഡ്ഡി സര്‍ക്കാരിന് തിരിച്ചടി - സെലക്ട് കമ്മറ്റി
ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടുന്നതോടെ ആന്ധ്രാപ്രദേശിന്‍റെ തലസ്ഥാനം അമരാവതിയിൽ നിന്ന് വിശാഖപട്ടണത്തേക്ക് മാറ്റാനുള്ള തീരുമാനം നടപ്പിലാക്കുന്നത് വൈകിപ്പിക്കാനാകും.
അമരാവതി: ആന്ധ്രപ്രദേശിന് മൂന്ന് തലസ്ഥാനമെന്ന നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കുന്ന ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ലെഗിസ്ളേറ്റീവ് കൗണ്‍സില്‍ തീരുമാനം വൈ എസ് ജഗൻ മോഹൻ റെഡ്ഡി സര്‍ക്കാരിന് കനത്ത തിരിച്ചടിയായി. അഞ്ച് മണിക്കൂർ നീണ്ട സംവാദങ്ങള്‍ക്ക് ശേഷമാണ് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാൻ തീരുമാനമായത്. ഭരണകക്ഷിക്ക് ഒമ്പത് അംഗങ്ങൾ മാത്രമുള്ള ലെഗിസ്ളേറ്റീവ് കൗണ്‍സിലില്‍, പ്രധാന കക്ഷിയായ തെലുങ്ക് ദേശം പാർട്ടി ആവശ്യപ്പെട്ട പ്രകാരം ബില്ലുകൾ സെലക്ട് കമ്മിറ്റിക്ക് സമർപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ബില്ലുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ റൂൾ 154 പ്രകാരമുള്ള വിവേചനാധികാരം താൻ ഉപയോഗിക്കുകയാണെന്നും വ്യക്തമായ ഭൂരിപക്ഷമുള്ള പ്രതിപക്ഷ തെലുങ്കുദേശം പാർട്ടിയുടെ ആവശ്യത്തിന് അനുസൃതമായി ബില്ലുകൾ സെലക്ട് കമ്മിറ്റിയിലേക്ക് റഫർ ചെയ്യുന്നുവെന്നും ചെയർമാൻ എം.എ ഷരീഫ് പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് സഭയില്‍ ഭരണകക്ഷിയംഗങ്ങള്‍ ബഹളമുണ്ടാക്കുകയും ചെയർമാന്‍റെ വേദിയിൽ അതിക്രമിച്ചു കയറുകയും ചെയ്തുവെന്നും ഷരീഫ് പറഞ്ഞു. ബഹളത്തെ തുടര്‍ന്ന് സഭ പിരിഞ്ഞു.