അമരാവതി:മുപ്പത്തെട്ട് മണിക്കൂറുകള്‍ കൊണ്ട് 600 കിലോമീറ്റര്‍ ദൂരം താണ്ടി സൈക്ലിംഗില്‍ താരമായിരിക്കുകയാണ് ഗുണ്ടൂര്‍ സ്വദേശിയായ പവന്‍ കുമാര്‍. ഇതോടെ സൈക്ലിംഗിലെ സൂപ്പര്‍ റാന്‍ഡോണ്യൂര്‍ നേട്ടത്തിന് ഉടമയായിരിക്കുകയാണ് പവന്‍ കുമാര്‍. ഒരു സീസണില്‍ 100, 200, 300, 400, 600 കിലോ മീറ്റര്‍ സൈക്ലിംഗ് റൈഡിംഗ് പൂര്‍ത്തിയാക്കുന്നവരാണ് സൂപ്പര്‍ റാന്‍ഡോണ്യൂര്‍ നേട്ടത്തിന് അര്‍ഹനാവുന്നത്.
38 മണിക്കൂറില്‍ 600 കിലോമീറ്റര്‍; സൈക്ലിംഗില്‍ പവന്‍ കുമാര്‍ സൂപ്പറാണ്
സീസണില്‍ 100, 200, 300, 400, 600 കിലോ മീറ്റര്‍ റൈഡിംഗ് പൂര്‍ത്തിയാക്കിയാണ് ആന്ധ്രാ സ്വദേശിയാണ് പവന്‍ കുമാര്‍ സൂപ്പര്‍ റാന്‍ഡോണ്യൂര്‍ നേട്ടത്തിന് ഉടമയായത്.
തെലങ്കാനയിലെ ചൗട്ടപ്പാലില്‍ നിന്നും ഫെബ്രുവരി 5ന് രാവിലെ ആറ് മണിക്ക് തുടങ്ങിയ പവന്‍ കുമാറിന്‍റെ യാത്ര ഫെബ്രുവരി 8ന് ഗുണ്ടൂരിലാണ് അവസാനിച്ചത്. അമരാവതി റാന്‍ഡോണ്യൂര്‍ അസോസിയേഷനാണ് ട്രിപ് സംഘടിപ്പിച്ചത്. 600 കിലോ മീറ്റര്‍ താണ്ടാന്‍ 40 മണിക്കൂറാണ് സംഘാടകര്‍ നല്‍കിയത്. എന്നാല്‍ 38 മണിക്കൂറിനുള്ളില്‍ പവന്‍ കുമാര്‍ തന്‍റെ ഉദ്യമം വിജയകരമായി പൂര്‍ത്തിയാക്കുകയായിരുന്നു.
പവനെ കൂടാതെ ഒമ്പത് പേരും സൈക്ലിംഗില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ രണ്ട് പേര്‍ക്ക് മാത്രമാണ് സമയ പരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. ആരോഗ്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തോടെയാണ് യാത്ര ആരംഭിച്ചതെന്ന് പവന്‍ കുമാര്‍ പറഞ്ഞു. ഗുണ്ടൂരിലെ തഡേപ്പള്ളി സ്വദേശിയാണ് പവന്‍ കുമാര്‍.