യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് അയോധ്യ സന്ദർശിക്കും - ശിലാസ്ഥാപനം
ക്ഷേത്ര നിർമാണത്തിനുള്ള ശിലാസ്ഥാപന ഒരുക്കങ്ങൾ അവലോകനം ചെയ്യും
ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് അയോധ്യ സന്ദർശിക്കും. ക്ഷേത്രം നിര്‍മിക്കാനുള്ള ശിലാസ്ഥാപന (ഭൂമി പൂജൻ) ത്തിന്‍റെ ഒരുക്കങ്ങൾ അവലോകനം ചെയ്യാനാണ് മുഖ്യമന്ത്രിയുടെ സന്ദർശനം. ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രത്തിന് തറക്കല്ലിടുമെന്നാണ് ക്ഷേത്ര ട്രസ്റ്റ് അധ്യക്ഷൻ മഹന്ദ് നൃത്യ ഗോപാൽ ദാസ് അറിയിച്ചിരിക്കുന്നത്. ശിലാസ്ഥാപനത്തിന് ശേഷം രാമക്ഷേത്ര നിർമാണം ആരംഭിക്കും. മുഖ്യമന്ത്രിമാർ, കേന്ദ്ര മന്ത്രിസഭയിലെ മന്ത്രിമാർ, ആർഎസ്‌എസ് മേധാവി മോഹൻ ഭഗവത് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചന. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ രൂപീകരിച്ച രാം ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് കഴിഞ്ഞ ആഴ്‌ച രണ്ടാമത്തെ യോഗം ചേർന്നു. ക്ഷേത്ര നിർമാണം പൂർത്തിയാകുന്നതുവരെ രാം ലല്ലാ വിഗ്രഹം താൽകാലികമായി മാറ്റിസ്ഥാപിച്ചു. ക്ഷേത്ര നിർമാണത്തിനായി അയോധ്യയിലെ സ്ഥലം കൈമാറണമെന്ന് സുപ്രീം കോടതി കഴിഞ്ഞ വർഷം നവംബർ ഒമ്പതിന് കേന്ദ്രസർക്കാരിനോട് നിർദേശിച്ചിരുന്നു. ക്ഷേത്ര നിർമാണത്തിന് മേൽനോട്ടം വഹിക്കാൻ 15 അംഗ രാം ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന് കേന്ദ്രസർക്കാർ നിർദേശം നൽകി.